|    Jul 22 Sun, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍സിസിയിലെ എച്ച്‌ഐവി ബാധ : കുട്ടിയുടെ പിതാവ് ഹൈക്കോടതിയിലേക്ക്

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ ചികില്‍സയ്ക്കിടെ എച്ച്‌ഐവി ബാധിച്ച കുട്ടിയുടെ അച്ഛന്‍ നീതി തേടി ഹൈക്കോടതിയിലേക്ക്. കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുക, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വേറെയാര്‍ക്കെങ്കിലും രോഗബാധയുണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  കുട്ടിയുടെ തുടര്‍ചികില്‍സ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം, ഭാവി കാര്യങ്ങള്‍ എന്നിവയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താതെ മുന്നോട്ടുപോകാനാവില്ല. കുട്ടിക്ക് 49 തവണ രക്തഘടകങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി തവണ രക്ത ഘടകങ്ങള്‍ സ്വീകരിച്ചവരുണ്ടാവും. ഇവരുടെ കാര്യത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിക്കാന്‍ സ്വീകരിച്ച നടപടിയിലും വ്യക്തത ആവശ്യമുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എല്ലാം ന്യായീകരിക്കാനാണ് ആര്‍സിസിയുടേയും സര്‍ക്കാരിന്റേയും ശ്രമം. ഇത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെയെങ്കിലും രക്തദാനവും സ്വീകരിക്കലും പരിശോധിക്കപ്പെടണം. ഇതിനായി ഒരു വിദഗ്ധ സമിതിവേണം എന്നിങ്ങനെയുള്ള ആവര്യങ്ങള്‍ ഉന്നയിച്ചാണ് കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. അതേസമയം, കുട്ടിക്ക് നല്‍കിയ രക്തത്തിന്റെ മറ്റ് ഘടകങ്ങള്‍ സ്വീകരിച്ചവരുടെ രക്ത പരിശോധന നടത്താനും ആര്‍സിസി നടപടി തുടങ്ങി. സംഭവത്തില്‍ ആര്‍സിസിയും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ജോയിന്റ് ഡിഎംഇയും അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആര്‍സിസിക്ക് പിഴവ് പറ്റിയിട്ടില്ലെന്നും വിന്‍ഡോ പീരിഡില്‍ നല്‍കുന്ന രക്തത്തിലെ രോഗബാധ തിരിച്ചറിയുന്നതിന് സംവിധാനമില്ലാത്തതാണ് തിരിച്ചടിയായതെന്നുമായിരുന്നു റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss