|    Oct 20 Sat, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍സിസിയിലെ എച്ച്‌ഐവി ബാധ : വിദഗ്ധസമിതി റിപോര്‍ട്ട് ഇന്ന്

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ അന്വേഷണറിപോര്‍ട്ട് ഉടന്‍കൈമാറും. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡിഎംഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നോ നാളെയോ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നാണ് സൂചന. സംഭവത്തില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ആര്‍സിസി ആഭ്യന്തരവിഭാഗം എന്നിവര്‍ സമര്‍പ്പിച്ച റിപോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ് സമിതി റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞദിവസം സമര്‍പ്പിച്ച എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപോര്‍ട്ടിനു സമാനമായ കണ്ടെത്തലാണ് ആര്‍സിസി ആഭ്യന്തര അന്വേഷണ സംഘവും നടത്തിയത്. പിഴവ് സംഭവിച്ചിട്ടില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ് ആര്‍സിസി അധികൃതര്‍ സംഭവത്തില്‍ നിന്ന് കൈയൊഴിയുകയാണ്. ആര്‍സിസി അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ രാംദാസിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണസംഘം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആധുനിക രക്തപരിശോധനാ സംവിധാനം ആവശ്യമാണെന്നുള്ള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിര്‍ദേശം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സാധാരണ പരിശോധനയില്‍ അണുബാധ തിരിച്ചറിയാന്‍ കഴിയാത്ത വിന്‍ഡോ പിരിഡിലുള്ള രക്തം നല്‍കിയതാവാം രോഗബാധയ്ക്ക് കാരണമായതെന്ന് പറഞ്ഞ് സംഭവത്തില്‍ നിന്ന് രക്ഷനേടുകയാണ് ആര്‍സിസി. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ പരിശോധനകളും നടത്തി രോഗബാധയില്ലെന്നും ഉറപ്പിച്ചശേഷമാണ് രക്തം നല്‍കിയതെന്ന് തുടക്കം മുതലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. രക്തദാദാവിന് രോഗത്തിന്റെ തുടക്ക സമയമായതിനാലാണ് രോഗം കണ്ടെത്താന്‍ കഴിയാത്തത്. അതിനാല്‍ രക്തം നല്‍കിയ നഴ്‌സിനോ ഡോക്ടര്‍ക്കോ വീഴ്ച ഉണ്ടായെന്ന് പറയുവാന്‍ കഴിയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിന്‍ഡോ പിരീഡിലുള്ള രക്തമാണെങ്കില്‍ രോഗബാധ തിരിച്ചറിയാനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ല . ഇതാവാം രോഗബാധയ്ക്ക് കാരണമായത്. വിഷയത്തില്‍ ആര്‍സിസിക്ക് സാങ്കേതികമായോ മനപ്പൂര്‍വമായോ ഉള്ള പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.  കുട്ടിക്ക് രക്തം നലകിയ 49 പേരുടെ രക്ത സാംപിളുകള്‍ വീണ്ടും പരിശോധിക്കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സംഭവത്തില്‍ പോലിസ് അന്വേഷണവും പുരോഗമിക്കുകയാണ്്. മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയുടെ പരിശോധനാ രേഖകളും രക്തം നല്‍കിയവരുടെ ലിസ്റ്റും പോലിസ് പരിശോധിച്ചിരുന്നു. രക്താര്‍ബുദ ചികില്‍സയ്ക്കായാണ് കുട്ടിയെ കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയ്ക്കിടയില്‍ പല തവണ ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ച കുട്ടിക്ക് ആഗസ്ത് 25ന് നടന്ന രക്തപരിശോധനയിലാണ് എച്ച്‌ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss