|    Oct 20 Sat, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍സിസിയിലെ എച്ച്‌ഐവി ബാധ : പെണ്‍കുട്ടിയെ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പെണ്‍കുട്ടിയ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം. ആരോഗ്യവകുപ്പു നിയോഗിച്ച വിദഗ്ധ സംഘത്തിന്റേതാണ് നിര്‍ദേശം. എച്ച്്‌ഐവി ബാധയുടെ വിന്‍ഡോ പിരീഡിലുള്ള ആളിന്റെ രക്തം സ്വീകരിച്ചതാവാം കുട്ടിക്ക് അണുബാധയേറ്റതെന്ന വിലയിരുത്തലിലാണ് കൂടുതല്‍ കൃത്യതയുള്ള പരിശോധനയ്ക്ക് നിര്‍ദേശം ലഭിച്ചത്. ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ള പരിശോധനകള്‍ക്കായി ചെന്നൈയിലെ റീജ്യനല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ജോയിന്റ് ഡിഎംഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദേശം നല്‍കിയിട്ടുള്ളത്. പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ കാലയളവ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പരിശോധനയില്‍ ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ഒരു ശുപാര്‍ശയായാണ് അന്വേഷണസംഘം മുന്നോട്ടുവച്ചിട്ടുള്ളത്. അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച ചേരുന്ന വിദഗ്ധ സംഘത്തിന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. പരിശോധന നടത്താന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ പെണ്‍കുട്ടിയേയും രക്ഷിതാക്കളെയും ഒരു ഡോക്ടറോടൊപ്പം ചെന്നൈയിലേക്ക്് അയക്കും. എച്ച്‌ഐവി അണുബാധയേറ്റയാളില്‍ അത് പ്രത്യക്ഷപ്പെടാന്‍ രണ്ടാഴ്ചമുതല്‍ മൂന്നുമാസം വരെ സമയമെടുക്കും. ഈ സമയത്തിനുള്ളില്‍ നല്‍കിയ രക്തത്തില്‍നിന്നാവാം കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ആര്‍സിസി അധികൃതര്‍. ഇത്തരത്തില്‍ മുമ്പും രണ്ട് കുട്ടികള്‍ക്ക് അണുബാധയേറ്റിട്ടുണ്ട്. ചെന്നൈയിലെ പരിശോധനയില്‍ ഇത് വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി രക്താര്‍ബുദം ബാധിച്ച് ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയത്. കീമോതെറാപ്പിക്കു ശേഷം രക്തം സ്വീകരിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ ഉണ്ടായതെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ആരോഗ്യവകുപ്പും സംഭവത്തില്‍ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss