|    Nov 20 Mon, 2017 10:52 pm
FLASH NEWS

ആര്‍ഭാട ബൈക്കുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു

Published : 13th September 2017 | Posted By: fsq

 

പത്തനംതിട്ട: നഗരത്തിലൂടെ അമിതവേഗത്തില്‍ പായുന്ന ആര്‍ഭാട ബൈക്കുകള്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. കാല്‍നടക്കാരും മറ്റ് ഇരുചക്രവാഹനയാത്രക്കാരുമാണ് അപകടഭീഷണിയിലായിരിക്കുന്നത്.നഗരത്തില്‍ റിങ്് റോഡില്‍ നഗരസഭ വൈദ്യുതി ശ്മശാനത്തിനു സമീപം കഴിഞ്ഞ രാത്രി അമിതവേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. കുലശേഖരപതി ആസിഫ് സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണത് റോഡരികിലെ തോട്ടിലെ മുള്‍പ്പടര്‍പ്പിലേക്കാണ്. അപകടം കണ്ട് ഓടിയെത്തിയവരാണ് ആസിഫിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴഞ്ചേരിയിലെ ആശുപത്രിയിലേക്കും മാറ്റിയത്. തലയ്ക്കു പരിക്കേറ്റ ആസിഫിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. റിങ് റോഡിലൂടെ മല്‍സരിച്ചെത്തിയ രണ്ട് ബൈക്കുകളിലൊരെണ്ണം നിയന്ത്രണംവിട്ട് ആസിഫ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നു തെറിച്ച ആസിഫ് റോഡരികിലെ ക്രാഷ് ബാരിയറിനു മുകളിലൂടെ സമീപത്തെ തോട്ടിലേക്കു വീഴുകയുമായിരുന്നു. പത്തനംതിട്ട നഗരത്തില്‍ ആര്‍ഭാട ബൈക്കുകളില്‍ സൈലന്‍സര്‍ ഊരിമാറ്റി യുവാക്കളുടെ മിന്നല്‍പ്രകടനം ഏറുന്നതായി പരാതിയുണ്ട്. ഇത്തരക്കാര്‍ കാല്‍നടക്കാര്‍ക്കും ഇതര ഇരുചക്രവാഹനയാത്രക്കാര്‍ക്കുമാണ് ഭീഷണിയാകുന്നത്. നഗരത്തിനു പുറത്തേക്കും ഇവരുടെ ശല്യം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം ആനന്ദപ്പള്ളിയില്‍ കാല്‍നടക്കാരനായ യുവാവിനെ ഇടിച്ചുതെറിപ്പിച്ചതും പത്തനംതിട്ട സ്വദേശികളുടെ ബൈക്കായിരുന്നു. ആനന്ദപ്പള്ളി ചരുവില്‍ സാം വില്ലയില്‍ ക്രിസ്റ്റി സാമുവേലിനെ (37) യാണ് ബൈക്കിടിച്ചു വീഴ്ത്തിയത്. അപകടത്തില്‍ ക്രിസ്റ്റി മരിച്ചിരുന്നു. പോലിസിന്റെ കണ്‍മുന്നിലാണ് പലപ്പോഴും നിയമം തെറ്റിച്ചുള്ള ബൈക്ക് പ്രകടനങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് അപകടങ്ങള്‍ നിത്യസംഭവമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക