|    Oct 21 Sun, 2018 10:57 pm
FLASH NEWS

ആര്‍ബിഐ നടപടികള്‍ ശക്തമാക്കി : സ്വര്‍ണപ്പണയ വായ്പയില്‍ വന്‍ ഇടിവ്

Published : 22nd September 2017 | Posted By: fsq

 

തലശ്ശേരി: പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ആര്‍ബിഐ കര്‍ശനമാക്കിയതോടെ ജില്ലാ സഹകരണ ബാങ്കുകളിലും പ്രാഥമിക സര്‍വീസ് ബാങ്കുകളിലും സ്വര്‍ണപ്പണ്ട പണയ വായ്പകളില്‍ ഗണ്യമായ ഇടിവ്. മുന്‍ കാലങ്ങളില്‍ സര്‍ണപ്പണ്ടങ്ങള്‍ പ്രാദേശിക സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും പണയപ്പെടുത്തി ആവശ്യത്തിനുള്ള തുക ഉപഭോക്താക്കള്‍ക്ക് വാങ്ങാമായിരുന്നു. എന്നാല്‍ 50,000 രൂപയ്ക്കു മുകളില്‍ പണ്ടങ്ങള്‍ പണയം വയ്ക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ചെറുകിട-മധ്യവര്‍ഗ കുടുംബങ്ങള്‍ സഹകരണ ബാങ്കുകളില്‍നിന്നു വായ്പയെടുക്കുന്നത് ഏതാണ്ടു നിലച്ച മട്ടാണ്. തലശ്ശേരി പോലുള്ള ജില്ലാ ബാങ്കുകളുടെ പ്രധാന ശാഖകളില്‍ സ്വര്‍ണപ്പണയ വായ്പക്കായി എത്തിയവര്‍ നാലോ അതില്‍ താഴെയോ ആണ്. സാധാരണ നിലയില്‍ ദിനേന 20ലേറെ പേര്‍ എത്തിയിരുന്ന സ്ഥാനത്താണിത്. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമിക സഹകരണ സംഘങ്ങളിലും വായ്പക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്ന ഡെപ്പോസിറ്റുകള്‍ ചെറിയ പലിശയ്ക്ക് ജില്ലാ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ജില്ലയിലുടനീളമുള്ള 65 ഓളം ശാഖകളില്‍ 55 എണ്ണത്തിലും സ്വര്‍ണപ്പണ്ട വായ്പകള്‍ നല്‍കുന്നതിനാല്‍ ഈ ശാഖകളിലെല്ലാം അപ്രൈസര്‍മാരെയും നിയമിച്ചുണ്ട്. പുതിയ സാഹചര്യത്തില്‍ അപ്രൈസര്‍മാര്‍ക്ക് ലഭിക്കുന്ന വരുമാനത്തിലും കുറവ് സംഭവിച്ചു. ദേശസാല്‍കൃത ബാങ്കുകളിലും ജില്ലാ സഹകരണ-പ്രാഥമിക സഹകരണ ബാങ്കുകളും കാര്‍ഷിക വായ്പകള്‍ മൂന്നുലക്ഷം രൂപ വരെ നല്‍കുന്നത് ഉദാരമാക്കിയതും സ്വര്‍ണപ്പണയ വായ്പകള്‍ വാങ്ങുന്നത് കുറയാന്‍ പ്രധാന കാരണമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss