|    Oct 20 Fri, 2017 1:54 am
Home   >  Editpage  >  Editorial  >  

ആര്‍പി ഗ്രൂപ്പിനോട് എന്താണിത്ര താല്‍പര്യം?

Published : 24th June 2017 | Posted By: fsq

 

കോവളം കൊട്ടാരം വക സ്ഥലത്തിന്റെ ഉടമാവകാശം ആര്‍പി ഗ്രൂപ്പിനു വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റവന്യൂ വകുപ്പ്. എന്നാല്‍, ഈ സ്ഥലം വിട്ടുകൊടുക്കണമെന്നാണ് സിപിഎം മന്ത്രിമാര്‍ പറയുന്നത്. മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കത്തിനു താല്‍ക്കാലിക വിരാമമിട്ടിട്ടുണ്ടെങ്കിലും സിപിഎം അന്തിമമായി ആര്‍പി ഗ്രൂപ്പിനു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുമെന്നു തന്നെയാണ് കരുതേണ്ടത്. കോവളം കൊട്ടാരവും 63 ഏക്കര്‍ സ്ഥലവും ആര്‍പി ഗ്രൂപ്പിനു വിട്ടുകൊടുക്കണമെന്ന ഒരു കോടതി ഉത്തരവിന്‍മേല്‍ പിടിച്ചുതൂങ്ങിയാണ് സിപിഎം ഇങ്ങനെ വാദിക്കുന്നത്. എന്നാല്‍, കൊട്ടാരവും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തതിന് ആധാരമായ നിയമം ഭരണഘടനാവിരുദ്ധമാണെന്നു മാത്രമേ കോടതിവിധിയിലുള്ളൂ എന്നു സിപിഐയും റവന്യൂ വകുപ്പും വാദിക്കുന്നു. ഉടമാവകാശത്തിലേക്കു കോടതി കടന്നിട്ടേയില്ല. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കൈവശക്കാര്‍ക്ക് കൊട്ടാരം വിട്ടുകൊടുത്തുകൂടാ. നിയമപരമായി സര്‍ക്കാരിനു കൊട്ടാരത്തിന്റെയും സ്ഥലത്തിന്റെയും മേലുള്ള അവകാശം സ്ഥാപിച്ചെടുക്കണമെന്നാണ് സിപിഐ ഉറപ്പിച്ചു പറയുന്നത്. കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മൂന്നാറിലെ കൈയേറ്റ ഭൂമിയുടെ കാര്യത്തിലും സിപിഐയും സിപിഎമ്മും രണ്ടു തട്ടിലാണ്. കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ഭൂമി തിരിച്ചെടുക്കാന്‍ സിപിഐയുടെ കീഴിലുള്ള റവന്യൂ വകുപ്പ് കിണഞ്ഞു ശ്രമിക്കുമ്പോള്‍, വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുന്ന ദേവികുളം സബ് കലക്ടറുടെ കസേര തെറിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ചില പ്രാദേശിക സിപിഐ നേതാക്കളും അതിനു കൂട്ടുനില്‍ക്കുന്നു. ഒരു കാര്യം പ്രകടമാണ്: സര്‍ക്കാര്‍ സ്വത്തുകൈയേറ്റവുമായി ബന്ധപ്പെട്ട് സിപിഎം കൈക്കൊള്ളുന്ന നിലപാടുകള്‍ മിക്കപ്പോഴും ജനവിരുദ്ധവും നിയമവിരുദ്ധവുമാണ്. സിപിഐക്ക് എത്രത്തോളം ഇക്കാര്യത്തില്‍ സിപിഎമ്മിനെതിരേ മുന്നോട്ടുപോകാന്‍ കഴിയും എന്നതാണ് പ്രശ്‌നം. കോവളം കൊട്ടാരത്തിന്റെ വിഷയത്തില്‍ എന്തുകൊണ്ട് ഒരു നിയമയുദ്ധത്തിനു സര്‍ക്കാരിനു ശ്രമിച്ചുകൂടാ? ടി പി സെന്‍കുമാറിന്റെ കാര്യത്തിലും മറ്റും കോടതികള്‍ കയറിയിറങ്ങി ലക്ഷങ്ങള്‍ ചെലവാക്കിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തിനാണ് വന്‍ കുത്തകകള്‍ക്ക് അനുകൂലമായി തല്‍ക്ഷണ നടപടികള്‍ കൈക്കൊള്ളുന്നത്? ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ അതിന്റെ നയപരിപാടികള്‍ കുത്തകകള്‍ക്കും സ്വകാര്യ താല്‍പര്യങ്ങള്‍ക്കും അനുകൂലമായിട്ടാണ് നിലനിന്നത്. വികസനം കൊണ്ടുവരാന്‍ അത്തരക്കാര്‍ മതി എന്നതായിരുന്നു സമീപനം. അതിനു വേണ്ടി ഹാവഡ് സര്‍വകലാശാലയില്‍ നിന്ന് പേരുകേട്ട ഉപദേശകയെയും കൊണ്ടുവന്നു. പക്ഷേ, അതുകൊണ്ടൊന്നും നാട്ടുകാര്‍ക്ക് യാതൊരു മെച്ചവും ഇതുവരെ ഉണ്ടായിട്ടുമില്ല. ഭരിക്കുന്നവര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഒരുപക്ഷേ നേട്ടങ്ങള്‍ അനുഭവവേദ്യമായി വരുന്നുണ്ടാവണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക