|    Oct 20 Fri, 2017 3:41 am

ആര്‍ദ്രം മിഷന്‍ : ആദ്യഘട്ടത്തില്‍ എട്ട് പിഎച്ച്‌സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും

Published : 3rd August 2017 | Posted By: fsq

 

പാലക്കാട്: സര്‍ക്കാര്‍ ആരോഗ്യ ചികില്‍സാ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മികവുറ്റ ചികില്‍സ ലഭ്യമാക്കാന്‍  നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല കോര്‍കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ആദ്യയോഗം എഡിഎം എസ് വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ മികവുറ്റ ലാബ് സൗകര്യം, കൂടുതല്‍ വേഗത്തിലും അനുയോജ്യവുമായ സമയത്തിലുമുള്ള ചികില്‍സ , ക്യൂ നില്‍ക്കാതെ ഓണ്‍ലൈനായുള്ള  ഒപി ടിക്കറ്റിന്റെ ലഭ്യത തുടങ്ങിയ രീതിയിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ശ്രീകൃഷ്ണപുരം പ്രാഥമികാരോഗ്യകേന്ദ്രം ആഗസ്ത്് 14ന് കുടുംബാരോഗ്യകേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  നടന്നു വരികയാണ്.  തുടര്‍ന്ന് ഓങ്ങല്ലൂര്‍,  കുമരന്‍പൂത്തൂര്‍,  മാത്തൂര്‍,  അടയക്കാപുത്തൂര്‍, ഒഴലപതി,  മങ്കര, കിഴക്കഞ്ചേരി തുടങ്ങിയ പിഎച്ച്‌സികളും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി സപ്തംബര്‍ 15നകം  കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും.  ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ജില്ലാ നിര്‍മിതി കേന്ദം തയ്യാറാക്കി ആരോഗ്യവകുപ്പിന് സമര്‍പ്പിക്കുകയും ശ്രീകൃഷ്ണപുരം പിഎച്ച്‌സി്ക്ക് ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. എന്‍എച്ച്എം ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുക. യോഗത്തില്‍ ഡിഎംഒ കെപി റീത്ത, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രചന, ആര്‍സിഎച്ച് ഓഫിസര്‍  ഡോ.ജയന്തി മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക