|    Dec 14 Thu, 2017 3:55 am
FLASH NEWS

ആര്‍ദ്രം പദ്ധതി : ജില്ലയിലെ 16 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവും

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 16 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഒരു മാസത്തിനകം  ഫാമിലി സെന്ററുകളാക്കും.   ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ലബോറട്ടറി, ഒബ്‌സര്‍വേഷന്‍ റൂം, പ്രത്യേക കാത്തിരിപ്പ് സൗകര്യങ്ങള്‍, കുടിവെള്ളം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ രോഗീ സൗഹൃദ കേന്ദ്രങ്ങളായി ഇവ മാറും.  രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറുമണിവരെ പ്രവര്‍ത്തിക്കുന്ന ഫാമിലി ഹെല്‍ത്ത് സെന്ററുകളില്‍ ഒരു ഡോക്ടറുടെ സേവനം പ്രവൃത്തി സമയം മുഴുവന്‍ ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി   കെ മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ദ്രം മിഷന്‍ കര്‍മസേനയുടെ അവലോകന യോഗം  വിലയിരുത്തി.  എല്ലാ ആശുപത്രികളിലേക്കും ആവശ്യമായ ജീവനക്കാരുടെ നിയമന നടപടികളും പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.  അടിസ്ഥാന സൗകര്യവികസനങ്ങളുടെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള എച്ച്എല്‍എല്‍ പ്രതിനിധികള്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികള്‍ പ്രദേശിക എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ മാസം 17 നകം യോഗം ചേരും.  ബാലരാമപുരം, അരുവിക്കര, കരകുളം, വാമനപുരം, ജഗതി, പള്ളിച്ചല്‍, കടകംപള്ളി, കീഴാറ്റിങ്ങല്‍, ചെമ്മരുതി, കിളിമാനൂര്‍, വട്ടിയൂര്‍ക്കാവ്, പൂഴനാട്, പരണീയം, ആമച്ചല്‍, കോട്ടുകാല്‍, തോന്നക്കല്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാവുക. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജോസ് ജി ഡിക്രൂസ്  വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക