|    Jan 17 Tue, 2017 8:21 am
FLASH NEWS

ആര്‍ത്തിനാളം തെളിയുമ്പോള്‍

Published : 28th December 2015 | Posted By: SMR

slug-vettum-thiruthumസ്‌കൂള്‍ കലോല്‍സവങ്ങള്‍ക്കു തിരിതെളിഞ്ഞു. 10ാം ക്ലാസ് പരീക്ഷയ്ക്കു മാസങ്ങള്‍ക്കു മുമ്പേ തുടങ്ങുന്ന നെഞ്ചിടിപ്പും വേവലാതിയും ആ കടമ്പ കടന്നവര്‍ക്ക് ഊഹിക്കാം. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ 10ാം ക്ലാസ് കടമ്പയെന്നത് ആരോ ഒക്കെ ബോധപൂര്‍വം സൃഷ്ടിച്ച ഒരു കല്‍പിത വേവലാതി എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല. പക്ഷേ, എത്ര തിരിഞ്ഞുനോക്കിയാലും വേവലാതികളും നെഞ്ചിടിപ്പും ശത്രുതയും കുശുമ്പും സ്‌കൂള്‍ കലോല്‍സവവേദിയോളം എത്തില്ല.
മല്‍സരാര്‍ഥിയായും കുട്ടികളെ പഠിപ്പിച്ചു തയ്യാറാക്കി വേദിയിലെത്തിക്കുന്ന സംവിധായകനായും 20 വര്‍ഷത്തിലേറെ വിധികര്‍ത്താവ് വേഷത്തിലും ഞാന്‍ അനുഭവിച്ച വേവലാതികള്‍, നെഞ്ചിടിപ്പുകള്‍, ശത്രുത, കുശുമ്പ്, കുന്നായ്മകള്‍ എന്തിനായിരുന്നുവെന്ന് ഇന്നോര്‍ക്കുമ്പോള്‍ ലജ്ജയും പാപബോധവും ഒക്കെ തോന്നുന്നു.
സ്‌കൂള്‍കലോല്‍സവം യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടേതല്ലാതായിട്ട് മുപ്പതിലേറെ വര്‍ഷമായി. പിടിഎ കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും വിധികര്‍ത്താക്കള്‍ എന്ന പേരിട്ട ‘മാഫിയാസംഘ’ങ്ങളും വ്യാജ വൗച്ചറുകള്‍ തയ്യാറാക്കി കാശ് തട്ടുന്ന നടത്തിപ്പുകാരും ഒക്കെകൂടി പ്രതിഭയും കലാവാസനയുമുള്ള കുട്ടികളെ ചൂഷണം ചെയ്ത് കാശും പ്രശസ്തിയും വേറെ പലതും സംഘടിപ്പിക്കാന്‍ ചിലര്‍ക്കൊരു മറ. നമ്മുടെ സ്‌കൂള്‍ കലാമല്‍സരങ്ങള്‍ ഇന്നെത്തിനില്‍ക്കുന്നത് വലിയൊരു നാണക്കേടിന്റെ ചളിക്കുണ്ടിലാണ്.
20 വര്‍ഷത്തിലേറെയായി വിധികര്‍ത്താവിന്റെ വേഷം കെട്ടുന്നു എന്നു പറഞ്ഞുവല്ലോ. വൗച്ചര്‍ എന്ന പേരില്‍ ബ്ലാങ്ക് രശീതികളിലാണ് ഒപ്പിട്ടിട്ടുള്ളത്. 4,000 എഴുതിയിട്ട് 3,000 തന്ന ചില സ്വാഗതസംഘങ്ങളെയും അനുഭവിച്ചിട്ടുണ്ട്.
പിടിഎ കമ്മിറ്റികള്‍, സ്റ്റാഫ് കൗണ്‍സിലുകള്‍, യൂനിയന്‍ നേതാക്കള്‍ തങ്ങളുടെ ജില്ലയ്ക്ക് ട്രോഫി നേടാന്‍ കാട്ടിക്കൂട്ടുന്ന ‘വേലത്തര’ങ്ങള്‍ ചില്ലറയൊന്നുമല്ല കണ്ടും കേട്ടും നിശ്ശബ്ദനാവേണ്ടിവന്നതെന്നോ. ‘ചെറിയൊരു അഡ്ജസ്റ്റ്‌മെന്റ്’ എന്ന് കാതുകളില്‍ മന്ത്രിച്ച് കുട്ടികള്‍ മേക്കപ്പ് അണിയുന്നിടം തൊട്ട് വിധികര്‍ത്താക്കള്‍ മാര്‍ക്ക് കൂട്ടിയിടുന്നിടത്തു വരെ ‘കള്ളവേഷ’ക്കാര്‍ നൂറുനൂറുതരത്തിലാണ്. പാലക്കാട് ജില്ലയിലൊരിടത്ത് സബ്ജില്ലാ കലോല്‍സവത്തില്‍ മോണോ ആക്ട് വിധിനിര്‍ണയം നടത്തവെ പ്രോഗ്രാം കമ്മിറ്റിയിലൊരാള്‍ കാതില്‍ മന്ത്രിച്ചു:
”ഒരു ഐറ്റത്തിനു കൂടി ഇരുന്നുതരണം. ആകെ രണ്ടു ടീമേ ഉള്ളൂ. എതിരു പറയരുത്.” ഐറ്റം ഏതാണെന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഉത്തരം: ”പഞ്ചവാദ്യം.” ഇരുന്നിടത്തു ഞാന്‍ ദഹിച്ചുപോയി. കൊമ്പും കുഴലും തിമിലയും ഇലത്താളവും അടക്കം അറിയണം. മേളത്തില്‍ നല്ല കാഴ്ചപ്പാടും താളബോധവും സംഗീതജ്ഞാനവും ഉള്ളവര്‍ക്കേ പഞ്ചവാദ്യം വിലയിരുത്താനാവൂ. ഞാന്‍ ഒഴിഞ്ഞുമാറി. നാടകത്തിനു വിധികര്‍ത്താവായി വന്ന എന്റെ ഒരു സുഹൃത്ത് ബലിയാടായി. തിമിലയേതാ, കൊമ്പേതാ എന്നൊക്കെ ചോദിച്ചറിഞ്ഞ് ആ ‘വിദ്വാന്‍’ മാര്‍ക്കിട്ടു. പാചകശാലയില്‍ ‘തിരിമറി’കള്‍ ഇല്ലെന്ന് തെറ്റിദ്ധരിക്കരുത്. കുട്ടികളും മറ്റു മല്‍സരാര്‍ഥികളും അടക്കം ആയിരക്കണക്കിനാളുകള്‍ ഭക്ഷണം കഴിക്കുന്ന പന്തലില്‍ കുടിവെള്ളത്തില്‍ വേവിക്കുന്ന ‘മരുന്ന്’ തൊട്ട് അടക്കാക്കിഴി ഇട്ട് വേവിക്കുന്ന ചോറുവരെ എന്നത് തികഞ്ഞ യാഥാര്‍ഥ്യം.
അടുപ്പെരിക്കാന്‍ പുളിമരത്തിന്റെ വിറക് തന്നെ വേണം, പച്ചക്കറികള്‍ തന്റെ മേല്‍നോട്ടത്തില്‍ ശേഖരിക്കണം, ഇല ഇന്ന ദിക്കില്‍നിന്നേ മുറിച്ച് ശേഖരിക്കാവൂ. അരകല്ലും ആട്ടുകല്ലും പാചകശാലയില്‍ നിര്‍ബന്ധം എന്ന് വാശിപിടിച്ച പാചകക്കാരന്‍ തിരുമേനിയെ ”ഇയാളേതു കോത്താഴത്തുകാരന്‍” എന്നാക്ഷേപിച്ച് ഭക്ഷണകമ്മിറ്റി ഗ്യാസടുപ്പും പ്ലാസ്റ്റിക് വാഴയിലയും വലിച്ചെറിയാവുന്ന കടലാസ് പാത്രങ്ങളും ശേഖരിച്ചത് വടക്കേ മലബാറിലാണ്. ആ പാചകക്കാരന്‍ തിരുമേനി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് എന്നിവയൊക്കെ പഠിപ്പിക്കുന്ന ചില ‘ആചാര്യന്മാര്‍’ ലക്ഷങ്ങള്‍ ഒരു കലോല്‍സവം കഴിഞ്ഞാല്‍ സംഘടിപ്പിക്കുന്നത് വാര്‍ത്തയല്ല. പക്ഷേ, മേല്‍പ്പറഞ്ഞ മാപ്പിള നാടോടി കലാരൂപങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ജ്ഞാനംപോലും ഇല്ലാത്തവര്‍ വിധികര്‍ത്താക്കളാവുന്നതും ഇന്നു വാര്‍ത്തയല്ല. വാര്‍ത്ത ഏതാണെന്നോ! ഈ കലാരൂപങ്ങള്‍ സംബന്ധിച്ച് യാതൊരു ജ്ഞാനവും ഇല്ലാത്ത സംഘം സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെ എ ഗ്രേഡും ലക്ഷങ്ങളുടെ പാരിതോഷികവും കരസ്ഥമാക്കുന്നു. പൂരക്കളിമല്‍സരം കഴിഞ്ഞ് തീവണ്ടിയില്‍ വരുകയായിരുന്ന തിരുവനന്തപുരത്തെ ഒരു സംഘം കുട്ടികളോട് ഞാന്‍ ചോദിച്ചു: ”പൂരക്കളിക്ക് നിലവിളക്ക് കളരിമധ്യേ എന്തിനാണ്?”
കുട്ടികള്‍ വായപൊളിച്ചു. വടക്കേ മലബാറിലെ ആ നാടോടി ക്ഷേത്രകലാരൂപം അവര്‍ക്കജ്ഞാതം. വിശദീകരിക്കാന്‍ നിന്നാല്‍ ഇവ്വിധം എത്രയോ കലോല്‍സവക്കഥകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക