|    Aug 19 Sat, 2017 9:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആര്‍ത്തവ സമയത്ത് അശുദ്ധി കല്‍പ്പിക്കുന്നത് ഇനി നേപ്പാളില്‍ ക്രിമിനല്‍ക്കുറ്റം

Published : 11th August 2017 | Posted By: fsq

 

കാഠ്മണ്ഡു: ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിനു പുറത്താക്കുന്ന ചടങ്ങ് ക്രിമിനല്‍ക്കുറ്റമായി പരിഗണിക്കുന്ന നിയമം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി നേപ്പാളിലെ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുന്ന അനാചാരത്തിനാണ് പാര്‍ലമെന്റ് കടിഞ്ഞാണിട്ടിരിക്കുന്നത്. ഇത്തരത്തില്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നവര്‍ പുതിയ നിമയപ്രകാരം  മൂന്നുമാസം ജയില്‍ശിക്ഷയോ 3000 രൂപ പിഴയോ അടയ്ക്കണം. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രിംകോടതി ഇത്തരം ആചാരങ്ങള്‍ നിരോധിച്ചിരുന്നെങ്കിലും നേപ്പാളിലെ പല വിഭാഗങ്ങളും ഇന്നും ഇത് പിന്തുടരുന്നുണ്ട്. നേപ്പാളിലെ പല വിഭാഗങ്ങളും ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍നിന്ന് അകലെയുള്ള ഒറ്റപ്പെട്ട ഷെഡ്ഡുകളില്‍ കൊണ്ടുപോയി താമസിപ്പിക്കാറാണ് പതിവ്. ഇത് ചൗപ്പദി എന്നാണ് അറിയപ്പെടുന്നത്.  മാറ്റിപ്പാര്‍പ്പിക്കുന്ന ഷെഡ്ഡുകളെ ചൗഹുഗോത്ത് എന്നും പറയുന്നു. കഴിഞ്ഞമാസം ചൗഹുഗോത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ച പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക നിയമം പാസാക്കിയത്. 2016ല്‍  ചൗഹുഗോത്തില്‍ വച്ച് രണ്ട് സ്ത്രീകളും മരിച്ചിരുന്നു. റിപോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളും നിരവധിയാണ്.  ഒരു സ്ത്രീയെ അവളുടെ ആര്‍ത്തവസമയത്തോ അതിനുമുമ്പുള്ള കാലഘട്ടത്തിലോ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിനോ തൊട്ടുകൂടായ്മക്കോ വിധേയമാക്കുകയോ അവള്‍ക്കെതിരേ മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യരുത് എന്നാണ് നിയമം അനുശാസിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക