|    Nov 15 Thu, 2018 6:25 pm
FLASH NEWS

ആര്‍ഡിഒ ഓഫിസിനെച്ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം രൂക്ഷം

Published : 30th March 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ആര്‍ഡിഒ ഓഫിസിന്റെ ആസ്ഥാനം പരപ്പയിലാക്കണമെന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം തുറന്ന പോരായി. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ റവന്യൂ ടവറില്‍ ആര്‍ഡിഒ ഓഫിസും സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള പേര് സിപിഐയുടെ വകുപ്പായ റവന്യു വകുപ്പിന്റെ നിയന്ത്രണത്തില്‍ പുതുതായി വരുന്ന ആര്‍ഡിഒ ഓഫിസ് വെള്ളരിക്കുണ്ടിലാക്കാനുള്ള തീരുമാനമാണ് പുതിയ തര്‍ക്കത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
സിപിഎം ശക്തി കേന്ദ്രമായ പരപ്പയെ അടക്കം അവഗണിച്ചാണ് ആര്‍ഡിഒ ഓഫിസ് വെള്ളരിക്കുണ്ടിലെക്ക് മാറ്റിയതെന്നാരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം മലയോരത്തെ 207ഓളം സിപിഎമ്മിന്റെ പ്രാദേശിക തലത്തിലുള്ള നേതാക്കളടക്കമുള്ള വാടസ് ആപ്പ് ഗ്രൂപ്പില്‍ സംഭവം ചര്‍ച്ചയ്ക്ക് വന്നു. സിപിഐ പതിനഞ്ച് ലക്ഷം രൂപ പാര്‍ട്ടി ഓഫിസ് കെട്ടാനായി ആര്‍ഡിഒ ഓഫിസ് വെള്ളരിക്കുണ്ടിലേക്ക് മാറ്റാനായി കൈക്കൂലി വാങ്ങിയതായി ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതായി ആ രോപിച്ച്് സിപിഐ നേതൃത്വം കഴിഞ്ഞ ദിവസം പരപ്പയില്‍ വിശദീകരണ യോഗം നടത്തി. രൂക്ഷമായ ഭാഷയിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് അടക്കമുള്ള സിപിഐ നേതാക്കള്‍ യോഗത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത്. സിപിഐയില്ലാതെ സിപിഎമിന് ഭരണം കിട്ടുകയില്ല. സിപിഐ കൂടെയുള്ള കാലത്ത് മാത്രമാണ് സിപിഎമ്മിന് ഭരണം കിട്ടിയിട്ടുള്ളുവെന്ന് നേതാക്കള്‍ വിശദീകരിച്ചു. സിപിഐക്ക് മണ്ഡലം തോറും വെറും മുവായിരം വോട്ട് മാത്രമാണുള്ളതെന്ന് പറയുന്ന സിപിഎമുക്കാരന്‍ പി കരുണാകരന്‍ എംപി എത്ര വോട്ടിനാണ് ജയിച്ചതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. നേരത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് സിപിഐയും സിപിഎമ്മും ജില്ലയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ എല്‍ഡിഎഫിന് ജില്ലാ പഞ്ചായത്ത്, കയ്യൂര്‍-ചീമേനി പഞ്ചായത്തുകള്‍ നിലനില്‍ക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും നഷ്ടപ്പെട്ട കാര്യം മറക്കരുത്.
അന്ന് സിപിഐയെ ഒറ്റക്ക് നിന്ന് മല്‍സരിക്കാന്‍ വെല്ലുവിളിച്ച സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ കുഞ്ഞിരാമന്‍ തിര ഞ്ഞെടുപ്പിന് ശേഷം സിപിഎമ്മും സിപിഐയും ഒന്നിച്ച് നില്‍ക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞ കാര്യം സിപിഎം നേതാക്കള്‍ മറക്കരുത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള ബിരിക്കുളത്ത് സിപിഐ സ്ഥാനാര്‍ഥിയെ ആരാണ് പരാജയപ്പെടുത്തിയതെന്നും സിപിഎമ്മുക്കാര്‍ മറക്കണ്ടായെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു. സിപിഐക്ക് ഓഫിസുകള്‍ എല്ലായിടത്തും വേണമെന്നില്ല. ആവശ്യമുള്ളിടത്ത് ജനങ്ങളില്‍ നിന്ന് പിരിച്ച് ഓഫിസ് കെട്ടുമെന്നാണ് കൈകൂലി ആരോപണത്തിന് സിപിഐ നേതാക്കളുടെ മറുപടി. ആര്‍ഡിഒ ഓഫിസ് മലയോര മേഖലയില്‍ സിപിഎമിന് ഭൂരിപക്ഷമുള്ള പരപ്പയെ ഒഴിവാക്കി കോണ്‍ഗ്രസ് സ്വാധീനമുള്ള വെള്ളരിക്കുണ്ടിലാക്കിയതിലുള്ള കലിപ്പിലാണ് മലയോര മേഖലയിലുള്ള സിപിഎമിനുള്ളത്്. എന്നാല്‍ സിപിഎമ്മും സിപിഐയുമുണ്ടായിട്ടുള്ള ഈ പുതിയ തര്‍ക്കം മലയോര മേഖലയില്‍ എല്‍ഡിഎഫ് രാഷ്ട്രീയത്തില്‍ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss