|    Mar 21 Wed, 2018 8:55 am
Home   >  Editpage  >  Middlepiece  >  

ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നറിയാതെ…

Published : 2nd November 2015 | Posted By: swapna en

വെട്ടും തിരുത്തും/ പി എ എം ഹനീഫ്

ഒക്ടോബര്‍ 31 തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം പ്രചാരണ സമാപനം യഥാര്‍ഥത്തില്‍ റോഡ് യാത്രപോലും ദുഷ്‌കരമാക്കി. അട്ടഹാസവും ആര്‍പ്പുവിളിയും കാതുകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. എന്തുകൊണ്ട് കക്ഷിരാഷ്ട്രീയക്കാര്‍ ഈ വിധം പൊതുജനത്തെ കഷ്ടപ്പാടുകളിലേക്ക് വലിച്ചെറിയുന്നു. ബസ്സുകള്‍ പലേടത്തും വഴിമുട്ടിനിന്നു. ചെണ്ടയും ബാന്റും പടക്കങ്ങളും വിതച്ച ശല്യങ്ങള്‍ വേറെ. രാത്രി ഏറെ വൈകിയിട്ടും സ്ഥാനാര്‍ഥികളും ഏജന്റുമാരും വീട്ടിലെ കോളിങ് ബെല്‍ അടിച്ച് വോട്ട് ചോദിച്ചു. അവരുടെ ഭാവവും മുഖത്തെ ചിരിയും കണ്ടാല്‍ നമ്മോട് നിരന്തരം തെറ്റുചെയ്യുന്നവരുടെ കുമ്പസാരം പോലെയുണ്ട്.

ഒന്നാം തിയ്യതി പുലര്‍െച്ച മുതല്‍ വെളുക്കെ ചിരിച്ച് വരാന്ത കയറിയ ചില ‘വേഷ’ങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ ഓര്‍ത്തുപോയി. ആപത്ഘട്ടങ്ങളില്‍ ഒരു വാഹനസഹായം അഭ്യര്‍ഥിച്ചാല്‍പ്പോലും ചെയ്യാത്ത ഖദര്‍ധാരികള്‍, ഒന്നു ചിരിക്കാന്‍പോലും വൈമനസ്യം കാട്ടുന്ന ചില ചായംതേച്ച ദുര്‍മുഖങ്ങള്‍ വിനയത്തിന്റെ ഭാഷയില്‍ വോട്ട് യാചിച്ച് കൈമലര്‍ത്തി നീട്ടിനില്‍ക്കുന്നു. മറ്റൊരു തിരഞ്ഞെടുപ്പിലും ഇത്രയേറെ ശല്യം അനുഭവപ്പെട്ടിട്ടില്ല. ”മറക്കരുതേ, മൂന്നു വോട്ടുണ്ട്.”ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു സമൂഹമാണ് ഇലക്ഷന്‍ കാലത്ത് വോട്ട് യാചിച്ചു വരുന്നവരെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാവും. ഇലക്ഷന്‍ കഴിഞ്ഞ് ജയിച്ചവരും തോറ്റവരും ഈ യാചനാഭാവമൊക്കെ മറക്കും. അതുകൊണ്ടുതന്നെ ഇന്ന് പോളിങ്ബൂത്തിലെത്തുമ്പോള്‍ ഏതു ചിഹ്നം എന്നതു സംബന്ധിച്ച് ഉറച്ച തീരുമാനം തന്നെ എടുക്കേണ്ടിയിരിക്കുന്നു. വ്യക്തികള്‍ക്ക് ഏതായാലും പ്രാധാന്യമില്ല.

ഒരു മുഖപരിചയവും ഇല്ലാത്തവരാണ് ത്രിതലങ്ങളിലും വെളുക്കെ ചിരിച്ചു പോസ്റ്ററുകളില്‍ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നത്. എല്ലാം ശുദ്ധ കാപട്യം! ഏതു ചിഹ്നം എന്നു തീരുമാനിക്കുമ്പോഴും മനസ്സ് ഉറക്കെ ചോദിക്കുന്നു: ഇനി ഈ നാട്ടിലെ പ്രശ്‌നങ്ങള്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണു താല്‍പര്യം. ഭരണകൂടം എന്നത് വെറും ‘കൂടം’ മാത്രമായി ജനശിരസ്സുകളില്‍ ആഞ്ഞുപതിക്കുന്ന ഈ കാലം മനസ്സാക്ഷിക്കനുസൃതമായ തിരഞ്ഞെടുപ്പും സത്യത്തില്‍ വലിയ പ്രശ്‌നം തന്നെയാണ്. വെട്ടാനേയുള്ളൂ. തിരുത്താന്‍ ഒട്ടുമേ ഇല്ലതാനും.ഇലക്ഷനില്‍ ഒരു പ്രിയസുഹൃത്ത് സ്ഥാനാര്‍ഥിയാണ്. ആ പഞ്ചായത്തില്‍ വോട്ടില്ല. സുഹൃത്തിന്റെ ഭാര്യയും മകളും ഒരു പരിപാടിക്ക് ടാഗോര്‍ഹാളില്‍ വന്നപ്പോള്‍ സുഹൃത്തിന്റെ മകളായ ചെറിയ പെണ്‍കുട്ടിയോട് ചോദിച്ചു:”മോളേ, ഉപ്പച്ചി സ്ഥാനാര്‍ഥിയല്ലേ.” അവള്‍ നിഷ്‌കളങ്കമായി ചിരിച്ചു. ആ ചിരിയില്‍ എല്ലാമുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ നേരും നെറികേടും അറിയാത്ത ആ കുരുന്നു പെണ്‍കുട്ടിക്ക് സ്വന്തം പിതാവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലുമൊന്നും പ്രശ്‌നമില്ല. അവള്‍ മുതിരുന്നു. വിവാഹപ്രായമായാല്‍ മറ്റൊരു പുരുഷന്‍ അവളുടെ ജീവിതത്തില്‍ ബാപ്പയേക്കാള്‍ മുന്‍പരിഗണനക്കാരനാവുന്നു. അയാളുടെ രാഷ്ട്രീയം ബാപ്പയ്‌ക്കെതിരാവുമ്പോള്‍ അവള്‍ പീഡനം സഹിക്കേണ്ടിവരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇത്തരം ചില മനോവേദനകള്‍ ചില വീട്ടുകാര്‍ക്കെങ്കിലും സഹിക്കേണ്ടിവന്നു. ഒരു വീട്ടില്‍ മൂന്നും നാലും പാര്‍ട്ടികള്‍. ആ നാലു പാര്‍ട്ടികളിലും വ്യത്യസ്ത മതസംഘടനകളുടെ സമ്മര്‍ദ്ദം.

സ്ഥാനാര്‍ഥികളായി വരുന്നവരുടെ സുഹൃദ്ബന്ധം. ആകക്കൂടി സമ്മര്‍ദ്ദങ്ങളുടെ നാളുകളാണ്. ഏതു തിരഞ്ഞെടുക്കണം, ആര്‍ക്കൊപ്പം എന്നു മനസ്സിലാവാതെ ധര്‍മസങ്കടങ്ങളുടെ നാളുകള്‍. ഈ ഒരവസ്ഥ വരുംനാളുകളില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം രൂക്ഷമാവാനാണു സാധ്യത. പ്രശ്‌നങ്ങളില്‍ കുരുങ്ങുന്നതാവട്ടെ വീട്ടകങ്ങളിലെ സ്ത്രീകളും. ഇതിനൊരു സമൂല പരിഹാരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കണ്ടെത്താമോ? സ്ഥാനാര്‍ഥികളെ കണ്ടെത്തുമ്പോള്‍ അവ്വിധമൊന്ന് ദുസ്സാധ്യം തന്നെ.

പക്ഷേ, ഒന്നു സാധിക്കും. ആയത് ഇലക്ഷന്‍ കമ്മീഷന്‍ പരിഗണനയ്‌ക്കെടുക്കേണ്ട വസ്തുതയാണ്. തിരഞ്ഞെടുക്കപ്പെട്ട കക്ഷി ജനങ്ങളോടും നാടിനോടും നീതിപുലര്‍ത്തുന്നവനോ അവളോ അല്ലെങ്കില്‍ തിരിച്ചുവിളിക്കാനുള്ള സ്വാതന്ത്ര്യം കൂടി വോട്ടര്‍മാര്‍ക്കു നല്‍കണം. ഇലക്ഷന്‍ കമ്മീഷന്‍ അങ്ങനെ ഒരു വകുപ്പ് ഉണ്ടാക്കിയാല്‍ നമ്മുടെ രാഷ്ട്രീയകക്ഷികള്‍ ആരെങ്കിലും പിന്തുണയ്ക്കുമോ? ഇല്ല തന്നെ. ”ശരി, നിങ്ങളോടുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ എന്നെ അയോഗ്യനാക്കി തിരികെ വിളിക്കൂ” എന്നു പറയുന്നവര്‍ക്കാവട്ടെ നമ്മുടെ സമ്മതിദാനാവകാശം. സ്ഥാനാര്‍ഥിയായ എന്റെ സുഹൃത്ത് പാര്‍ട്ടി നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. പകരം ഭാര്യ മറ്റൊരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി. ഈ നിര്‍ദേശത്തെ പിന്താങ്ങുന്ന വ്യക്തി എന്ന നിലയ്ക്ക് മനസ്സുകൊണ്ടെങ്കിലും ഞാനവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നു. ഉമ്മച്ചി ജയിക്കണേ എന്ന് ആഗ്രഹിക്കുന്ന ആ പെണ്‍കുട്ടിയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ***ആദ്യം വോട്ട് ചെയ്തത് നല്ല ഓര്‍മ. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറെ സഹൃദയനായിരുന്ന കെ ജി എന്‍ നമ്പൂതിരിപ്പാടിന്. പോളിങ് കഴിഞ്ഞ് തൊട്ടടുത്ത വീട്ടില്‍ വിശ്രമിക്കുകയായിരുന്ന കെ ജി എന്‍ ചോദിച്ചു: ”ആര്‍ക്കാടോ കുത്തിയത്?””സഖാവിനു തന്നെ.””ശരി, ഞാന്‍ തോറ്റിരിക്കുന്നു.” ആ ഇലക്ഷനില്‍ കെ ജി എന്‍ നിഷ്പ്രയാസം തോറ്റു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss