|    Jun 18 Mon, 2018 7:11 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആര്‍ക്കാണ് യുദ്ധം വേണ്ടത്!

Published : 26th September 2016 | Posted By: SMR

”ഗളഹസ്തം ചെയ്യുംപോല്‍ ഗളഹസ്തം! അല്ലല്ല ഗളഹസ്തം വെറുമൊരു ചൊറികുത്താണോ…”
ചങ്ങമ്പുഴക്കവിതയിലെ ഈ ചോദ്യം അനുസ്മരിക്കേണ്ടിവന്നത് രാജ്യത്തിന്റെ ചില കോണുകളില്‍നിന്ന് ഉയരുന്ന യുദ്ധവെറിയുടെ ആക്രോശങ്ങള്‍ കേള്‍ക്കുന്നതുകൊണ്ടാണ്. യുദ്ധം, യുദ്ധം എന്ന ഈ കോറസ് എവിടെനിന്നാണ് ഉയരുന്നതെന്നറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ മുന്നോട്ടുവയ്ക്കാന്‍ ശ്രമിച്ച സൈദ്ധാന്തിക പരിസരം തന്നെയാണ് ഇത്തരം ആക്രോശങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. ഈ ഭ്രമാത്മക പരിസരത്തില്‍ വസ്തുതകള്‍ക്കോ യാഥാര്‍ഥ്യബോധത്തിനോ സ്ഥാനമൊന്നുമില്ല. എന്നാല്‍, വരട്ടുചൊറി മാന്തിയിരിക്കുന്നതുപോലെ സുഖകരമാവില്ല യുദ്ധം എന്ന യാഥാര്‍ഥ്യബോധമുള്ളതുകൊണ്ടാവാം, പ്രധാനമന്ത്രി അടക്കം ഭരണകക്ഷിയുടെ ഉത്തരവാദപ്പെട്ടവര്‍ ഈ കോറസില്‍ അതേ ആവേശത്തില്‍ പങ്കുചേര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍, യുദ്ധകാര്യ വിദഗ്ധന്‍മാരുടെ പട്ടമണിഞ്ഞവരും ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ഗോസായിമാരും യുദ്ധപ്പനി വര്‍ധിപ്പിക്കുന്ന പണിയില്‍ തന്നെ.
സപ്തംബര്‍ 18നു ജമ്മുകശ്മീരിലെ ഉറിയില്‍ സ്ഥിതിചെയ്യുന്ന സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം നടുക്കമുളവാക്കുന്നതാണ്. ഒരു യുദ്ധത്തിനു പ്രത്യക്ഷ ന്യായീകരണമാകും വിധം പ്രകോപനപരവുമാണത്. പക്ഷേ, മുന്‍പിന്‍നോക്കാതെ ഒരു യുദ്ധത്തിലേക്ക് നാം എടുത്തുചാടിയാല്‍ അതുണ്ടാക്കുന്ന പ്രവചനാതീതമായ അനര്‍ഥങ്ങളെ നേരിടുക എളുപ്പമായിക്കൊള്ളണമെന്നില്ല. കാരണം, ഉപഭൂഖണ്ഡത്തിലെ രണ്ടു രാജ്യങ്ങളും ദരിദ്രരും ദീര്‍ഘകാല സംഘര്‍ഷത്തിനു ശേഷിയില്ലാത്തവരുമാണ്. രണ്ടുനേരം വയറുനിറച്ച് ഉണ്ണാന്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും പരസ്പരം കരിച്ചുകളയാനുള്ള അണ്വായുധങ്ങള്‍ രണ്ടു രാജ്യങ്ങളും ശേഖരിച്ചുവച്ചിട്ടുണ്ട്.  നാലഞ്ചു മിനിറ്റ് കൊണ്ട്  രണ്ടു രാജ്യങ്ങളിലെയും ഏതു നഗരങ്ങളിലുമെത്താവുന്ന മിസൈലുകള്‍ ഇരുകൂട്ടരും കൈവശം വച്ചിരിക്കുന്നു.
സ്വന്തം പരാജയങ്ങള്‍ക്ക് മറയിടാന്‍ ഭരണാധികാരികള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ മറയാക്കാറുണ്ട്. ഗുരുതരമായ ആഭ്യന്തര കുഴപ്പങ്ങള്‍ നേരിടുന്ന പാകിസ്താനിലെ ഭരണവര്‍ഗത്തിന് യുദ്ധം പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സഹായിച്ചെന്നു വരും. എന്‍ഡിഎ ഭരണകൂടമാവട്ടെ വരുന്ന പൊതുതിരഞ്ഞെടുപ്പിനു മുമ്പായി തീവ്രരാജ്യസ്‌നേഹത്തിനു തീകൊളുത്തുന്നതില്‍ മടിയുള്ളവരല്ലതാനും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു സ്വച്ഛ് ഭാരതല്ലാതെ മറ്റുരുപ്പടികളൊന്നും അവര്‍ വോട്ടര്‍മാരുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലതാനും.
കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും കശ്മീരികളെ വിശ്വാസത്തിലെടുത്തും പരിഹരിക്കാനാണു നാം ശ്രമിക്കേണ്ടത്. ഉറി സംഭവത്തിനുശേഷം അന്താരാഷ്ട്രതലത്തില്‍ നമുക്കുണ്ടായ നേട്ടങ്ങള്‍ പടഹധ്വനിയിലൂടെ കളഞ്ഞുകുളിക്കരുത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss