|    Oct 23 Tue, 2018 6:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍എസ്എസ് മേധാവിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം: പോപുലര്‍ ഫ്രണ്ട്‌

Published : 2nd December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മിക്കില്ലെന്ന ആ ര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ശക്തമായി അപലപിച്ചു. ബാബരി മസ്ജിദ്-രാമജന്മഭൂമി കേസില്‍ സുപ്രിംകോടതി അന്തിമ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന പരമോന്നത കോടതിയെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ഇത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി. ഇത് ജനപ്രിയ പ്രഖ്യാപനമല്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നുമാണ് ഉഡുപ്പിയില്‍ നടന്ന ധര്‍മ സന്‍സദില്‍ ആര്‍എസ്എസ് മേധാവി പറഞ്ഞത്. കേസിലെ വസ്തുതകളും രേഖകളും മറ്റും കണക്കിലെടുക്കേണ്ടെന്ന് കോടതിക്കുള്ള മുന്നറിയിപ്പാണിത്. ഈ പ്രസ്താവനയെ ഗൗരവത്തോടെ കണ്ട് മോഹന്‍ ഭാഗവതിനെതിരേയും സമാനമായ പ്രസ്താവനകള്‍ നടത്തിയ മറ്റ് സംഘപരിവാര നേതാക്കള്‍ക്കെതിരേയും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്ന് യോഗം സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. 2014 ല്‍ സിബിഐ കോടതി ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ജസ്റ്റിസ് ലോയയുടെ കുടുംബം ഉന്നയിച്ച പല ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും മറുപടിയില്ലാതെ അവശേഷിക്കുകയാണ്. പിതാവിന്റെ അനധികൃത തടവില്‍ നിന്നും ഹാദിയയെ സ്വതന്ത്രയാക്കിയ സുപ്രിംകോടതി വിധിയെ യോഗം സ്വാഗതം ചെയ്തു. തന്റെ ആഗ്രഹപ്രകാരം സ്വന്തം ഭര്‍ത്താവിനൊപ്പം പോവാനുള്ള ഹാദിയയുടെ ആവശ്യം അംഗീകരിക്കാത്തതിനാല്‍, നീതി ഇപ്പോഴും അപൂര്‍ണമായി തുടരുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സുപ്രിംകോടതി അംഗീകരിക്കുമെന്ന്  യോഗം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, ഹാദിയ കേസില്‍ എന്‍ഐഎ പുലര്‍ത്തുന്ന സമീപനത്തെ യോഗം വിമര്‍ശിച്ചു. നിസ്സഹായയായ ഒരു വനിതക്ക് ലഭിക്കേണ്ട മൗലീകാവകാശവും സ്വാഭാവിക നീതിയും തടയാനും അവരുടെ അനധികൃത തടവ് നീട്ടിക്കൊണ്ടുപോവാനുമാണ് അവസാന നിമിഷം വരെ എന്‍ഐഎ ശ്രമിച്ചത്. ഹാദിയയുടെ മനോനിലയെ സംശയത്തിലാക്കാന്‍ പോലും നടത്തിയ ശ്രമം എന്‍ഐഎയുടെ ചരിത്രത്തിലെ കളങ്കമായി അവശേഷിക്കും. വ്യക്തിസ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള വര്‍ഗീയശക്തികളുടെ കൈയിലെ ഉപകരണമായി എന്‍ഐഎ തരംതാഴുന്നതാണ് ഹാദിയ കേസിലൂടെ വ്യക്തമാവുന്നത്. അന്വേഷണ ഏജന്‍സികളെ ഈ രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരേ പൊതുസമൂഹവും, മതേതര കക്ഷികളും, പൗരാവകാശ പ്രവര്‍ത്തകരും ജാഗ്രതപാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഇ അബൂബക്ക ര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദാലി ജിന്ന, സെക്രട്ടറി അബ്ദുല്‍വാഹിദ് സേട്ട്, ഇ എം അബ്ദുര്‍റഹ്മാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss