|    Dec 15 Sat, 2018 8:46 am
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് പീഡനകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ പരാതി ഡിജിപി സ്വീകരിച്ചില്ല

Published : 28th May 2018 | Posted By: G.A.G

തിരുവനന്തപുരം: സംരക്ഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി നല്‍കിയ പരാതി സംസ്ഥാന പോലിസ് മേധാവി സ്വീകരിച്ചില്ല. മംഗലാപുരത്ത് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജലി പ്രകാശാണ് ഇന്നലെ രാവിലെ പരാതി നല്‍കാനായി പോലിസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കാണാനെത്തിയത്. ഇതര മതത്തില്‍പ്പെട്ട യുവാവുമായി വിവാഹം ചെയ്യാനൊരുങ്ങുന്ന യുവതി പോലിസ് സംരക്ഷണം ആവശ്യപ്പെട്ടും തന്നെ പീഡനത്തിനിരയാക്കിവര്‍ക്കെതിരേ പോലിസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നുമായിരുന്നു ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പോലിസ് സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ ഹെക്കോടതിയെ സമീപിക്കുമെന്ന് അഞ്ജലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ 26ന് അപേക്ഷ നല്‍കിയിട്ടുള്ളതായും, വിവാഹത്തെ തടസ്സപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നതായും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ബന്ധുക്കളില്‍ നിന്നും ജീവന്‍ അപകടത്തിലാക്കുമെന്ന ഭീക്ഷണി നിലനില്‍ക്കുന്നതായും ഫലപ്രദമായ പാലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നുമാണ് സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം. ഇതിനോടൊപ്പം ക്രൂരമായ പീഡനം, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായ തടങ്കല്‍, ഗുരുതരമായ ഉപദ്രവങ്ങള്‍, ബലപ്രയോഗം, മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇരയായ പെണ്‍കുട്ടി സംഭവത്തിനിടയായ സാഹചര്യത്തെ കുറിച്ച് പ്രത്യേക പോലിസ് സംഘം അന്വേഷണം നടത്തണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ കര്‍ണാടകയില്‍ കേസ് ഉള്ളതിനാല്‍ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡിജിപി സ്വീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്നും ഡിജിപി അറിയിച്ചു. മംഗലാപുരത്തെ കോടതിയില്‍ നിന്നും അഞ്ജലിയുടെ സംരക്ഷണം ഏറ്റുവാങ്ങിയ അമ്മാവനും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് അഞ്ജലി ഡിജിപിയെ കാണാനെത്തിയത്. എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss