|    Aug 19 Sun, 2018 5:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തത് വിവാദമാവുന്നു

Published : 1st June 2017 | Posted By: fsq

 

തൃശൂര്‍: ഇരിങ്ങാലക്കുട പുല്ലൂറ്റ് ഊരകത്ത് ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം എംഎല്‍എ പ്രഫ. കെ യു അരുണന്‍ പങ്കെടുത്തത് വിവാദമാവുന്നു. സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എയില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ വിശദീകരണം തേടി. ആര്‍എസ്എസ് നടത്തിയ നോട്ട് പുസ്തക വിതരണ ചടങ്ങിലാണ് അരുണന്‍ എംഎല്‍എ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ തോമസ് തത്തപ്പിള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചതും വിവാദമായിട്ടുണ്ട്. സംഭവത്തില്‍ ഡിസിസി നേതൃത്വത്തെ പരാതി അറിയിച്ചതായി കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി സി ചാര്‍ളി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തോമസ് തത്തംപിള്ളിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണും പറഞ്ഞു. അതേസമയം, പരിപാടിയില്‍ അവിചാരിതമായാണ് എത്തിപ്പെട്ടതെന്ന് പ്രഫ. കെ യു അരുണന്‍ എംഎല്‍എ പിന്നീട് പറഞ്ഞു. ക്ഷേത്ര കമ്മിറ്റിയുടെ പരിപാടി എന്നാണ് തന്നോട് വിളിച്ചു പറഞ്ഞത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ വിളിച്ചത്. പാര്‍ട്ടി നടപടിയുണ്ടാവില്ലെന്നാണ് പ്രതീക്ഷ. പരിപാടിയില്‍ പങ്കെടുത്തതില്‍ അതീവ ദുഃഖമുണ്ടെന്നും അതേസമയം, ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. ആര്‍എസ്എസ് വേദിയിലെത്തിയ അരുണന്‍ മാസ്റ്റര്‍ എംഎല്‍എക്ക് അഭിനന്ദങ്ങള്‍ എന്ന പോസ്റ്ററുകള്‍ വിവിധ ആര്‍എസ്എസ് അനുകൂല സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ ഈ പരിപാടി രാഷ്ട്രീയമായല്ല നടത്താറുള്ളതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സ്ഥലത്ത് ഷൈനിന്റെ അനുസ്മരണ ചടങ്ങില്‍ അന്നത്തെ ഇരിങ്ങാലക്കുട എംഎല്‍എ കേരള കോണ്‍ഗ്രസ്സുകാരനായ ഉണ്ണിയാടന്‍ പങ്കെടുത്തിരുന്നെന്നും അവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss