|    Jul 20 Fri, 2018 2:56 am
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് നിയന്ത്രിത ചെയറിന്റെ ശുപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശം

Published : 23rd October 2016 | Posted By: mi.ptk

UNiversity-of-Calicut

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ ആര്‍എസ്എസ് നിയന്ത്രിത ചെയറിന് ആറരക്കോടി രൂപ മുതല്‍മുടക്കി കെട്ടിടമുണ്ടാക്കാനുള്ള അപേക്ഷയില്‍ വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം നിര്‍ദേശിച്ചു. സനാതന ധര്‍മപീഠം ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്ന പേരിലായിരുന്നു  അപേക്ഷ  നല്‍കിയത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നതിനു പകരം ചെയര്‍ എന്ന്  ഉപയോഗിക്കണമെന്നാണ് സിന്‍ഡിക്കേറ്റ് നിര്‍ദേശം. കൂടാതെ, സനാതന ചെയറിന്റെ നിഗൂഢ പ്രവര്‍ത്തനങ്ങളെപ്പറ്റി ആരോപണങ്ങളുയരുന്നതിനാല്‍ മുഴുവന്‍ ചെയറുകളുടെയും പ്രവര്‍ത്തനത്തിന് പ്രത്യേക നിയമാവലിയുണ്ടാക്കാനും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു. ടി പി അഹമ്മദ്, പി എം നിയാസ്, കെ വിശ്വനാഥ്, ശിവദാസന്‍ എന്നിവരുള്‍പ്പെടുന്നതാണ് കമ്മിറ്റി. സനാതന ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍ളെക്കുറിച്ച് തേജസ് വാര്‍ത്തയെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം.കോണ്‍ഗ്രസ് (ഐ) സര്‍വീസ് സംഘടന എംപ്ലോയീസ് ഫോറത്തിന്റെ പുതിയ കെട്ടിട നിര്‍മാണത്തിന് സംഘടനാ നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നിയമപരമായ നടപടിയെടുക്കാനും തീരുമാനിച്ചു. എന്നാല്‍, ഇതിനെതിരേ നടപടിയെടുത്താല്‍ മറ്റു പാര്‍ട്ടികളുടെ സര്‍വീസ് സംഘടനാ സ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് എംപ്ലോയീസ് ഫോറം നേതാക്കളായ ടി ജെ മാര്‍ട്ടിന്‍, മനോജ് എന്നിവരുടെ പ്രതികരണം. 2009, 2012 കാലഘട്ടത്തിലെ യുജിസി അഫിലിയേഷന്റെ റഗുലേഷന്‍ സംബന്ധിച്ചു പഠിക്കാന്‍ ഡോ. സലാഹുദ്ദീന്‍ കണ്‍വീനറായി കമ്മിറ്റിയെ നിയോഗിച്ചു.  പിഎസ്‌സി അഡൈ്വസ് മെമ്മോ നല്‍കിയ ജനറല്‍ വിഭാഗത്തില്‍നിന്നുള്ള 20 പേരെ അസിസ്റ്റന്റുമാരായി നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. നിയമനം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ഭരണകാര്യാലയം ഉപരോധിച്ചിരുന്നു. സംവരണ തസ്തികയില്‍ 20 പേര്‍ക്കുള്ള നിയമന ഒഴിവുകള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചു.വാഴ്‌സിറ്റി ഭൂമി കൈയേറ്റങ്ങളെപ്പറ്റിയുള്ള ടി പി അഹമ്മദ് കമ്മിറ്റിയുടെ റിപോര്‍ട്ടനുസരിച്ച് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ഒമ്പത് പേര്‍ക്കു പിഎച്ച്ഡി നല്‍കി. ജീവനക്കാര്‍ക്കുള്ള പേ റിവിഷന്‍ അരിയര്‍ നല്‍കും. സര്‍വകലാശാല ഫണ്ടില്‍നിന്ന് ഇതിന് കടമെടുത്ത 30 കോടി രൂപ സര്‍ക്കാറില്‍നിന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. സെനറ്റ് ഹൗസ് നവീകരണത്തിന് 1.2 കോടി രൂപ അനുവദിച്ചു. ഇപ്പോള്‍ വാഴ്‌സിറ്റി സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായ പി സി ശശീന്ദ്രന്‍ നേരത്തേ വാഴ്‌സിറ്റിക്കെതിരേ നടത്തിയ 62 കേസുകള്‍ അഡ്വ. വി എ മുഹമ്മദിന് കൈമാറിയ വിസിയുടെ നടപടിയില്‍ ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നിയമാവലി വീണ്ടും പരിഷ്‌കരിക്കുന്നതിന് വിജയരാഘവന്‍ കണ്‍വീനറായി കമ്മിറ്റിയെ നിയോഗിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss