|    Mar 21 Wed, 2018 1:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസ് കൊലയാളി സംഘങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് സൈനികനായിരുന്ന ജയപ്രകാശന്‍

Published : 29th November 2016 | Posted By: SMR

mlp_gl_faizal_murder_case_p

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: ജില്ലയിലെ കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ആര്‍എസ്എസ് സംഘത്തെ വിദഗ്ധമായി പരിശീലിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത് പരപ്പനങ്ങാടി കൊട്ടയില്‍ ജയപ്രകാശനെന്ന ആര്‍എസ്എസ് നേതാവ്. ഫൈസല്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുന്‍സൈനികനായ ജയപ്രകാശാണ് കൊലയാളി സംഘങ്ങള്‍ക്ക് ശത്രുവിനെ എളുപ്പത്തില്‍ വകവരുത്താനുള്ള പരിശീലനം നല്‍കുന്നത്.
പട്ടാളത്തിലെ ഉന്നത പദവിയിലിരിക്കെ പിരിച്ചു വിടപ്പെട്ടയാളാണ് ജയപ്രകാശന്‍. പിന്നീട് പരപ്പനങ്ങാടിയില്‍ സൈനിക റിക്രൂട്ട്‌മെന്റിനുള്ള പരിശീലനമെന്നപേരില്‍ ബി ഫോര്‍ യു എന്ന ഒരു സ്ഥാപനം തുടങ്ങി. ഇതിന്റെ പേരില്‍ നിരവധി പേരുടെ കൈയില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയ ഇയാള്‍ പിന്നീട് ഇതേപേരില്‍ പന്താരങ്ങാടി, പരപ്പനങ്ങാടി, ചാലിയം ഭാഗങ്ങളില്‍ ഡ്രൈവിങ് പരിശീലന കേന്ദ്രം തുടങ്ങുകയായിരുന്നു.
ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങി ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ഇയാള്‍ കളമൊരുക്കി കൊടുക്കാറുണ്ടായിരുന്നു. ഡ്രൈവിങ് പരിശീലനത്തിനെത്തുന്ന അന്യമതസ്ഥരായ സ്ത്രീകളെ വലയിലാക്കാനും ഇങ്ങിനെ ശ്രമങ്ങള്‍ നടന്നു. തുടക്കത്തില്‍ വിമുക്തഭടന്റെ പേരില്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങുകയും പിന്നീട് അത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നടത്താന്‍ കൊടുക്കുകയുമാണ് പതിവ്.
ഇത്തരത്തിലുള്ള കേന്ദ്രമാണ് കൊടിഞ്ഞിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആര്‍എസ്എസിന്റെ പരിശീലനം (ഒടിസി) രണ്ട് തവണ ലഭിച്ച തയ്യില്‍ ലജീഷിനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഇയാളും ഇപ്പോള്‍ ഫൈസല്‍ വധക്കേസില്‍ ജയിലിലാണ്. പന്താരങ്ങാടി, കരിങ്കല്ലത്താണി, പരപ്പനങ്ങാടി, ചാലിയം പ്രദേശങ്ങളില്‍ ബി ഫോര്‍ യു എന്ന പേരിലും മറ്റും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരപ്പനങ്ങാടിയില്‍ ജയപ്രകാശന്റെ സഹോദരങ്ങളാണ് ഇപ്പോള്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജയപ്രകാശന്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.   സൈനിക വേഷങ്ങളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗപ്പെടുത്തിയത് അന്ന് വിവാദമായിരുന്നു.
പിന്നീട് കോട്ടത്തറ, പുത്തന്‍പീടിക, വള്ളിക്കുന്ന് ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരം ആക്രമണങ്ങള്‍ നടത്തിയ ആര്‍എസ്എസ് സംഘത്തിന് നേതൃത്വം കൊടുത്തതും ഇയാളാണ്. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധനായ ഇയാള്‍ ബിജെപിയുടെ പരപ്പനങ്ങാടി നേതൃത്വപദവിയിലെത്തി. ആയിടയ്ക്കാണ് തിരൂര്‍ സ്വദേശിനിയായ യുവതി ഇയാളുടെ വീടിനടുത്ത വാടക ക്വാര്‍ട്ടേഴ്‌സില്‍ സംശയാസ്പദമായി മരണപ്പെടുന്നത്. തൂങ്ങി മരണമായി കണക്കാക്കിയ സംഭവത്തിനു പിന്നില്‍ ഇയാളാണെന്ന് യുവതിയുടെ ഭര്‍ത്താവും മാതാവും പരിസരവാസികളും ആരോപിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നു.
ആര്‍എസ്എസിന്റെ ശാരീരിക ശിക്ഷകായ ഇയാള്‍ ജില്ലയിലെ പൂര്‍വ സൈന്യത്തിന്റെ നേതൃത്വം വഹിക്കുന്നു. ആളുകളെ എളുപ്പത്തില്‍ കൊല്ലാന്‍ സൈന്യത്തില്‍ നിന്നു ലഭിച്ച പരിശീലനം ആര്‍എസ്എസ് സംഘത്തിനു പഠിപ്പിക്കാന്‍ ഇയാള്‍ മിടുക്കനാണ്. തോക്കുകളും സ്‌ഫോടക വസ്തുക്കളുമടക്കം കൈകാര്യം ചെയ്യുന്നതിനു പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിലും മുഖ്യ പങ്കുണ്ട്. ഇതിനുവേണ്ടി സംഘപരിവാരത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിശീലന കേന്ദ്രമാക്കുകയാണ് പതിവ്. വെള്ളിയാംപുറത്തെ വിദ്യാനികേതനിലും ഇത്തരത്തില്‍ പരിശീലനത്തിന് ജയപ്രകാശ് എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ മുഖേനയാണ് ജില്ലയിലും പുറത്തും ആര്‍എസ്എസ് കലാപങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതെന്ന് ഫൈസല്‍ വധത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss