|    Mar 24 Fri, 2017 5:45 pm
FLASH NEWS

ആര്‍എസ്എസ് കായികപരിശീലനത്തിന് മറുമരുന്ന് സിപിഎമ്മിന്റെ കളരിയഭ്യാസം; അക്രമഭീതിയില്‍ കണ്ണൂര്‍

Published : 5th September 2016 | Posted By: SMR

കണ്ണൂര്‍: ശാഖകള്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ്സിന്റെ കായിക പരിശീലനത്തിനും തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് രഹസ്യമായി നല്‍കുന്ന ആയുധ പരിശീലനത്തിനും മറുമരുന്നായി സിപിഎം കളരി അഭ്യാസവുമായി രംഗത്ത്. ഇതോടെ ജില്ലയിലെ അക്രമസംഭവങ്ങള്‍ക്ക് അടുത്തൊന്നും അറുതിയുണ്ടാവില്ലെന്നുറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ പേരിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് കളരി അഭ്യാസമുറകള്‍ പരിശീലിപ്പിക്കുന്നത്. ജില്ലാതല കളരി പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നലെ പിണറായി ഓലയമ്പലത്ത് നടന്നു. മന്ത്രി ഇ പി ജയരാജനായിരുന്നു ഉദ്ഘാടകന്‍.
—സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തു. —പ്രഗല്‍ഭരായ കളരി ആശാന്മാരാണ് പരിശീലകര്‍. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ പ്രഥമ കളരി പരിശീലന കേന്ദ്രമാണിത്. കണ്ണൂര്‍ ജില്ലാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പിണറായിയിലെ പത്ത് സെന്റ് സ്ഥലത്താണ് കുഴിക്കളരിയില്‍ പരിശീലനം ആരംഭിക്കുന്നത്.90ദിവസം നീ ണ്ട പരിശീലന പരിപാടിയാണ് തുടക്കത്തില്‍ സംഘടിപ്പിക്കുക. ഇതിനുശേഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കളരി പരിശീലന കേന്ദ്രം ആരംഭിക്കും. നേരത്തെ തന്നെ ലോക്കല്‍ കമ്മിറ്റിക്കു കീഴില്‍ പ്രതിരോധ സേന രുപീകരിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തിരുന്നു. പാര്‍ട്ടിക്കെതിരെയുള്ള അക്രമം ചെറുക്കാനെന്ന ന്യായംപറഞ്ഞായിരുന്നു ഇത്.
ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശാഖ തുടര്‍ന്നാല്‍ അവിടെ, റെഡ് വോളന്റിയര്‍മാരും പരിശീലനം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞുപോവുന്നവര്‍ ആര്‍എസ്എസ്സിലാണ് അഭയം കണ്ടെത്തുന്നത്.
ഇത് ഇനിയും തുടര്‍ന്നാല്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറയില്‍ വിള്ളലുണ്ടാക്കുമെന്ന് സിപിഎമ്മിന് ഭയമുണ്ട്. കൂടെയുള്ള പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താനും പോവുന്നവരെ ഭയപ്പെടുത്താനുമാണ് കായിക പരിശീലനവും മറ്റുമായി പാര്‍ട്ടിയെ രംഗത്തെത്താന്‍ പ്രേരിപ്പിക്കുന്നത്. ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളില്‍ സജീവമായി നടക്കുന്ന ബോംബ്‌നിര്‍മാണവും ആയുധപരിശീലനവും അതേപടി നേരിടാന്‍ പ്രവര്‍ത്തകരെ കായികമായി സംഘടിപ്പിക്കേണ്ടതുണ്ടെന്നും സിപിഎം കണക്കുകൂട്ടുന്നു. നേരത്തെ ഡിവൈഎഫ്‌ഐയുടെ പേരില്‍ യൂത്ത്ബ്രിഗേഡ് രൂപീകരിച്ചിരുന്നെങ്കിലും വലിയ ഫലമൊന്നുമുണ്ടായിരുന്നില്ല.

(Visited 102 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക