|    May 23 Wed, 2018 2:50 pm
FLASH NEWS

ആര്‍എസ്എസ് ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ ശ്രമിക്കുന്നു: പിണറായി

Published : 9th November 2016 | Posted By: SMR

കണ്ണൂര്‍: മതനിരപേക്ഷ രാജ്യത്തില്‍ ഭരണം നിര്‍വഹിക്കുന്നത് വര്‍ഗീയ സംഘടനയാണെന്നതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മന്ത്രിയും സിഎംപി സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വി രാഘവന്റെ രണ്ടാം ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന എംവിആര്‍ പുരസ്‌കാര സമര്‍പ്പണവും സെമിനാറും വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. തങ്ങളുടെ വര്‍ഗീയ നിലപാട് അവര്‍ ഒരിക്കലും മറച്ചുവച്ചിട്ടില്ല. വര്‍ഗീയകലാപവും ചേരിതിരിവുകളുമുണ്ടാക്കി അധികാരത്തില്‍ തുടരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പലപ്പോഴും പരിഷ്‌കാരങ്ങളെയും നവോഥാന ആശയങ്ങളെയും എതിര്‍ത്ത ആര്‍എസ്എസ് ഇന്ന് പുതിയ ഏകസിവില്‍ കോഡ് എന്ന ആശയവുമായി ഇറങ്ങിയത് രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.  വിവാഹം, സ്വത്തവകാശം തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഏതെങ്കിലും ഒരു സമുദായത്തില്‍ മാത്രമല്ല വ്യത്യസ്തമായ ആചാരങ്ങളും രീതികളുമുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്ത് ഹിന്ദു കോഡ് കൊണ്ടുവരാന്‍ ആഗ്രഹിച്ചപ്പോള്‍ ഹിന്ദു മഹാസഭയും ആര്‍എസ്എസുമാണ് എതിര്‍ത്തത്. അതിനെതിരെ വ്യാപകമായി പ്രക്ഷോഭങ്ങളും അവര്‍ സംഘടിപ്പിച്ചു. 1952ലെ തിരഞ്ഞെടുപ്പില്‍ നെഹ്‌റുവിനെതിരേ ഇവരുടെ സ്ഥാനാര്‍ത്ഥി മല്‍സരിച്ചു. ഹിന്ദു ഏകീകരണത്തിനായി ബിജെപിയും സംഘപരിവാറും അവരുടെ രാഷ്ട്രീയം ഉപയോഗിക്കുമ്പോള്‍ അതിന് ബദല്‍ മുസ്്‌ലിം ഏകീകരണമാണെന്നു ചിന്തിക്കുന്നവര്‍ തിരുത്തണം. അല്ലെങ്കില്‍ മതനിരപേക്ഷതയുമായി മുന്നോട്ടുപോവാനാവില്ല. കഴിഞ്ഞ ദിവസം ശരീഅത്ത് സംരക്ഷിക്കാന്‍ മലപ്പുറത്ത് അമ്പതിനായിരത്തിലേറെ ആളുകള്‍ ഒത്തുചേര്‍ന്നു. അത് ബിജെപി ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണോ. ഒരു വര്‍ഗീയതയെ നേരിടുന്നത് മറ്റൊരു സമുദായം വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കാന്‍സര്‍ രോഗചികില്‍സകന്‍ ഡോ. വി പി ഗംഗാധരന് മുന്‍മന്ത്രി എളമരം കരീം പുരസ്‌കാരം നല്‍കി. പുരസ്‌കാര തുകയായി ലഭിച്ച ഒരുലക്ഷം രൂപ അദ്ദേഹം കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കു വേണ്ടി നല്‍കി. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ വിഷയാവതരണം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എളമരം കരീം, സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍, സിപിഎം ജില്ല സെക്രട്ടറി പി ജയരാജന്‍, എം വി നികേഷ്‌കുമാര്‍ സംസാരിച്ചു. പാട്യം രാജന്‍ അധ്യക്ഷത വഹിച്ചു. സി കെ നാരായണന്‍, സി വി ശശീന്ദ്രന്‍, അഡ്വ. പി സന്തോഷ്‌കുമാര്‍, എബി എന്‍ ജോസഫ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss