|    Feb 24 Fri, 2017 12:39 am

ആര്‍എസ്എസ് ആക്രമണം; ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പെരുന്താന്നി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം. ശ്രീവരാഹം തെക്കേമാമ്പഴകര ടിസി 40/925ല്‍ മനോജിനാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ ആറ് വയസുള്ള മകളെ സ്‌കൂളിലാക്കിയ ശേഷം മടങ്ങി വരുമ്പോഴാണ് മനോജിനെ ആറംഗ സംഘം ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തിസയിരുന്ന ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്നും അക്രമികളുടെ തോക്ക് പോലിസ് കണ്ടെടുത്തു. ഇന്നലെ രാവിലെ എട്ടുമണിയോടെ തിരുവല്ലം ക്രൈസ്റ്റ്‌നഗര്‍ സ്‌കൂളിന് സമീപത്തെ റോഡിലായിരുന്നു സംഭവം. മനോജിനോപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീവരാഹം സ്വദേശി രതീഷിനെ പിടിച്ചുവെച്ച ശേഷമാണ് വടിവാളും തോക്കുമായി എത്തിയ സംഘം മനോജിനെ ആക്രമിച്ചത്. ബൈക്കില്‍ വരുകയായിരുന്ന ഇരുവരെയും സ്‌കൂളിന് അല്‍പം അകലെ വെച്ച് അക്രമിസംഘം തടഞ്ഞു. തുടര്‍ന്ന് സംഘത്തിലെ രണ്ടുപേര്‍ ചേര്‍ന്ന് രതീഷിനെ പിടിച്ചുവെച്ച ശേഷം മനോജിനെ വെട്ടുകയായിരുന്നു. ഇത് കണ്ട രതീഷ് ഇവരില്‍ നിന്നും രക്ഷപ്പെട്ട് ഓടി. അക്രമികള്‍ കുറെ ദൂരം രതീഷിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. പ്രധാന റോഡിലെത്തി അതുവഴി വന്ന ഒരു വാഹനത്തിന് കൈ കാണിച്ച രതീഷ്  തിരുവല്ലം പോലിസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. സംഭവസ്ഥലത്ത് നിന്നും ഒരു പൊട്ടിയ ഹെല്‍മെറ്റും തിരകള്‍ നിറച്ച റിവോള്‍വറും പോലിസ് കണ്ടെടുത്തു. അക്രമിസംഘത്തില്‍ ഗ്ലൗസ് ധരിച്ച ആളുടെ പക്കല്‍ നിന്നാണ് തോക്ക് താഴെ വീണതെന്ന് രതീഷ് പോലിസിന് മൊഴി നല്‍കി. മനോജിനോടുള്ള പൂര്‍വ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് നേമം സി ഐ ദിലീപ്കുമാര്‍ പറഞ്ഞു. സിറ്റി പോലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം, പോലിസ് ഫോറന്‍സിക്ക്, ബാലസ്റ്റിക്, ആര്‍മര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഏറെനാളായി തിരുവനന്തപുരം നഗരത്തില്‍ തുടരുന്ന സിപിഎം-ബിജെപി സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലത്തെ ആക്രമണമെന്നു കരുതുന്നു. മനോജിനെ പ്രവേശിപ്പിച്ച ആശുപത്രിയുടെ പരിസരത്തും ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പരിക്കേറ്റ മനോജിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവര്‍ സന്ദര്‍ശിച്ചു. തോക്ക് ഉപയോഗിച്ചുള്ള അക്രമത്തിലേക്കുവരെ ആര്‍എസ്എസ് കടന്നെത്തിയെന്ന് കോടിയേരി പറഞ്ഞു. തലസ്ഥാന നഗരത്തിലാണ് ഇത്തരം ഒരു അക്രമം നടന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുന്താന്നിയിലും ശ്രീവരാഹത്തും ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ നേരത്തെ തന്നെ സംഘര്‍ഷം നിലനിന്നിരുന്നു. മാത്രവുമല്ല ജീവന് ഭീഷണയുണ്ടെന്ന് കാണിച്ച് മനോജ് നേരത്തെ തന്നെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തിനായി തിരച്ചില്‍ ശക്തമാക്കിയതായി പോലിസ് അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക