|    Jul 16 Mon, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസ് ആക്രമണം: ജെയ്റ്റ്‌ലിക്ക് സിപിഎം പ്രവര്‍ത്തകന്റെ ഭാര്യയുടെ തുറന്ന കത്ത്

Published : 6th August 2017 | Posted By: fsq

കണ്ണൂര്‍: കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന നിഷ്ഠൂരമായ ആക്രമണത്തിന്റെ ഭീകരത തുറന്നുകാട്ടി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് തലശ്ശേരി എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊടക്കളത്തെ എ കെ രമ്യയുടെ തുറന്നകത്ത്. ആര്‍എസ്എസുകാര്‍ നടത്തിയ ക്രൂരത അറിയാന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുന്ന തന്റെ ഭര്‍ത്താവ് ശ്രീജനെക്കൂടി കാണാന്‍ താങ്കള്‍ സമയം കണ്ടെത്തുമോയെന്നാണ് കത്തില്‍ ചോദിക്കുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്  കുണ്ടാഞ്ചേരി ശ്രീജന്‍. കഴിഞ്ഞ 33 ദിവസമായി എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാതെ ഒരേ കിടപ്പാണ്. ഇനി പഴയതുപോലെ ജോലിചെയ്യാനും കുടുംബം പുലര്‍ത്താനും സാധിക്കാത്ത നിലയില്‍ ശ്രീജനെ ശയ്യാവലംബിയാക്കി മാറ്റിയത് ആര്‍എസ്എസ്-ബിജെപി അക്രമിസംഘമാണ്. ഓട്ടോഡ്രൈവറും സിപിഎം പ്രവര്‍ത്തകനുമാണ് ശ്രീജന്‍. 2017 ജൂലൈ മൂന്നിന്  പൊന്ന്യംനായനാര്‍ റോഡിലെ ഓട്ടോറിക്ഷ സ്റ്റാന്റില്‍ ഇരിക്കുമ്പോഴാണ് ഒരുസംഘം ആര്‍എസ്എസുകാര്‍ ശ്രീജനെ വെട്ടിയത്. മാരകമായ 27 മുറിവുകളും ചെറിയ 22 മുറിവുകളുമാ ണ് ശരീരത്തിലുണ്ടായിരുന്ന ത്. മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ ശ്രീജനെ റോഡരികില്‍ ഉപേക്ഷിച്ചു പോയതെന്നു വിവരിക്കുന്ന കത്തില്‍ ഇതിന് മുമ്പും രണ്ടുതവണ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചതായി വ്യക്തമാക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ തള്ളിപ്പറയാനോ സംഭവത്തെ അപലപിക്കാനോ ഇന്നുവരെ താങ്കളുടെ പാര്‍ട്ടിക്കാര്‍ തയ്യാറായിട്ടില്ല. താങ്കള്‍ കേരളത്തിലെത്തി കൊല്ലപ്പെട്ട ആര്‍എസ്എസുകാരന്റെ വീടും മറ്റും സന്ദര്‍ശിക്കുന്നതായി കേട്ടു. ആ കൂട്ടത്തില്‍ ആര്‍എസ്എസ് ക്രൂരത അറിയാന്‍ ശ്രീജനെകൂടി കാണാന്‍ തായാറാവുമോയെന്നും കത്തിലുടെ  രമ്യ ചോദിച്ചു. അതേസമയം, കേരളത്തിലെത്തുന്ന  ജെയ്റ്റ്‌ലിക്ക് സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയും തുറന്ന കത്തെഴുതി.  കേരളത്തെ രാഷ്ട്രീയ സംഘര്‍ഷ ബാധിത മേഖലയായി ചിത്രീകരിക്കാന്‍വേണ്ടി സംഘപരിവാരം നടത്തുന്ന ശ്രമങ്ങളില്‍ ഒരു കേന്ദ്രമന്ത്രി ഭാഗമാവുന്നത് ഖേദകരമാണെന്ന് പറയുന്ന കത്തില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ  സിപിഎം പ്രവര്‍ത്തകരുടെ കുടുംബത്തിന്റെ വേദനകൂടി കാണാന്‍ മന്ത്രി തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നു. രാജേഷിന്റെ കൊലപാതകത്തില്‍ സംഘപരിവാരവുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗോരക്ഷയുടെ പേരിലും മറ്റും നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ലക്ഷ്യംവയ്ക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയതയില്‍ അസൂയ പൂണ്ടാണെന്നും കത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss