|    Oct 20 Sat, 2018 2:45 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആര്‍എസ്എസ്സില്‍നിന്നും മോചിതമാവാതെ സമാധാനം പുലരില്ല: റിട്ട. ജസ്റ്റിസ് ബിജി കോസ്‌ലെ

Published : 22nd December 2015 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം ആര്യ ബ്രാഹ്മണിസമാണെന്ന് റിട്ട. ജസ്റ്റിസ് ബിജി കോസ്‌ലെ. രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ആര്‍എസ്എസ്. രാജ്യം ആര്‍എസ്എസ്സില്‍നിന്ന് മോചിതമാവാതെ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേ നടന്ന മുഴുവന്‍ വര്‍ഗീയകലാപങ്ങളുടെയും ഉത്തരവാദിത്തം ഹിന്ദുത്വ ഭീകരസംഘടനകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ഭീകരതക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രാജ്യവ്യാപകമായി നടത്തുന്ന ‘നിവര്‍ന്നുനില്‍ക്കുക മുട്ടിലിഴയരുത്’ എന്ന കാംപയിനോടനുബന്ധിച്ച് നടന്ന പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മണ്ണ് വര്‍ഗീയതയ്ക്ക് ഇടം നല്‍കുകയില്ലെന്നും നൂറു വര്‍ഷത്തെ പ്രയത്‌നത്തിനു ശേഷവും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്റേടം ബിജെപിക്കുണ്ടായില്ലെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എ സഈദ് പറഞ്ഞു. ഹിന്ദുത്വ അജണ്ടയ്ക്കു പകരം വികസനമാണ് തിരഞ്ഞെടുപ്പിനു ബിജെപി ഉപയോഗപ്പെടുത്തിയത്. എന്നിട്ടും 31 ശതമാനം വോട്ടുകള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളു. ബിജെപി ജയിച്ച കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സന്ദേശംപോലും ഇന്ത്യ വര്‍ഗീയതയെ സ്വീകരിക്കുകയില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നവര്‍ അദ്ദേഹത്തെ ഇപ്പോള്‍ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുപ്പത് രാജ്യം രക്തസാക്ഷിദിനമായി ആചരിക്കുമ്പോള്‍ ഹിന്ദുമഹാസഭ അന്നു ശൗര്യദിനമായി ആഘോഷിക്കുകയാണ്. രാഷ്ട്രപിതാവിനെ കൊന്നതിന്റെ ശൗര്യം ആഘോഷിക്കുന്നവര്‍ കൊല്ലംതോറും രാഷ്ട്രപിതാവിനെ കൊന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ആക്രമണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കി.
ഡല്‍ഹിയിലെ രാംലീലാ മൈതാനിക്ക് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ജന്തര്‍ മന്ദറില്‍ സമാപിച്ചു. ഡല്‍ഹി, യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
പോപുലര്‍ ഫ്രണ്ട് ദേശീയ ഉപാധ്യക്ഷന്‍ ഇ എം അബ്ദുര്‍റഹ്മാന്‍, കമാല്‍ ഫാറൂഖി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ മൗലാനാ ഉസ്മാന്‍ ബേഗ്, കാംപസ് ഫ്രണ്ട് നാഷനല്‍ പ്രസിഡന്റ് പി അബ്ദുല്‍ നാസര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss