|    Mar 23 Thu, 2017 8:03 pm
FLASH NEWS

ആര്‍എസ്എസ്സിന്റെ നീക്കം തടയാതിരുന്നത് ദുരൂഹം

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം: ഒരു മുസ്‌ലിം പള്ളിയിലേക്കും മതപഠനസ്ഥാപനത്തിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടും അത് തെരുവിലെത്തുന്നതിന് മുമ്പ് തടയാനുള്ള നടപടി സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ബി നൗഷാദ്. സംഘപരിവാര്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം ഊറ്റുകുഴി സലഫി സെന്ററിന് മുന്നില്‍ നടത്തിയ ജനകീയ ചെറുത്തുനില്‍പ് സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സംസ്ഥാത്തുടനീളം പോസ്റ്റര്‍ ഒട്ടിച്ചും തിരുവനന്തപുരം ടൗണില്‍ ഉച്ചഭാഷിണി ഉപയോഗിച്ചും ആര്‍എസ്എസ് പ്രചാരണം നടത്തിയിരുന്നു. ഒരു ആരാധനാലയത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ക്ക് മൈക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ഇടയായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരേ കാംപസ് ഫ്രണ്ട് നടത്തിയ കലാജാഥ തടഞ്ഞ പോലിസും സംസ്ഥാന സര്‍ക്കാരും സംഘപരിവാരത്തിനെ അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പറഞ്ഞു.
ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയപരീക്ഷണങ്ങള്‍ കേരളത്തിലും നടത്താനാണ് ആര്‍എസ്എസ് നീക്കം. ഇത് ജനകീയമായി ചെറുത്തുതോല്‍പിക്കാന്‍ മതേതരവിശ്വാസികള്‍ രംഗത്തുവരേണ്ടതുണ്ട്. കേരളത്തിന്റെ മതേതര പാരമ്പര്യം തകര്‍ക്കാന്‍ മതസ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ മൗനം പാലിക്കുന്നത് ദുസ്സൂചനയാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ നിരന്തരമായ ജാഗ്രത ആവശ്യമാണെന്ന് വിളിച്ചോതുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നും ഇനിയൊരു ബാബരി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന അനുവദിച്ച മതപ്രബോധന-പ്രചാരണ സ്വാതന്ത്ര്യത്തിനും മതംമാറ്റത്തിനുള്ള അവകാശത്തിനും കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആര്‍എസ്എസിന്റെ മാര്‍ച്ചെന്നും ഇതിനെതിരേ നടത്തിയ ജനകീയ ചെറുത്തുനില്‍പ് ജനാധിപത്യത്തെയും മതേതരപാരമ്പര്യത്തെയും ശക്തിപ്പെടുത്തുന്നതാണെന്നും തുടര്‍ന്ന് സംസാരിച്ച സംസ്ഥാന സമിതിയംഗങ്ങളായ പി കെ അബ്ദുല്‍ ലത്തീഫ്, എം എ അബ്ദുല്‍ സലിം എന്നിവര്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് അജണ്ടയുടെ പരാജയം വര്‍ഗീയ ഫാഷിസത്തിനെതിരായ ജനകീയ ചെറുത്തുനില്‍പിന്റെ വിജയമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചെറുത്തുനില്‍പ് സമരത്തിന് ജില്ലാ പ്രസിഡന്റ് ഇ സുല്‍ഫി, സെക്രട്ടറിമാരായ എ നിസാറുദ്ദീന്‍ ബാഖവി, നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

(Visited 577 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക