|    Sep 21 Thu, 2017 3:22 am

ആര്‍എസ്എസും സിപിഎമ്മും കലാപമുണ്ടാക്കി പാര്‍ട്ടി വളര്‍ത്തുന്നു: അഡ്വ.—സണ്ണി ജോസഫ് എംഎല്‍എ

Published : 5th September 2016 | Posted By: SMR

ഇരിട്ടി: കലാപമുണ്ടാക്കി പാര്‍ട്ടി വളര്‍ത്താനാണ് സിപിഎമ്മും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും ഇത്  സാമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. അക്രമം നടത്തുന്ന പാര്‍ട്ടി അണികളെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. കൊലപാതക രാഷ്ട്രീയം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ പരിശോധിക്കേണ്ടതാണ്.
കൂലപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണ പ്രവര്‍ത്തകരെ കൊണ്ട് ആയുധമെടുക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടി നേതാക്കന്‍മാര്‍ തന്നെയാണ് ഓരോ രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവണം. അക്രമികളായ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും  പോലിസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോരക്കളി നിയന്ത്രിക്കാന്‍ നേതൃത്വം ഇടപെടണം: കോണ്‍ഗ്രസ്
കണ്ണൂര്‍: കേന്ദ്രഭരണത്തിന്റെ ധിക്കാരത്തില്‍ ബിജെപിയും സംസ്ഥാന ഭരണത്തിന്റെയും കണ്ണൂരിലെ സംഘടനാ ശക്തിയുടെയും ധാര്‍ഷ്ട്യത്തില്‍ സിപിഎമ്മും നടത്തുന്ന ചോരക്കളി ജില്ലയുടെ സമാധാനാന്തരീക്ഷത്തിന് വീണ്ടും വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു മാസത്തിനിടെ മൂന്നു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സമാധാനയോഗത്തില്‍ നല്‍കിയ ഉറപ്പുകളെല്ലാം ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ ലംഘിച്ചിരിക്കുകയാണ്. അണികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന ജില്ലയിലെ സിപിഎം, ബിജെപി നേതൃത്വങ്ങളെ നിയന്ത്രിക്കാന്‍ അതതു പാര്‍ട്ടികളുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.—സംഘര്‍ഷകേന്ദ്രങ്ങളില്‍ സ്ഥിരമായ പട്രോളിങ് നടത്താന്‍ തയ്യാറാകാത്ത പോലിസ് നടപടിയും അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക