|    Oct 21 Sun, 2018 9:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസില്‍ നിന്ന് ഉപദേശം തേടിയാണ് മോദി ഭരണം: മുഖ്യമന്ത്രി

Published : 19th September 2017 | Posted By: fsq

 

മരട് (കൊച്ചി): ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ഉപദേശം തേടിയാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പനങ്ങാട് ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ആക്രമണം നടത്തി മനുഷ്യനെ വധിക്കുന്ന നടപടിയാണ് മോദി സര്‍ക്കാര്‍ അവലംബിക്കുന്നത്. തങ്ങളെ എതിര്‍ക്കുന്നവരെ വെടിവച്ചുകൊല്ലുന്ന കിരാത നടപടിയാണ് രാജ്യത്തു നടന്നുവരുന്നത്. അതിന്റെ അവസാന ഇരയാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ്. മോദി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നിലപാടുകളെ എതിര്‍ക്കുന്നത് സിപിഎമ്മും ഇടതുപക്ഷ പ്രസ്ഥാനവും മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മിലുള്ള ജനങ്ങളുടെ വിശ്വാസം മൂലമാണ് പാര്‍ട്ടിക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നത്. യാതൊരു ന്യായീകരണവും ഇല്ലാതെയാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുള്ളത്.  നഷ്ടത്തിന്റെ കള്ളക്കണക്കാണ് എണ്ണക്കമ്പനികള്‍ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് രാജ്യത്തുണ്ടായ വല്ലാത്ത വിലക്കയറ്റം കേരളത്തില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു.  എല്ലാ ക്ഷേമ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും മുഴുവനായി ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടി(സിയാല്‍)ന്റെ ഓഹരികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിയാലിന്റെ 23ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിണറായി. കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ക്കു പഠിച്ചതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. നിലവില്‍ ഓഹരികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും അതിനു സമയമാകുമ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മറുപടി. യോഗത്തില്‍ സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി വി എസ് സുനില്‍ കുമാര്‍, മാത്യു ടി തോമസ്, എം എ യൂസുഫലി, എന്‍ വി ജോര്‍ജ്, ഇ എം ബാബു, കെ റോയി പോള്‍, എ കെ രമണി,  വി ജെ കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുനില്‍ ചാക്കോ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss