|    Jan 20 Fri, 2017 5:32 pm
FLASH NEWS

ആര്‍എസ്എസിന്റെ നയങ്ങള്‍ നടപ്പാക്കുന്ന ബിജെപിയും ഫാഷിസ്റ്റ് സംഘടന – കാരാട്ടിന് മറുപടിയുമായി യെച്ചൂരി

Published : 19th September 2016 | Posted By: Navas Ali kn

yechuri

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ഇത്രയും കാലത്തെ ഭരണം ഫാഷിസത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനയാണ് നല്‍കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ ഇന്നലെ അവസാനിച്ച പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍എസ്എസ് ഫാഷിസ്റ്റ് സംഘടനയാണ്. ആര്‍എസിഎസിന്റെ നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ബിജെപിയും ഇതേ വഴിക്കാണു നീങ്ങുന്നത്. ഫാഷിസ്റ്റ് ശക്തികള്‍ രൂപം കൊണ്ടതിനു ശേഷമല്ല, അതിനുള്ള സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ഫാഷിസ്റ്റ് പാര്‍ട്ടിയല്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തെ  പൊളിച്ചെഴുതുന്ന തരത്തിലുള്ള ശക്തമായ വിമര്‍ശനമാണ് ബിജെപിക്കെതിരെ യെച്ചൂരി നടത്തിയത്.
ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയുടെ വിദേശ നയത്തിനു കാര്യമായ വ്യത്യാസം സംഭവിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ചേരി ചേരാ നയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി നാം ഉച്ചകോടയില്‍ പങ്കെടുക്കാതിരിക്കുന്നത്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഇന്ത്യ അമേരിക്കയുടെ കീഴില്‍ ഒതുങ്ങി നില്‍ക്കുകയാണ്. അടുത്തിടെ ഒപ്പുവെച്ച സൈനിക കരാര്‍ പ്രകാരം അമേരിക്കയുടെ നാവിക, വ്യോമ സേനകള്‍ക്ക് ഇന്ത്യയുടെ നാവിക കേന്ദ്രങ്ങള്‍ സൈനിക വിന്യാസത്തിനായി ഉപയോഗിക്കാനാവും. മൂന്നാം ലോക രാജ്യങ്ങളുമായി യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നാല്‍ അമേരിക്ക ഇന്ത്യയെ സൈനിക താവളമാക്കി മാറ്റാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരേ കശ്മീരിലെ ജനങ്ങള ഒരുമിപ്പിച്ചു നിര്‍ത്തണമെന്നാണു പാര്‍ട്ടി അഭിപ്രായം. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണം. ഇന്ത്യാ-പാക് ചര്‍ച്ച പുനരാരംഭിക്കണമെന്നാണു സിപിഎമ്മിന്റെ നിലപാടെന്നും യെച്ചൂരി വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 329 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക