|    Mar 22 Thu, 2018 12:29 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആര്‍എസ്എസിന്റെ കേരള അജണ്ട

Published : 15th November 2015 | Posted By: SMR

എസ് നിസാര്‍

കഴിഞ്ഞ ആറുപതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ രാ്രഷ്ടീയചരിത്രത്തില്‍, സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്ഥാനം പടിക്കുപുറത്തായിരുന്നു. അടവുനയങ്ങളിലൂടെയും വിചിത്രസഖ്യങ്ങളിലൂടെയും നുഴഞ്ഞുകയറാന്‍ ഹിന്ദുത്വര്‍ നടത്തിയ എല്ലാ ശ്രമങ്ങളും അമ്പേ പരാജയപ്പെട്ടു. കേരളത്തില്‍ കാവിക്കൊടി പാറിക്കാന്‍ പറ്റാത്തതിലുള്ള അമര്‍ഷം ഹിന്ദുത്വ ശക്തികളെ എത്രത്തോളം വിറളിപിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ദീപാവലി പ്രത്യേക പതിപ്പില്‍ കേരളത്തെക്കുറിച്ചു വന്ന ലേഖനം.
‘കേരളം ദൈവത്തിന്റെ നാടോ ദൈവമില്ലാത്ത നാടോ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കേരളത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം ഒരു മുഖവുര ആവശ്യമില്ലാത്തവിധം വ്യക്തമാക്കുന്നതാണ്. രാഷ്ട്രീയ പ്രബുദ്ധത നേടിയ സംസ്ഥാനമെന്ന് കേരളീയര്‍ സ്വയം അഭിമാനിക്കുമ്പോള്‍, രാഷ്ട്രീയ അസ്ഥിരതയുടെയും കൊലപാതകങ്ങളുടെയും നാടായാണ് കേരളത്തെ ലേഖനം വിശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ മനോരോഗികള്‍, ഏറ്റവും കൂടുതല്‍ ആത്മഹത്യ, ഏറ്റവും കൂടുതല്‍ മദ്യപാനം, ഏറ്റവും കൂടുതല്‍ വിവാഹമോചനം, ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ തുടങ്ങി ആര്‍എസ്എസ് മുഖപത്രം കേരളത്തിനു കല്‍പിച്ചു നല്‍കുന്ന പട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. സൗദി ഭരണകൂടത്തിന്റെ കേരള പതിപ്പെന്നാണ് മലപ്പുറം ജില്ലയ്ക്കു നല്‍കിയിരിക്കുന്ന വിശേഷണം.
കേരളത്തെക്കുറിച്ച് ഇത്തരത്തില്‍ അപഖ്യാതി പരത്തുന്നതിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത് വെറും ബീഫ് വിരുദ്ധ രാഷ്ട്രീയം മാത്രമല്ലെന്നു വ്യക്തം. അതിനുമപ്പുറം ഫാഷിസത്തിന്റെ ഏക്കാലത്തെയും ഏറ്റവും വലിയ ആയുധമായ നുണപ്രചാരണത്തിലൂടെ ഒരു ജനതയില്‍ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ പാകി മുതലെടുപ്പു നടത്താനുള്ള ആസൂത്രിത നീക്കം മറനീക്കുന്നുവെന്നു വേണം കരുതാന്‍.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും നിയമാധ്യാപകനുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന എം സുരേന്ദ്രനാഥന്‍ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും പൊതുബോധത്തെക്കുറിച്ചുമുള്ള തികഞ്ഞ അജ്ഞതയോടെ പടച്ചുവിട്ടതാണ് ലേഖനമെന്ന നിരീക്ഷണങ്ങളോട് യോജിക്കാന്‍ കഴിയില്ല. മറിച്ച് കേരളത്തില്‍ ഇക്കാലത്തിനിടയില്‍ ഉണ്ടായിട്ടുള്ള നവോത്ഥാനമുന്നേറ്റങ്ങളും സാമൂഹിക പുരോഗതിയും ഒരു കറകളഞ്ഞ ഹിന്ദുത്വവാദിയുടെ ഉള്ളില്‍ ഉണ്ടാക്കിയിട്ടുള്ള അസഹിഷ്ണുതയുടെ പച്ചയായ ആവിഷ്‌കാരമാണ് ലേഖനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. കേരള സമൂഹം പൊതുവില്‍ പുലര്‍ത്തിവരുന്ന ഇടതുപക്ഷാഭിമുഖ്യത്തോടും, മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിഭിന്നമായി കേരളത്തിലെ ദലിതുകള്‍ അനുഭവിക്കുന്ന സാമൂഹിക സമത്വത്തോടും, മുസ്‌ലിംകള്‍ രാഷ്ട്രീയമായും സാമ്പത്തികമായും ആര്‍ജിച്ച മുന്നേറ്റത്തോടും പൊരുത്തപ്പെടാന്‍ കഴിയാത്ത ആര്‍എസ്എസ് മനസ്സുകളുടെ പ്രതിഫലനംകൂടിയാണ് ഓര്‍ഗനൈസറിലെ ലേഖനം. അതുകൊണ്ടുതന്നെ ലേഖനത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആക്ഷേപങ്ങള്‍ക്ക് എത്രത്തോളം വസ്തുതകളുടെ പിന്‍ബലമുണ്ടെന്ന ചോദ്യം അപ്രസക്തമാണ്. ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധനും പാര്‍ട്ടി പരിപാടിയായി സിപിഎം ഏറ്റെടുത്ത കാലത്താണ് ഇടതുപക്ഷാനുഭാവിയായ ഹിന്ദുവിന്റെ മതബോധത്തെ ലേഖകന്‍ ചോദ്യംചെയ്യുന്നത്. ഇഎംഎസ് ദലിത് ഭവനങ്ങള്‍ സന്ദര്‍ശിച്ചതും അവരോടൊപ്പം ഭക്ഷണം കഴിച്ചതുമാണ് കേരളത്തില്‍ ബീഫ് സംസ്‌കാരം വളരാന്‍ വഴിയൊരുക്കിയതെന്ന നിരീക്ഷണത്തോട് സഹതപിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. മലപ്പുറം ജില്ലയെക്കുറിച്ച് കാലങ്ങളായി ആര്‍എസ്എസ് നടത്തിവരുന്ന കുപ്രചാരണങ്ങള്‍ക്ക് അവിടെ ജനിച്ചുവളര്‍ന്ന സാധാരണക്കാരായ ഹിന്ദുക്കള്‍ തന്നെ ഇതിനകം പലവട്ടം മറുപടി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും നുണപ്രചാരണം ആവര്‍ത്തിക്കുന്നതിനു പിന്നിലെ ഹിന്ദുത്വവാദികളുടെ ദുഷ്ടലാക്കിനെയാണു തിരിച്ചറിയേണ്ടത്.
അരാഷ്ട്രീയമായി ചിന്തിക്കുന്ന ഒരു സമൂഹത്തിലേക്കാണ് ഫാഷിസത്തിന് ആഴത്തില്‍ വേരൂന്നാന്‍ കഴിയുക. കേരളത്തില്‍ സ്‌കൂള്‍തലം മുതല്‍ വിദ്യാര്‍ഥികള്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനോട് ഫാഷിസത്തിന്റെ ഇന്ത്യന്‍ വക്താക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അതുകൊണ്ടുതന്നെ സ്വാഭാവികം. എകെജിയുടെയും പിണറായിയുടെയും നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആശങ്കപ്പെടുന്ന ലേഖകന്‍ ചവിട്ടിനില്‍ക്കുന്നത് ആര്‍എസ്എസുകാര്‍ കലാപങ്ങള്‍കൊണ്ട് ചോരപ്പുഴയൊഴുക്കിയ ഉത്തരേന്ത്യന്‍ മണ്ണിലാണെന്നതാണ് ഏറ്റവും വലിയ വൈരുധ്യം. കണ്ണൂരിലടക്കം ആര്‍എസ്എസുകാര്‍ കൊന്നുതള്ളിയവരുടെ പട്ടിക ബോധപൂര്‍വം ഒഴിവാക്കി ഹിംസാത്മക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ലേഖകന്റെ തൊലിക്കട്ടിയാണ് അപാരം.
ദേശീയതലത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കള്‍ അസഹിഷ്ണുതയുടെ വാളുമായി ഉറഞ്ഞുതുള്ളുമ്പോഴാണ് കേരളത്തെ ഇത്രത്തോളം വികലമായി ചിത്രീകരിച്ചുകൊണ്ട് ആര്‍എസ്എസ് മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനെതിരേ കേരളത്തിലെ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ബിജെപി തുടങ്ങിവച്ച പ്രചാരണങ്ങളുടെ തുടര്‍ച്ചയായി വേണം ഈ ലേഖനത്തെയും കാണാന്‍. കഴിഞ്ഞ ജൂലൈയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗം അംഗീകരിച്ച പ്രമേയത്തിലെ പല പരാമര്‍ശങ്ങളും അവരുടെ നിശ്ശബ്ദതയെ സാധൂകരിക്കുന്നതാണ്. കാല്‍നൂറ്റാണ്ടിനുള്ളില്‍ കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന്, പെരുപ്പിച്ച കണക്കുകളുദ്ധരിച്ച് വിശദീകരിച്ച പ്രമേയത്തില്‍, ദേശീയപാതയോരത്തെയും മലയോരമേഖലയിലെയും ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശം ജാതീയമായി വേര്‍തിരിച്ച് അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിട്ടത് ഹിന്ദുവികാരം മുതലെടുക്കലായിരുന്നു.
മലപ്പുറം ജില്ലയിലെ ഭൂമി മുസ്‌ലിംകള്‍ക്കല്ലാതെ കൈമാറ്റം ചെയ്യപ്പെടാന്‍ അനുവദിക്കുന്നില്ലെന്ന ആര്‍എസ്എസ് മുഖപത്രത്തിലെ പ്രയോഗത്തിന് ബിജെപി പ്രമേയവുമായി തോന്നുന്ന സാമ്യം യാദൃച്ഛികമല്ല. ഗാന്ധിജിയെക്കാള്‍ ഗോഡ്‌സെയെ പ്രണയിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇത്തരം വികലസാഹിത്യങ്ങള്‍ ഇനിയും പിറവിയെടുക്കും. ഇത്തരം നുണപ്രചാരണങ്ങള്‍ വിദൂരമല്ലാത്ത ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രതിരോധമാണ് ഉയര്‍ന്നുവരേണ്ടത്. ബീഫ് ഫെസ്റ്റും പോര്‍ക്ക് ഫെസ്റ്റും പോലെ പ്രകടനപരതയില്‍ ഒതുങ്ങിനില്‍ക്കുന്നതാവരുത് അത്. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss