|    Apr 22 Sun, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസിന്റെ ആയുധപരിശീലനം; തെളിവുകളുമായി മുന്‍ പ്രചാരക്

Published : 30th September 2016 | Posted By: SMR

rss-books-new

കണ്ണൂര്‍: ആര്‍എസ്എസിന്റെ ആയുധപരിശീലനത്തിന് തെളിവുകളുമായി മുന്‍ പ്രചാരക്. ദീര്‍ഘകാലം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചശേഷം ഒന്നരവര്‍ഷം മുമ്പ് സംഘം വിട്ട് സിപിഎമ്മിലെത്തിയ കൂത്തുപറമ്പ് ആയിത്തറ മമ്പറത്തെ സുധീഷ് മിന്നിയാണ് ഫേസ്ബുക്കിലൂടെ ആയുധപരിശീലനത്തിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തത്.
ആര്‍എസ്എസ്, ആയുധപരിശീലകര്‍ക്കായി ക്യാംപുകളില്‍ രഹസ്യമായി നല്‍കുന്ന പുസ്തകങ്ങളാണ് ഇതെന്നു സുധീഷ് മിന്നി വ്യക്തമാക്കുന്നു. ശാരീരിക് ശിക്ഷാക്രമം പ്രാഥമിക്, പ്രാഥമിക വര്‍ഷം, ദ്വിതീയ വര്‍ഷം എന്നീ മൂന്നു കൈപ്പുസ്തകങ്ങളും അവയുടെ ചില ഉള്ളടക്കങ്ങളുമാണ് പോസ്റ്റിലുള്ളത്. ആര്‍എസ്എസ് സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ പ്രസിദ്ധീകരിച്ച ശാരീരിക് ശിക്ഷാക്രമം എന്ന പുസ്തകത്തില്‍ വിവിധ ആക്രമണരീതികളും ചിത്രസഹിതം വിശദീകരിക്കുന്നുണ്ട്.
മലയാളത്തോടൊപ്പം സംസ്‌കൃതവും ഉപയോഗിക്കുന്നു. ശിക്ഷണവിധി, ദണ്ഡ, ദണ്ഡയുദ്ധ, നിയുദ്ധ, യോഗചാപ്, യോഗാസനം, വ്യായാംയോഗ് തുടങ്ങിയവയാണ് ഉള്ളടക്കം. കൈകാലുകള്‍ പ്രയോഗിക്കേണ്ട രീതികളും എതിരാളിയുടെ ഏതു ഭാഗത്താണ് പ്രഹരിക്കേണ്ടതെന്നും വിശദമാക്കുന്നു.
”സ്വയംസേവകരേ ക്ഷമിക്കണം, നിങ്ങള്‍ക്ക് ഇതു കാണുമ്പോള്‍ സഹിക്കില്ലെന്നറിയാം. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ഒടിസി(പ്രാഥമിക ശിക്ഷാവര്‍ഗ്)യില്‍ പഠിപ്പിക്കുന്ന പരിശീലകര്‍ക്കു വേണ്ടിയുള്ള പുസ്തകമാണിത്. കേരളത്തില്‍ നിങ്ങളുടെ സംഘടനയുടെ പതിനാറടിയന്തിരത്തിന്റെ ചോറ് പി ജയരാജേട്ടന്റെ കൂടെ ഞാന്‍ ഉണ്ണും. കാലനാണ് ഞാന്‍. കാവിയുടെ കാലന്‍. ഇതില്‍ ദണ്ഡയും നിയുദ്ധയും പഠിപ്പിക്കുന്നത് എതിരാളികളെ തലോടാനായിരിക്കും”’ സുധീഷ് മിന്നിയുടെ പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്. സംഘപരിവാര പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജില്ലാ നേതൃത്വം മൗനം പാലിക്കുകയാണ്. ഗണിതശാസ്ത്രത്തില്‍ എംഎസ്‌സി ബിരുദധാരിയായ സുധീഷ് മിന്നി സംസ്ഥാന വേദഗണിത പരിശീലകനും ബാലഗോകുലം കണ്ണൂര്‍ ജില്ലാ അധ്യക്ഷനുമായിരുന്നു. ഈസി മാത്‌സ് എന്ന പേരില്‍ ഇന്ത്യന്‍ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് പുസ്തകം രചിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തനം വിശദീകരിക്കുന്ന നരകസാകേതത്തിലെ ഉള്ളറകള്‍’ (ഒരു മുന്‍ പ്രചാരകന്റെ 25 വര്‍ഷത്തെ അനുഭവങ്ങളുടെ കുമ്പസാരം) എന്ന പുസ്തകം രചിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇത് പ്രകാശനം ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss