|    Jun 22 Thu, 2017 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം: മുഖ്യമന്ത്രി

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: ആര്‍എസ്എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റാര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാന്‍ ആര്‍എസ്എസ് തയ്യാറാവുന്നില്ലെന്നും അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കാടന്‍ നിയമങ്ങളും മതവിദ്വേഷവും അപരിഷ്‌കൃതമായ ചിന്തകളും അടിച്ചേല്‍പിക്കുന്ന ആര്‍എസ്എസാണ് കേരളത്തില്‍, വിശേഷിച്ച് കണ്ണൂര്‍ ജില്ലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്‍എസ്എസിനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കാനും കുപ്രചാരണങ്ങള്‍ അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിച്ച് ഭരണഘടനാവിരുദ്ധ വഴിയിലൂടെ എല്‍ഡിഎഫിനെതിരായ പടയൊരുക്കം നടത്താനും കേന്ദ്ര ഭരണകക്ഷിയും അതിനെ നയിക്കുന്ന ഭരണഘടനാ ബാഹ്യശക്തിയായ ആര്‍എസ്എസും തയ്യാറാവുന്ന അനുഭവമാണ് കഴിഞ്ഞ കുറെ നാളുകളിലായുണ്ടാവുന്നത്. കണ്ണൂര്‍ ജില്ലയെ തെറ്റായി ചിത്രീകരിച്ചു നടത്തുന്ന പ്രചാരണം അതിന്റെ ഭാഗമാണ്. ആര്‍എസ്എസ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ നിലകൊള്ളുന്ന സംഘടനയല്ല. സാംസ്‌കാരിക സംഘടന എന്ന ലേബലില്‍ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയാണത്.
മതനിരപേക്ഷ ചിന്തകള്‍ക്ക് ശക്തമായ അടിത്തറയുള്ള കേരളീയ സമൂഹത്തില്‍ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കുന്നത് കേരളത്തിലെ ഇടതുപക്ഷമാണ്. അത് തിരിച്ചറിഞ്ഞാണ്, ഇടതുപക്ഷത്തെയും അതിനെ നയിക്കുന്ന സിപിഎമ്മിനെയും തകര്‍ക്കാന്‍ കേന്ദ്രഭരണാധികാരത്തിന്റെ സൗകര്യങ്ങളടക്കം ദുരുപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക