|    Sep 24 Mon, 2018 3:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍എസ്എസിനെതിരേ നിയമം നിര്‍മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴായി

Published : 8th January 2018 | Posted By: kasim kzm

സ്വന്തം പ്രതിനിധി

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ക്ഷേത്രമുറ്റങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനം തടയാന്‍ നിയമം നിര്‍മിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പാഴായി. പ്രഖ്യാപനം വന്ന് ഒന്നര വര്‍ഷമാവുമ്പോഴും നിയമം സംബന്ധിച്ച് ഒരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനവ്യാപകമായി ആര്‍എസ്എസ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 42 പ്രാഥമിക് ശിക്ഷാവര്‍ഗുകളില്‍ ആറെണ്ണം സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്‌കൂളുകളിലും ഒരെണ്ണം എന്‍ജിനീയറിങ് കോളജിലുമാണെന്നു ബോധ്യപ്പെട്ടിട്ടും ഇടതുസര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ആര്‍എസ്എസിനെതിരേ വ്യക്തമായ വിവരങ്ങളുള്ള സംഭവങ്ങളില്‍പ്പോലും നടപടിയെടുക്കാത്ത പിണറായി സര്‍ക്കാര്‍, പീസ് സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കെതിരേ വളരെ വേഗം കടുത്ത നടപടികളുമായി രംഗത്തുവരുന്നതിനു പിന്നില്‍ ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തിയാല്‍ റെഡ് വോളന്റിയര്‍മാരെ ഉപയോഗിച്ചു തടയുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത് 2016 സപ്തംബറിലാണ്. ആര്‍എസ്എസ് നേതാവ് പ്രവീണ്‍ തൊഗാഡിയ, ശശികല തുടങ്ങിയവരുടെ വര്‍ഗീയ പ്രസംഗങ്ങളില്‍ സ്വീകരിച്ച നിസ്സംഗതയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഇതിനിടെ, പ്രസംഗത്തിന്റെ പേരില്‍ മുസ്‌ലിം പണ്ഡിതരുടെ നേരെ കരിനിയമങ്ങള്‍ പ്രയോഗിച്ച് തുറുങ്കിലടയ്ക്കുന്ന സാഹചര്യവുമുണ്ടായി.  ആര്‍എസ്എസ് ആയുധ പരിശീലനത്തിനെതിരേ നിയമനിര്‍മാണമെന്ന പ്രഖ്യാപനത്തിന് ഭരണതലത്തില്‍ ചിലര്‍ തുരങ്കംവച്ചെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ ഷാനവാസ് കരുമാലൂര്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ ആരാധനാലയങ്ങളിലെ ആയുധ പരിശീലനം നിരോധിക്കാന്‍ നിയമനിര്‍മാണം നടന്നിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മറുപടി നല്‍കി. കഴിഞ്ഞ ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 5000ഓളം ആര്‍എസ്എസ് ശാഖകളില്‍ ബഹുഭൂരിപക്ഷവും ദേവസ്വം അമ്പലങ്ങള്‍ കേന്ദ്രീകരിച്ചാണ്. നിയമം നിലവില്‍ വരുന്നത് സംഘപരിവാര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നു തിരിച്ചറിഞ്ഞ ആര്‍എസ്എസ് സര്‍ക്കാരിനെതിരേ തുറന്ന യുദ്ധവും പ്രഖ്യാപിച്ചിരുന്നു. അമ്പലങ്ങളിലെ ശാഖകള്‍ക്കെതിരായ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മുന്നറിയിപ്പ്. നിയമനിര്‍മാണത്തിന് മറ്റു പാര്‍ട്ടികളില്‍ നിന്നു പിന്തുണ ലഭിച്ചിരുന്നു. ഇതിനിടെ, നിയമത്തിന്റെ കരടുരൂപം ദേവസ്വം വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു നല്‍കിയിട്ടുണ്ടെന്നും അന്തിമ രൂപം ഉടന്‍ തയ്യാറാവുമെന്നും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു. പിന്നീട് എന്താണ് നിയമം നിര്‍മിക്കുന്നതിന് നേരിട്ട തടസ്സമെന്നു വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ദുരൂഹതയുളവാക്കുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ പോലും അട്ടിമറിക്കുംവിധം ആഭ്യന്തര വകുപ്പിലും സര്‍ക്കാരിലും സംഘപരിവാരം പിടിമുറുക്കിയിട്ടുണ്ട്. ആര്‍എസ്എസിനെതിരായ നിയമനിര്‍മാണം അട്ടിമറിക്കപ്പെട്ടത് ഇതാണ് വ്യക്തമാക്കുന്നതെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss