|    Oct 22 Sun, 2017 5:36 pm
FLASH NEWS

ആര്യങ്കാവ് മോട്ടോര്‍വാഹന ചെക്ക്‌പോസ്റ്റില്‍ അനധികൃത പണപ്പിരിവെന്ന് പരാതി

Published : 20th March 2017 | Posted By: fsq

തെന്മല: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവ്  മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ ഏജന്റുമാരായ മാഫിയ സംഘങ്ങളുടെ അനധികൃത പിരിവെന്ന് ആക്ഷേപം. ഇതുമൂലം സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി നഷ്ടമാകുന്നു. അനധികൃതമായും അമിത ഭാരവുമായി തമിഴ്‌നാട്ടിലേക്ക് പോകുന്നതും കേരളത്തിലേക്ക് വരുന്നതുമായ ടൂറിസ്റ്റ് വാഹനങ്ങളുമാണ് മാഫിയ സംഘങ്ങള്‍ വലയിലാക്കി പണം തട്ടിയെടുക്കുന്നത്. ഇതിന് ചെക്ക് പോസ്റ്റിലെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉള്ളതായും  ആക്ഷേപമുണ്ട്. ചെക്ക്‌പോസ്റ്റിന്റെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും സ്ഥലത്തില്ലാത്തതും ഏജന്റുമാര്‍ക്ക് ചാകരയാകുകയാണ്. ഇടക്ക് നടത്താറുള്ള  വിജിലന്‍സ്  പരിശോധനകള്‍ നിലച്ചതോടെയാണ് സംഘം  വീണ്ടും  സജീവമായത്. ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോഴേക്കും എത്തുന്ന ഏജന്റുമാര്‍ പലപ്പോഴും ജീവനക്കാരാണെന്ന വ്യാജേന വാഹനങ്ങളുടെ രേഖകള്‍ വാങ്ങുകയും ചെക്ക് പോസ്റ്റില്‍ നല്‍കേണ്ട പടി എന്ന പേരില്‍ 500 മുതല്‍ 5000 രൂപ വരെ വാങ്ങിയ ശേഷം ഇവര്‍ തന്നെ ഓഫിസിലെത്തി നിസാര തുകയടച്ച് രേഖകള്‍ ശരിയാക്കി നല്‍കുന്നതോടെയാണ്  സര്‍ക്കാരിന് അടക്കേണ്ട ആയിരങ്ങള്‍ നഷ്ടമാകുന്നത്. പടി നല്‍കാത്തവരെ ഭീഷണിപ്പെടുത്തിയും പണം തട്ടുന്നതായി വാഹന ജീവനക്കാര്‍ പറയുന്നു. പടി വാങ്ങി അമിത ലോഡുമായെത്തുന്ന വാഹനങ്ങളെ ചെക്ക് പോസ്റ്റില്‍ കയറ്റാതെയും പരിശോധനയില്ലാതെയും കടത്തി വിടുകയും ചെയ്യുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന കര്‍ശനമാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.രാത്രി ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ശേഷം സുഖമായുറങ്ങുമ്പോള്‍ വാഹന പരിശോധനയും പണവും മറ്റും ഈടാക്കുന്നതും ഏജന്റു മാരായ  മാഫിയ സംഘങ്ങളെന്ന് വാഹന െ്രെഡവര്‍മാര്‍ ആരോപിക്കുന്നു .ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം പടി നല്‍കിയാല്‍ മതിയെങ്കില്‍ ഇവര്‍ അധിക തുകയാണ് വസൂലാക്കുന്നതെന്നും ഇവര്‍ പറയുന്നു. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആളുകളുടെ അനുമതിയോടെയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് തെറ്റിധരിപ്പിച്ചാണ് ഇവിടുത്തെ  ഉദ്യോഗസ്ഥരെ ഏജന്റുമാഫിയ സംഘങ്ങള്‍  വലയിലാക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് പടി കിട്ടിയ പണം സൂക്ഷിച്ച ശേഷം കൈമാറുന്ന ലോബിയും സജീവമാണ്. ചില വ്യാപാരശാലകള്‍ കേന്ദ്രീകരിച്ചാണ് പടിയായി കിട്ടുന്ന പണം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക