|    Oct 23 Mon, 2017 3:34 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ആരോരുമറിയാതെ അഴിമതിയില്ലാതായി!

Published : 8th October 2017 | Posted By: fsq

പൊതുസമൂഹത്തില്‍ അഴിമതി മുഖ്യ വിപത്തായി മാറിയിരിക്കുകയാണല്ലോ? അനുദിനം അഴിമതി എല്ലാ മേഖലകളിലും പടര്‍ന്നുപിടിക്കുകയാണ്. അഴിമതിവിരുദ്ധമായ ജനകീയ പ്രവര്‍ത്തനങ്ങളൊന്നും വേണ്ടത്ര ഫലവത്താവുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും നിയമനടപടികളും ഇക്കാര്യത്തില്‍ വെറും വഴിപാടുകളായി മാറുന്നതായാണ് അനുഭവം. രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും അഴിമതി തടയാന്‍ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ നടത്തുന്നില്ല. മറിച്ച്, അഴിമതിക്ക് പ്രത്യക്ഷമായും പരോക്ഷമായും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ഭരണപക്ഷം നടത്തുന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിക്കുന്നില്ല. പ്രതിപക്ഷവും കൂടി അറിഞ്ഞുകൊണ്ടാണ് ഭരണപക്ഷം പല അഴിമതികളും ആസൂത്രണം ചെയ്യുന്നത് എന്നതാണു വാസ്തവം. മാധ്യമങ്ങളിലൂടെയാണ് പ്രമാദമായ പല അഴിമതികളും പുറംലോകമറിയുന്നത്. ഇക്കാര്യത്തില്‍ മിക്ക മാധ്യമങ്ങളുടെയും വായ് മൂടിക്കെട്ടാന്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണ ജനങ്ങള്‍ അഴിമതിക്കെതിരേ ചിന്തിക്കുന്നവരാണ്. ഏതുവിധേനയും അഴിമതി നിര്‍മാര്‍ജനം ചെയ്യണമെന്ന് അവരൊക്കെ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അഴിമതിക്കെതിരായ ചെറിയ നീക്കങ്ങള്‍ക്കുപോലും ജനപിന്തുണ ലഭിക്കുന്നത്. അഴിമതിക്കെതിരേ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡല്‍ഹി സംസ്ഥാനത്ത് ആം ആദ്മിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അഴിമതിക്കെതിരേയുള്ള ശക്തമായ പ്രചാരണംകൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുന്നണിയുടെ പ്രകടനപത്രികയില്‍ തന്നെ സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതി തടയുമെന്നു പ്രഖ്യാപിച്ചിരുന്നു. അഴിമതിവിരുദ്ധ പ്രതിച്ഛായയുള്ള വിജിലന്‍സ് ഡയറക്ടറെ നിയമിച്ച് പല വാഗ്ദാനങ്ങളും നല്‍കിയതല്ലാതെ കാര്യമായ മറ്റു പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമുള്ള യാതൊരു നടപടികളും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍പോലുമില്ല. അഴിമതി അന്വേഷിക്കാന്‍ സംസ്ഥാനതലത്തിലുള്ള ഏജന്‍സിയായ വിജിലന്‍സിന് സ്വതന്ത്രമായ പദവി നല്‍കണമെന്ന ആവശ്യം മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും അംഗീകരിക്കുന്നില്ല. ഇതിനു കാരണം വിജിലന്‍സിനെ രാഷ്ട്രീയസ്വാര്‍ഥപരമായ താല്‍പര്യങ്ങള്‍ക്കു പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ തങ്ങളുടെ ചട്ടുകമായി മാറ്റുന്നതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ഓഫിസുകളില്‍ അഴിമതി കുറഞ്ഞു എന്ന് അവകാശപ്പെടാനാവില്ല. യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതിക്ക് പരസ്യസ്വഭാവം നിലനിന്നിരുന്നു. ഈ ഗവണ്‍മെന്റിന്റെ കാലത്ത് അഴിമതി കൈകാര്യം ചെയ്യുന്നതില്‍ രഹസ്യ സ്വഭാവം കൈവന്നിട്ടുണ്ട്. എന്നാല്‍, അഴിമതിത്തുകയുടെ നിരക്കുകളില്‍ യാതൊരുവിധ വ്യത്യാസവും വന്നിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പുകളുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. 14 വകുപ്പുകളാണ് ഈ പട്ടികയിലുള്ളത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ശരാശരി 30 ശതമാനത്തോളം പേര്‍ കൈക്കൂലി വാങ്ങുന്നവരാണ് എന്നാണു കണ്ടെത്തല്‍. സര്‍ക്കാര്‍ വകുപ്പിലെ പ്യൂണ്‍ മുതല്‍ ഗവണ്‍മെന്റ് സെക്രട്ടറി വരെ ഇതില്‍ ഉള്‍പ്പെടും. ഗവണ്‍മെന്റില്‍നിന്നു ലഭിക്കുന്ന ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും നാലോ അഞ്ചോ ഇരട്ടി കൈക്കൂലിയിലൂടെ ഇവര്‍ക്കു ലഭിക്കുന്നു. മേലധികാരികളും ജീവനക്കാരുടെ സംഘടനകളും കണ്ണടച്ചുപിടിക്കുന്നു. ഫയലുകളെ ചുവപ്പുനാടകളില്‍ നിന്ന് മോചിപ്പിക്കാന്‍ നിവൃത്തിയില്ലാതെ ജനങ്ങള്‍ ചോദിക്കുന്ന പണം കൈക്കൂലിയായി കൊടുത്തുവരുന്നു. ഇങ്ങനെ അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അഴിമതിപ്പട്ടികയിലുള്ള വകുപ്പില്‍ ഒരു സുപ്രഭാതത്തില്‍ അഴിമതി തീരെ ഇല്ലാതാവുന്നു. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെയോ വിജിലന്‍സിന്റെയോ നടപടികളൊന്നും ഇല്ലാതെ വകുപ്പ് അഴിമതിവിമുക്തമായി. ആശ്ചര്യം! കേരള വാണിജ്യ നികുതി വകുപ്പിനാണ് (സെയില്‍സ് ടാക്‌സ്) ഇങ്ങനെയൊരു ഭാഗ്യം ഉണ്ടായത്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഈ വകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ കൈക്കൂലി വാങ്ങുന്നവര്‍ ശരാശരി 30 ശതമാനമാണെങ്കില്‍ സെയില്‍സ് ടാക്‌സില്‍ അത് 70 ശതമാനമാണ്. സുഖലോലുപരായി ജീവിതം നയിക്കുന്നവരാണ് ഇവിടത്തെ മിക്ക ജീവനക്കാരും. ജിഎസ്ടി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയത് മുതലാണ് കേരളത്തിലെ സെയില്‍സ് ടാക്‌സ് ഓഫിസുകള്‍ അഴിമതിമുക്തമായത്. കച്ചവടക്കാര്‍ നികുതി നേരിട്ട് അയയ്ക്കാന്‍  തുടങ്ങിയതോടെ സെയില്‍സ് ടാക്‌സ് ജീവനക്കാര്‍ക്ക് പണിയില്ലാതായി. പെനല്‍റ്റി അടയ്ക്കല്‍ പോലും ഓണ്‍ലൈനിലായി. കടകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇനത്തിലായിരുന്നു വന്‍തോതില്‍ കൈക്കൂലി വാങ്ങിയിരുന്നത്. ഇപ്പോള്‍ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മൂന്നു ദിവസംകൊണ്ട് ഓണ്‍ലൈനില്‍ തന്നെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക