|    Jan 20 Fri, 2017 1:14 pm
FLASH NEWS

ആരോപിതനായ പോലിസ് ഓഫിസറുമായി വേദി പങ്കിട്ടത് വിവാദമായി

Published : 11th July 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയാക്കപ്പെട്ട ഡിവൈഎസ്പി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒപ്പം വേദി പങ്കിട്ടത് വിവാദമായി.
ശനിയാഴ്ച കൊച്ചിയില്‍ നടന്ന കേരള പോലിസ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനാണു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കുമൊപ്പം ഡിവൈഎസ്പി അബ്ദുല്‍ റഷീദ് വേദി പങ്കിട്ടത്. എന്നാല്‍ താന്‍ ഉദ്ഘാടകനായ സമ്മേളനത്തിന്റെ അധ്യക്ഷന്‍ വധശ്രമക്കേസില്‍ പ്രതിയാക്കപ്പെട്ട വ്യക്തിയാണെന്നു പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്നാണു സൂചന.
ഇതുസംബന്ധിച്ച് ഇന്റലിജന്റസും മുഖ്യമന്ത്രിക്കു വിവരം നല്‍കിയിരുന്നില്ലെന്നാണ് അറിയുന്നത്. സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവിയോടു വിശദീകരണം ആവശ്യപ്പെട്ടതായും അറിയുന്നു. അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ അബ്ദുല്‍ റഷീദായിരുന്നു ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചിരുന്നത്.
പോലിസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു ചടങ്ങില്‍വച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്കു നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ പോലിസിലെ അഴിമതിയെക്കുറിച്ചും ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ചും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അഴിമതിയും പോലിസിങും ഒരുമിച്ചു കൊണ്ടുപോവാമെന്ന് ആരും കരുതേണ്ടെന്നും അത്തരക്കാര്‍ ആരായാലും കര്‍ശന നിയമനടപടിക്കു വിധേയരാക്കുമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
പോലിസ് സേനയില്‍ ചിലര്‍ വഴിവിട്ട് സഞ്ചരിക്കുന്നുണ്ട്. സ്വന്തം സ്വാര്‍ഥതയും അവിഹിത ഇടപാടുകളും നടത്തുന്നവര്‍ പോലിസ് സേനയ്ക്കാകെയാണ് അപമാനമുണ്ടാക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
2011 ഏപ്രില്‍ 16നാണു മാധ്യമപ്രവര്‍ത്തകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമമുണ്ടായത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചതിനു ശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍ കേസില്‍ നിന്ന് അബ്ദുല്‍ റഷീദിനെ ഒഴിവാക്കിയെന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടും ഉണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക