|    Apr 26 Wed, 2017 1:55 am
FLASH NEWS

ആരോപണങ്ങള്‍ക്കിടെ ഫഡ്‌നാവിസ് മന്ത്രിസഭ മൂന്നാംവര്‍ഷത്തിലേക്ക്

Published : 31st October 2016 | Posted By: SMR

മുംബൈ: മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളും സഖ്യകക്ഷിയായ ശിവസേനയുടെ രൂക്ഷ വിമര്‍ശനങ്ങളും നിലനില്‍ക്കെ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭ മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്നു. 2014 ഒക്ടോബര്‍ 31നാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുപ്പില്‍ ശിവസേനയെ തഴഞ്ഞ് തനിച്ച് മല്‍സരിച്ച ബിജെപി നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഫഡ്‌നാവിസ് മന്ത്രിസഭയെ എന്‍സിപി പുറത്തുനിന്ന് പിന്തുണച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശിവസേന, ബിജെപി സഖ്യത്തില്‍ തിരിച്ചെത്തി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മന്ത്രിമാര്‍ക്കെതിരേ നിരവധി ആരോപണങ്ങളുയര്‍ന്നു. മന്ത്രിസഭയിലെ രണ്ടാമനായ ഏക്‌നാഥ് ഖദ്‌സെക്ക് രാജിവയ്‌ക്കേണ്ടിവന്നു. മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങളൊന്നുമുയര്‍ന്നില്ല എന്നതാണ് സര്‍ക്കാരിന് ആശ്വസിക്കാവുന്ന ഒരുകാര്യം.
ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിത്യസ്തമായ പാര്‍ട്ടി എന്ന ബിജെപിയുടെ അവകാശവാദം പൊള്ളയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. വിദര്‍ഭ സംസ്ഥാന രൂപീകരണം സംബന്ധിച്ച് ബിജെപിയും ശിവസേനയും തമ്മില്‍ തുടങ്ങിയ യുദ്ധം ഉച്ചകോടിയിലെത്തി.
ചെറുസംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ ബിജെപി അനുകൂലമാണ്. എന്നാല്‍, ഇതിന്റെ എതിര്‍ദിശയിലാണ് ശിവസേന. മഹാരാഷ്ട്രയെ വിഭജിച്ച് വിദര്‍ഭ സംസ്ഥാനം രൂപീകരിക്കാന്‍ അനുവദിക്കില്ലെന്നാണ് ശിവസേനയുടെ നിലപാട്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിക്ക് പകരം ഐക്യ മഹാരാഷ്ട്രയ്ക്കു വേണ്ടിയുള്ള പരിപാടി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് സേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
കാര്‍ഷികമേഖലയിലെ പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികളിലൊന്ന്. മുന്‍ വര്‍ഷങ്ങളിലെ വരള്‍ച്ച കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. മറാത്ത്‌വാഡ മേഖലയാണ് കാര്‍ഷിക പ്രതിസന്ധി ഏറെ രൂക്ഷം. തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മറാത്ത സമുദായക്കാര്‍ മദനജാഥകള്‍ നടത്തുന്നതിന്റെ കാരണങ്ങളിലൊന്ന് കാര്‍ഷിക പ്രതിസന്ധിയാണ്. രണ്ടുവര്‍ഷത്തിനകം കര്‍ഷകരുടെ സ്ഥിതി അശേഷം മെച്ചപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ജാതിസംഘര്‍ഷം ഇത്രമാത്രം രൂക്ഷമായ മറ്റൊരു കാലമുണ്ടായിട്ടില്ലെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.
വിനോദ് താവ്‌ഡെ, പങ്കജ മുണ്ഡെ തുടങ്ങിയ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ നോട്ടമുണ്ടെങ്കിലും തല്‍ക്കാലം ഫഡ്‌നാവിസിന് ഭീഷണിയൊന്നുമില്ല. അടുത്ത് നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫഡ്‌നാവിസിന് അഗ്‌നി പരീക്ഷയാണ്. 212 മുനിസിപ്പല്‍ കൗണ്‍സിലിലേക്കും 27 ജില്ലാ പഞ്ചായത്തുകളിലേക്കും മുംബൈ അടക്കം 10 മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മിനി പൊതു തിരഞ്ഞെടുപ്പായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നിഷ്‌ക്രിയത്വം മൂഖ്യമന്ത്രിക്ക് ആശ്വാസം പകരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day