|    Oct 18 Thu, 2018 11:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആരോടും പരിഭവമില്ലാതെ അബി മടങ്ങി; ആമിനത്താത്തയും മിമിക്രിക്ക് ജനകീയ പരിവേഷം നല്‍കിയ കലാകാരന്‍

Published : 1st December 2017 | Posted By: kasim kzm

കൊച്ചി: 1990കളുടെ തുടക്കം. മിമിക്രിയെന്ന കലാരൂപം സാവധാനം ജനഹൃദയങ്ങളിലേക്കു കൂടുകൂട്ടി തുടങ്ങിയ കാലം. ആലപ്പി അഷ്‌റഫും എന്‍ എഫ് വര്‍ഗീസുമൊക്കെ നിറഞ്ഞാടിയ വേദിയില്‍ ജയറാമിനു ശേഷം ഉയര്‍ന്നുകേട്ട പേരായിരുന്നു അബി. മറ്റുമിമിക്രി കലാകാരന്മാര്‍ക്കൊന്നും ലഭിക്കാത്ത താരപരിവേഷം നല്‍കിയാണ് വേദികള്‍ അബിയെ സ്വീകരിച്ചത്. മിമിക്രിയിലൂടെ രംഗപ്രവേശം ചെയ്ത് മലയാള സിനിമയില്‍ മുടിചൂടാമന്നന്മാരായി തിളങ്ങുന്ന പല താരങ്ങളും അബിയുടെ ചുവടുപിടിച്ചാണ് ഈ മേഖലയിലെത്തിയത്. ദിലീപ്, ജയസൂര്യ, നാദിര്‍ഷ അങ്ങനെ പോവുന്നു ആ നിര. കലാരംഗത്ത് സജീവമാവുന്നതിനു മുമ്പ് സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കാന്‍ മുംബൈയിലേക്കു വണ്ടികയറിയ ചരിത്രമുണ്ട് അബിക്ക്. അസൗകര്യങ്ങളുടെ നടുവില്‍ അധികനാള്‍ തുടര്‍ന്നില്ല. തിരികെയെത്തി കോതമംഗലം എംഎ കോളജില്‍ തുടര്‍പഠനത്തിനു ചേര്‍ന്നു. യൂനിവേഴ്‌സിറ്റി തലത്തില്‍ മിമിക്രിയില്‍ തുടര്‍ച്ചയായി ഒന്നാംസമ്മാനം ലഭിച്ചതോടെ തന്റെ മേഖല ഏതെന്ന് അബി തിരിച്ചറിഞ്ഞു. അക്കാലത്തെ അറിയപ്പെടാത്ത മിമിക്രി താരങ്ങളെ ഉള്‍ക്കൊള്ളിച്ച് സാഗര്‍ എന്ന ചെറിയ ട്രൂപ്പ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. പിന്നീടാണ് കലാഭവനിലേക്ക് ചുവടു മാറിയത്. അവിടെ നിന്ന് ഹരിശ്രീയിലേക്കും അബിയെത്തി. ഇതിനിടയില്‍ എപ്പോഴോ സംഭവിച്ചതാണ് ആമിനത്താത്തയെന്ന ഏറെ ജനപ്രീതി നേടിയ കഥാപാത്രത്തിന്റെ ജനനം. അമിതാഭ് ബച്ചന്റെ ശബ്ദം ആദ്യമായി മിമിക്രി വേദികളില്‍ നിറഞ്ഞത് അബിയിലൂടെയായിരുന്നു. ശബ്ദത്തിനു പുറമേ നടന്മാരുടെ ശാരീരികഭാവവും ആസ്വാദകര്‍ കണ്ടുശീലിച്ചതും മറ്റെവിടെ നിന്നുമായിരുന്നില്ല. വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി അനശ്വരമാക്കിയ ചന്തുവും അബിയുടെ മാസ്റ്റര്‍ പീസുകളിലൊന്നായിരുന്നു. 1996ല്‍ അന്‍സാര്‍ കലാഭവന്‍ സംവിധാനം ചെയ്ത കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയിലും താത്തയായി അബി മിന്നി. മിമിക്രിയെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാരഡി കാസറ്റുകളുടെ പിറവിക്കു പിന്നിലും അബിയുണ്ട്. മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്ന അബിക്ക് സിനിമയിലേക്കു വഴിതുറന്നത് ബാലചന്ദ്രമേനോനാണ്. മമ്മൂട്ടി നായകനായ ‘നയം വ്യക്തമാക്കുന്നു’വെന്ന ചിത്രത്തിലൂടെ അബി വെള്ളിത്തിരയിലെത്തി. എന്നാല്‍, സ്റ്റേജില്‍ ലഭിച്ച സ്വീകാര്യത അബിക്ക് സിനിമയില്‍ ലഭിച്ചില്ല. 26 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 50ഓളം ചിത്രങ്ങളില്‍ മാത്രമായി അബിയുടെ സാന്നിധ്യമൊതുങ്ങി. ചില ചിത്രങ്ങളില്‍ നായകപ്രാധാന്യമുള്ള വേഷങ്ങളിലെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതും തിരിച്ചടിയായി. സുഹൃത്തുക്കളായ കലാഭവന്‍ മണിയും ദിലീപും വെള്ളിത്തിരയില്‍ കൈയടി നേടിയപ്പോള്‍ ടിവി ചാനല്‍ ഷോയിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ അബി നിറഞ്ഞു. അതിനപ്പുറത്തേക്ക് കാമറക്കണ്ണുകള്‍ അബിയെ വളര്‍ത്തിയില്ല. സൈന്യം, കിരീടം ഇല്ലാത്ത രാജാക്കന്മാര്‍, അനിയത്തിപ്രാവ്, താന്തോന്നി തുടങ്ങിയ ഒരുപിടി സിനിമകളില്‍ സഹതാരമായി അബിയെത്തി. പിന്നാലെയെത്തിയവര്‍ കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങളായി മാറിയപ്പോഴും ആരോടും പരിഭവമില്ലാതെ സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് തിരക്കിട്ട് പായുകയായിരുന്നു അബി. മറ്റു ദുശ്ശീലങ്ങളൊന്നുമില്ലാത്തതുകൊണ്ട് സിനിമാസൗഹൃദ സദസ്സുകളില്‍ അധികപ്പറ്റായിരുന്നുവെന്നതും ആരെയും അവസരങ്ങള്‍ക്കായി സമീപിച്ചിട്ടില്ലാത്തതുമാണു തിളങ്ങാന്‍ സാധിക്കാത്തതിന്റെ കാരണമായി അബി പലപ്പോഴും പറഞ്ഞിരുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ തനിക്കു നിഷേധിച്ച സൗഭാഗ്യങ്ങള്‍ ഷെയ്ന്‍ നിഗം എന്ന മകനിലൂടെ നേടിയെടുക്കുമ്പോള്‍ അഭിമാനംകൊണ്ട് കണ്ണുകള്‍ നിറഞ്ഞ പിതാവിന്റെ രൂപത്തിലും അബിയെ കലാകേരളം കണ്ടു. അബി അവസാനമായി വേഷമിട്ട കറുത്ത സൂര്യന്‍ എന്ന ചലച്ചിത്രം ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും. സിനിമയുടെ അവസാനവട്ട മിനുക്കുപണി നടക്കുന്നതിനിടയിലെത്തിയ അബിയുടെ മരണവാര്‍ത്ത ഞെട്ടിച്ചെന്ന് സംവിധായകന്‍ മുഹമ്മദ് അലി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss