|    Sep 19 Wed, 2018 2:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആരോഗ്യ വകുപ്പിലെ ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ മരവിപ്പിച്ചു

Published : 18th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മഴക്കെടുതികളെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട അടിയന്തര നടപടികളെപ്പറ്റി മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ വച്ച് ഉന്നതതല യോഗം കൂടി. വെള്ളം ഇറങ്ങുന്ന സമയത്ത് വീടും പരിസരവും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കി ശുചീകരിക്കുന്നതിനു നേതൃത്വം നല്‍കാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഗണിച്ച് ദുരിതമനുഭവിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ആറു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് നിയമിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഒഴിഞ്ഞുകിടക്കുന്ന എല്ലാ ഒഴിവുകളും അടിയന്തരമായി നികത്തും. ഓണം അവധി ദിനങ്ങളില്‍ മതിയായ ജീവനക്കാരുടെ സാന്നിധ്യം അതത് മേധാവികള്‍ ഉറപ്പു വരുത്തേണ്ടതാണ്. ഇതോടൊപ്പം ആരോഗ്യ വകുപ്പിലെ ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ തല്‍ക്കാലം മരവിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വെള്ളം ഇറങ്ങുന്ന സമയത്ത് പാലിക്കേണ്ട നിര്‍ദേശങ്ങളെപ്പറ്റി ആരോഗ്യ വകുപ്പ് ഗൈഡ്—ലൈന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ശുചീകരണത്തിനും ക്ലോറിനേഷനും ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ തുടങ്ങിയവ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വെള്ളം ഇറങ്ങുന്ന തൊട്ടടുത്ത ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. സ്റ്റേറ്റ്, ജില്ലാ കണ്‍ട്രോള്‍ റൂമുകളാണ് സജ്ജമാക്കുന്നത്. ടൈഫോയിഡ്, ടെറ്റനസ്, മീസില്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ് ശക്തിപ്പെടുത്തും. കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നടപ്പാക്കുന്നത്.
പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. പല സ്ഥലങ്ങളിലും പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനുള്ള മരുന്നുകള്‍ ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കരുതാനും നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss