|    Jan 23 Mon, 2017 7:59 am
FLASH NEWS

ആരോഗ്യ വകുപ്പിന്റെ പരിശോധന; നഗരസഭയുടെ കുടിവെള്ള സംഭരണിയില്‍ രാസവസ്തുക്കള്‍

Published : 8th October 2016 | Posted By: Abbasali tf

നീലേശ്വരം: നഗരസഭയിലെ പള്ളിക്കരയില്‍ 75 ഓളം കുടുംബങ്ങള്‍ക്കായി നഗരസഭ സ്ഥാപിച്ച കുടിവെള്ള പദ്ധതിക്ക് പണിത ജലസംഭരണിയില്‍ ശേഖരിച്ച വെള്ളത്തില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. കോഴിക്കോട്ടെ മെഡിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തിയത്. ഇതിലെ വെള്ളം തുടര്‍ച്ചയായി കഴിച്ചാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പിടിപെടുമെന്നും ലാബിലെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇതില്‍ നിന്നുള്ള വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ല. ഇത് മൂലം കുടിവെള്ളത്തിനായി ജനങ്ങള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ ഭരണ സമിതിയുടെ കാലത്ത് പദ്ധതി പ്രദേശത്ത് പുറമെ നിന്നുള്ള മണ്ണുകൊണ്ട് വന്ന് നിരത്തിയിരുന്നു. ഇതിന് ശേഷമാണ് വെള്ളത്തിന് മാറ്റം വന്നതെന്ന് ജനങ്ങള്‍ പറയുന്നു. വെള്ളത്തില്‍ അമ്ലവും ഇരുമ്പിന്റെ അംശവും ക്രമാതീതമായി വര്‍ദ്ധിച്ചതാണ് കാരണമെന്നാണ് പരിശോധനാ റിപോര്‍ട്ട് പറയുന്നത്. ഇപ്പോള്‍ കുടിക്കുന്നതിനുള്ള വെള്ളം ഒരാഴ്ചത്തേക്ക് ജനങ്ങളും സന്നദ്ധ സംഘടനകളും പണം പിരിച്ചെടുത്ത് ടാങ്കര്‍ ലോറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നഗരസഭാ ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് നിര്‍ത്തി വെക്കുകയും ചെയ്തുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മഴക്കാലത്ത് വീട് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങുകയും വേനല്‍ കാലത്ത് കിണറുകളില്‍ ചെളിവെള്ളവും നിറയുന്നതിനാല്‍ കുടിവെള്ള വിതരണം മാത്രമേ സാധ്യമാകുകയുള്ളൂ. പഞ്ചായത്ത് ആയിരുന്ന കാലത്ത് ഇത്തരം പ്രയാസമുണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക