|    Sep 21 Thu, 2017 3:34 am
Home   >  Todays Paper  >  Page 5  >  

ആരോഗ്യ പദ്ധതികള്‍ യുഎന്‍ ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കും

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ യുഎന്‍ഒയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ സമന്വയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി വിദഗ്ധരടങ്ങിയ കര്‍മസമിതി—ക്കു രൂപംനല്‍കി. 13 കര്‍മസമിതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
അക്കാദമിക്, ക്ലിനിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് രംഗത്തുള്ളവരാണ് അംഗങ്ങള്‍. കേരള ഹെല്‍ത്ത് റിസോഴ്‌സ് സെന്റര്‍ സമിതിയാണ് ഇവരെ കോ-ഓഡിനേറ്റ് ചെയ്യുന്നത്. മാതൃമരണം, ശിശുമരണം, എയ്ഡ്‌സ്, ടിബി, മലേറിയ, ജലജന്യ രോഗങ്ങള്‍, മറ്റു സാംക്രമികരോഗങ്ങള്‍ എന്നിവ കുറയ്ക്കല്‍, ജീവിതശൈലീ രോഗങ്ങളില്‍നിന്നുള്ള മരണം മൂന്നിലൊന്നായി കുറയ്ക്കല്‍, മയക്കുമരുന്ന്, മദ്യ ഉപഭോഗം നിയന്ത്രിക്കല്‍, റോഡ്- ട്രാഫിക് അപകടങ്ങളില്‍ നിന്നുള്ള മരണം കുറയ്ക്കല്‍, യൂനിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ്, സുരക്ഷിതവും ഗുണമേന്മയും ചെലവുകുറഞ്ഞതുമായ ചികില്‍സ ലഭ്യമാക്കല്‍, എല്ലാവര്‍ക്കും ആവശ്യമായ മരുന്നുലഭ്യത ഉറപ്പുവരുത്തല്‍, അന്തരീക്ഷ- ജലമലിനീകരണത്തില്‍നിന്നുള്ള മരണങ്ങളും രോഗങ്ങളും കുറയ്ക്കല്‍ എന്നിങ്ങനെ ഉപലക്ഷ്യങ്ങള്‍ ഈ പദ്ധതി—ക്കുണ്ട്.
13 മേഖലകളായി തിരിച്ച് പ്രഗല്ഭരായ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍നിന്നുണ്ടായ നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമാണു നടപ്പാക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാതൃമരണ നിരക്ക് ഇപ്പോഴുള്ള 61 ശതമാനത്തില്‍ നിന്ന് 2020ഓടെ 30ഉം, 2030ഓടെ 20ഉം ആയി കുറക്കുക, ശിശുമരണ നിരക്ക് ഇപ്പോഴത്തെ 12 ശതമാനത്തില്‍ നിന്ന് 2020ഓടെ 8ഉം, 2030ഓടെ 6ഉം ആക്കാനും വിദഗ്ധ സമിതി തീരുമാനിച്ചു. പകര്‍ച്ചവ്യാധികളായ ക്ഷയരോഗം, മലേറിയ, എയ്ഡ്‌സ് എന്നിവ സമ്പൂര്‍ണമായി ഇല്ലാതാക്കുകയും ഹെപ്പറ്റൈറ്റിസ്, മറ്റ് ജലജന്യ സാംക്രമികരോഗങ്ങളെ നേരിടുക എന്നതുമാണ് 2030ഓടുകൂടി ലക്ഷ്യമിടുന്നത്.
കേരളത്തില്‍ ക്ഷയരോഗ ബാധിതരായി 1000 പേര്‍ പ്രതിവര്‍ഷം മരിക്കുന്നു. 2020ഓടെ 650 ആക്കുക എന്നതാണ് വിദഗ്ധ സമിതിയുടെ ആദ്യത്തെ നിര്‍ദേശം. കൂടാതെ പ്രതിവര്‍ഷം ഈ രോഗത്തിന് അടിമയാവുന്നവര്‍ 22,785 പേരാണ്. ഇത് 2020ഓടെ 18,228 ആക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. നിലവില്‍ ക്ഷയരോഗചികില്‍സ സൗജന്യമാണെങ്കിലും പ്രത്യേക പരിശോധനകള്‍ക്കും മറ്റുമായി രോഗികള്‍ക്ക് സാമ്പത്തികബാധ്യതയുണ്ടാക്കുന്നു. 2020ഓടെ ഇത് പൂര്‍ണമായും സൗജന്യമാക്കണം.  2020ഓടെ മലമ്പനി, മന്ത് പൂര്‍ണമായും ഇല്ലായ്മ ചെയ്യുക എന്നതാണ് കര്‍മസമിതി ലക്ഷ്യമിടുന്നത്. ജീവിതശൈലീ രോഗങ്ങള്‍ 2030ഓടെ 30 ശതമാനമായി കുറയ്ക്കുക, മദ്യത്തിന്റെ ഉപയോഗം 10 ശതമാനമായി കുറയ്ക്കുക എന്നിവയും സമിതിയുടെ ശുപാര്‍ശയിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക