|    Feb 25 Sat, 2017 3:24 pm
FLASH NEWS

ആരോഗ്യ-ധന വകുപ്പുകളുടെ പിടിപ്പുകേട്; സുകൃതം പദ്ധതി സ്തംഭിച്ചു; രോഗികള്‍ ദുരിതത്തില്‍

Published : 30th November 2016 | Posted By: SMR

 എം വി വീരാവുണ്ണി

പട്ടാമ്പി: അര്‍ബുദരോഗികള്‍ക്ക് ആശ്വാസമായിരുന്ന സുകൃതം പദ്ധതി സ്തംഭിച്ചതിനാല്‍ രോഗികള്‍ ദുരിതത്തില്‍. തിരഞ്ഞെടുത്ത താലൂക്ക്, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രിക ള്‍, തിരുവനന്തപുരം-മലബാര്‍ കാന്‍സര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ചികില്‍സ നിശ്ചലമായത്.
വര്‍ഷത്തില്‍ 50,000ല്‍ അധികം രോഗികളാണ് ചികില്‍സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിരുന്നത്. എന്നാ ല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുതാര്യകേരളത്തില്‍ ഉള്‍പ്പെടുത്തി 10,000ലധികം രോഗികളെ കൂടി ചികില്‍സാപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പദ്ധതി താളംതെറ്റിയത്. വര്‍ധിച്ച രോഗികള്‍ക്കനുസരിച്ച് ഫണ്ടിന്റെ വര്‍ധന ഇല്ലാത്തതാണ് കാരണം. റേഡിയേഷന്‍ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തത്, നടത്തുന്നവയുടെ തന്നെ പ്രവര്‍ത്തനക്ഷമതയില്ലായ്മ എന്നിവയാണ് തുടക്കത്തില്‍ പ്രശ്‌നമുണ്ടാക്കിയത്.
എല്ലാ ആശുപത്രികളിലും കൂടി നൂറോളം റേഡിയേഷന്‍ യന്ത്രങ്ങള്‍ ആവശ്യമുള്ളിടത്ത് 20 എണ്ണം മാത്രമാണ് നിലവിലുള്ളത്. അവയില്‍ തന്നെ പലതും ഇടയ്ക്കിടെ തകരാറാവുന്നത് പതിവാണ്. ലിനാക്ക്, കൊബാ ള്‍ട്ട് റേഡിയേഷന്‍ യന്ത്രങ്ങളാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത്. ഇവയ്ക്ക് 10 വര്‍ഷമാണ് മികച്ച പ്രവര്‍ത്തന കാലാവധി. പക്ഷേ, പലതും 10ഉം 12ഉം വര്‍ഷം പഴക്കമുള്ളതാണ്. ദിവസത്തില്‍ പരമാവധി 12 മണിക്കൂര്‍ മാത്രമേ പുതിയ മെഷീന്‍ പോലും പ്രവര്‍ത്തിപ്പിക്കാവൂ എന്ന് കര്‍ശന നിര്‍ദേശമുള്ളിടത്ത് 15 മുതല്‍ 18 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നതായി ആരോഗ്യവകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു. രോഗികളുടെ എണ്ണത്തിനനുസരിച്ച് അഭ്യസ്തവിദ്യരായ ജീവനക്കാരുടെ കുറവും ആവശ്യത്തിനനുസരിച്ച് മരുന്നിന്റെ സ്‌റ്റോക്കില്ലാത്തതും ചികില്‍സ മുടങ്ങാന്‍ കാരണമാണ്. പദ്ധതി വിപുലീകരിച്ച് കൂടുതല്‍ രോഗികള്‍ക്ക് ചികില്‍സാസഹായം നല്‍കുമെന്ന ഇടതു സര്‍ക്കാര്‍ പ്രഖ്യാപനവും ജലരേഖയായി. രോഗികള്‍ ഇപ്പോള്‍ വന്‍ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
ധനവകുപ്പ് യഥാസമയം ഫണ്ട് ലഭ്യമാക്കാത്തതാണ് കാരണമെന്ന് ആരോഗ്യവകുപ്പും തങ്ങളുടെ കുറ്റമല്ല, ആരോഗ്യവകുപ്പിന്റെ പോരായ്മകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ധനവകുപ്പും പരസ്പരം പഴിചാരുകയാണ്. സത്യമെന്തെന്നറിയാതെ നട്ടംതിരിയുകയാണ് ചികില്‍സ നിഷേധിക്കപ്പെട്ട രോഗികളും ബന്ധുക്കളും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക