|    Sep 24 Mon, 2018 12:37 pm

ആരോഗ്യ- കലാ കേന്ദ്രത്തിന് നൂറ് വയസ്സ്

Published : 23rd August 2016 | Posted By: SMR

കോഴിക്കോട്: ആയുര്‍വേദ ചികല്‍സാ കേന്ദവും പാഠശാലയും നാടക ശാലയുമെല്ലാമായി ആരോഗ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക കലാരംഗത്ത് തിളങ്ങിനിന്ന കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് ശാഖയ്ക്ക് നൂറ് വയസ്സ് തികയുന്നു. ആര്യവൈദ്യശാലയ്ക്ക് ഒരു ബ്രാഞ്ച് തുടങ്ങണമെന്ന ആലോചന വന്നപ്പോള്‍ സ്ഥാപകന്‍ വൈദ്യരത്‌നം പി എസ് വാരിയര്‍ തന്നെയാണ് കോഴിക്കോട്ട് ശാഖ തുടങ്ങാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. അങ്ങിനെ കോട്ടക്കലിന് പുറത്ത് ആര്യവൈദ്യശാലയുടെ ആദ്യ ആയുര്‍വേദ ചികില്‍സാകേന്ദ്രം 1916ല്‍ കല്ലായി റോഡില്‍ ആരംഭിച്ചു. പിന്നീട് 1917ല്‍ മലബാറിലെ ആദ്യത്തെ ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനമായ ആര്യവൈദ്യ പാഠശാലയും ഈ ബ്രാഞ്ചിനോടനുബന്ധിച്ച് തുടങ്ങി.
തികഞ്ഞ സഹൃദയനായിരുന്ന പി എസ് വാരിയര്‍ നാടകപ്രവര്‍ത്തനങ്ങള്‍ക്കും നാടകങ്ങള്‍ അവതരിപ്പിക്കാനുമായി ബ്രാഞ്ചിനോടനുബന്ധിച്ച് പി എസ് വി ഡ്രാമാറ്റിക് ഹാള്‍ എന്ന പേരില്‍ പ്രത്യേക കേന്ദ്രവും ആരംഭിച്ചു.
അങ്ങിനെ ചികില്‍സയും പഠനവും നാടകാവതരണവുമെല്ലാമായി കോഴിക്കോട് ശാഖ വളരെ പ്രശസ്തമായി മാറി.  ആയുര്‍വേദത്തിന്റെ വികാസത്തിനായി ആരംഭിച്ച ആര്യ ൈവദ്യസമാജത്തിന്റെ രണ്ടു വിശേഷാല്‍ പൊതുയോഗങ്ങളിലൂടെ വൈദ്യപാഠശാലയുടെ പാഠ്യപദ്ധതിയും മറ്റും രൂപീകരിച്ചു. വൈദ്യരത്‌നം തൃപ്രങ്ങേ ാട് കെ പരമേശ്വരന്‍ മൂസ്, അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് ദിവാകരന്‍ മൂസ് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്ന ു. 1917ല്‍ ജനുവരി 14ന് ആര്യ ൈവദ്യ സമാജത്തിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആയുര്‍വേദ പാഠശാല ഉദ്ഘാടനം ചെയ്തത്. സാമൂതിരി രാജാവായിരുന്ന ഉദ്ഘാടകന്‍. ആദ്യ ബാച്ചില്‍ 42 പേരായിരുന്നു വിദ്യാര്‍ഥികള്‍. അവരില്‍നിന്നു അഞ്ചു രൂപയാണ് പ്രവേശന ഫീസ് വാങ്ങിയത്. പി പി കമ്മാരന്‍ നമ്പ്യാര്‍, പി കെ രാവുണ്ണിമേനോന്‍ എന്നിവരായിരുന്നു ആദ്യ അധ്യാപകര്‍.
ആര്യവൈദ്യന്‍ എന്‍ പി കെ പിഷാരടി പിന്നീട് പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. പി എസ് വാരിയര്‍ ആഴ്ചയിലൊരിക്കല്‍ എത്തി വിദ്യാര്‍ഥികളെ ശരീരശാസ്ത്രം പഠിപ്പിച്ചു. 1921ല്‍ 14 പേരാണ് ഇവിടെ നിന്ന് ആര്യവൈദ്യന്‍ ബിരുദം നേടി പുറത്തുവന്നത്. ഇന്ന് ആയുര്‍വേദരംഗത്തെ പ്രസിദ്ധ സ്ഥാപനമായി വളര്‍ന്നു പന്തലിച്ചു കഴിഞ്ഞ പാഠശാല 1924ലാണ് കോട്ടക്കലിലേക്കു മാറ്റിയത്.  പി എസ് വാരിയരുടെ നാടകപ്രവര്‍ത്തനങ്ങളുടെ പ്രധാനകേന്ദ്രമായിരുന്നു പി എസ് വി ഡ്രാമാറ്റിക് ഹാള്‍. 1939 ല്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പിഎസ്‌വി നാട്യസംഘം രൂപം കൊണ്ടു. ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണ് കോഴിക്കോട് ബ്രാഞ്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 50,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വിപുലമായ കെട്ടിടസമുച്ചയമാണ് ഇത്. ഡോ.പി വി രവീന്ദ്രനാണ് നിലവില്‍ ബ്രാഞ്ച് മാനേജറും ചീഫ് ഫിസിഷ്യനും. ശാഖയുടെ നൂറാം വാര്‍ഷികാഘോഷത്തിന് എം കെ രാഘവന്‍ എംപി, എം പി വീരേന്ദ്രകുമാര്‍ എംപി, എംഎല്‍എമാരായ എം കെ മുനീര്‍, പ്രദീപ് കുമാര്‍, സാമൂതിരി രാജ കെ സി ഉണ്ണി അനുജന്‍ രാജ, എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രുപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും അഡ്വ പി എം നിയാസ് വൈസ് ചെയര്‍മാനും ഡോ പി എം വാരിയര്‍ ജനറല്‍ കണ്‍വീനറും ഡോ പി വി രവീന്ദ്രന്‍ ജോയിന്റ് കണ്‍വീനറുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss