|    Oct 21 Sun, 2018 3:40 pm
FLASH NEWS

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കാന്‍ ഏജന്‍സിയുടെ ശ്രമം ; ഫോട്ടൊയെടുപ്പ് കേന്ദ്രങ്ങളിലെത്തുന്നവര്‍ ദുരിതപ്പെടുന്നു

Published : 29th May 2017 | Posted By: fsq

 

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന) അട്ടിമറിക്കാന്‍ കരാറെടുത്ത ഏജന്‍സിയുടെ നീക്കം. പരമാവധി ഗുണഭോക്താക്കളെ കുറയ്ക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫോട്ടോ എടുക്കുന്നതിന്റെ അറിയിപ്പ് യഥാസമയം നല്‍കാതിരിക്കുക, ഫോട്ടോ എടുക്കുന്നതും രജിസ്‌ട്രേഷന്‍ പുതുക്കുന്നതും മറ്റൊരു ഏജന്‍സിക്ക് പുറം കരാര്‍ നല്‍കുക, ഇതര സംസ്ഥാനത്തു നിന്നുമുള്ള ജീവനക്കാരെ ചുമതലപ്പെടുത്തുക സാധാരണ ജനങ്ങളുമായുള്ള ആശയ വിനിമയം തടസ്സപ്പെടുത്തുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളാണ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പാക്കുന്നത്.   2017-18 വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കുന്നതിനുള്ള അവസാന അവസരമാണ് ക്യാംപെന്ന്്് അറിയിച്ചിരിക്കുന്നതിനാല്‍ ഫോട്ടോ എടുപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന എത്തുന്ന നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് അനുസൃതമായ ജീവനക്കാരില്ലാത്തത് ജനങ്ങളുടെ ദുരിതത്തിന് പ്രധാന കാരണം. ഇതിനോടൊപ്പം ഉത്തരേന്ത്യയില്‍ നിന്നുള്ള ജീവനക്കാരുടെ മലയാളികളോടുള്ള മനോഭാവവും ധാര്‍ഷ്ട്യവും മറ്റൊരു ദുരിതത്തിനും കാരണമാവുന്നു. പ്രായമായവരാണ് കൂടുതലും കാര്‍ഡ് പുതുക്കാനെത്തുന്നത്. ഇവര്‍ക്ക് ഇംഗ്ലീഷോ, ഹിന്ദിയോ അറിയില്ലാത്തതും ജീവനക്കാര്‍ക്ക് മലയാളം മനസ്സിലാവത്തില്ലാത്തതുമാണ് വിനയായത്. ആശയവിനിമയത്തിലെ കാലതാമസം കാര്‍ഡ് കിട്ടുന്നത് വൈകിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ വളരെ ഭംഗിയായി നടത്തിയിയിരുന്ന നടപടി ക്രമങ്ങളാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നുള്ള തരത്തിലാണ് ജനപ്രതിനിധികളുടെ പ്രതികരണം. ടോക്കണ്‍ കൊടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നല്‍കുന്നതും ക്യാംപിന്  അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നതും മാത്രമാണ് പഞ്ചായത്തിന്റെ ജോലി. എന്നാല്‍ മുന്‍കാലങ്ങളില്‍ ഇവരുടെ സേവനത്തിനുള്ള പ്രതിഫലം നല്‍കിയില്ല എന്ന കാരണത്താല്‍ കുടുംബശ്രീ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയാണ്. ഇത് കാരണം മിക്ക ഇടങ്ങളിലും ഫോട്ടോയെടുത്ത് അസഭ്യം പറച്ചിലിലും വാക്കേറ്റങ്ങളിലും പോലിസ് ഇടപെടലുകളിലും അവസാനിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ഫോട്ടോടെയുക്കുന്ന വിവരം മിക്കപ്പോഴും ഏജന്‍സി മറച്ചു വയ്്ക്കുകയും ചെയ്യുന്നു. കിലോമീറ്ററുകള്‍ താണ്ടി ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളിലെത്തുന്നവരെ സമയം അവസാനിച്ചതായി കാണിച്ച് പറഞ്ഞു വിടുന്നതും പതിവാണ്. ഒരു കുടുംബത്തില്‍ അഞ്ചു പേരുണ്ടെങ്കില്‍ മുന്നുപേരുടെ ഫോട്ടോ എടുത്തും ഇന്‍ഷുറന്‍സ് ഏജന്‍സി ഗുണഭോക്താക്കളെ വഞ്ചിക്കുന്നു. ജില്ലാ കലക്ടര്‍ കണ്‍വീനറും ജില്ലാ ലേബര്‍ ഓഫിസര്‍ ചെയര്‍മാനുമായ സമിതിക്കാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മേല്‍നോട്ടവും ചുമതലയും. ഒരു കുടുംബത്തിന്റെ രജിസ്‌ട്രേഷന് പത്ത് മിനിട്ട് സമയം ആവശ്യമാണ് എന്നിട്ടും അധികൃതര്‍ മിക്കപ്പോഴും ഫോട്ടോ എടുപ്പ് കേന്ദ്രങ്ങളിലെത്തിക്കുന്നത് ഒരു കംപ്യൂട്ടറാണ്. ഇതേ തുടര്‍ന്നാണ് ജനങ്ങളുടെ കാത്തിരിപ്പ് ആറും ഏഴും മണിക്കൂറുകള്‍ നീളുന്നത്. ആരോഗ്യ പരിപാലനം ചെലവേറിയ കാലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കാതിരിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന സംശയവും ബലപ്പെടുകയാണ്. പൊതുവിഭാഗത്തില്‍ ഒരു കുടുംബം ഒന്നിന് 738 രൂപയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 182 രൂപയുമാണ് പ്രീമിയം തുകയായി റിലയന്‍സ് മുന്നോട്ടുവച്ചത്. 311.28 കോടി രൂപയ്ക്കാണ് കരാര്‍. കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് കേരളത്തില്‍ പദ്ധതിയുടെ നടത്തിപ്പുക്കാര്‍. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സമയത്ത് പൊതുമേഖലയിലുള്ള യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കായിരുന്നു നടത്തിപ്പുചുമതല. ജില്ലാ ലേബര്‍ ഓഫിസര്‍: 8547655259.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss