|    Jul 21 Fri, 2017 8:05 pm
FLASH NEWS

ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Published : 22nd July 2016 | Posted By: SMR

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ തട്ടുകടകളിലും ഹോട്ടലുകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഇന്നലെ രാവിലെ മുതല്‍ നടന്ന പരിശോധനയില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിലെ തട്ടുകടകളിലൊന്നില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ പാകം ചെയ്യുന്നതെന്നു കണ്ടെത്തി. ഇത് പൂട്ടാന്‍ നിര്‍ദേശം നല്‍കി.
ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു തട്ടുകടകളില്‍ കണ്ടെത്തിയ ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉടമകള്‍ക്കു നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം വീഴ്ച്ചകള്‍ പരിഹരിക്കാനാണു നോട്ടീസ് നല്‍കിയിരിക്കുന്നത്. തട്ടുകടകളില്‍ വെള്ളം എത്തിക്കുന്ന ടാങ്കര്‍ ലോറി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വെള്ളത്തിന്റെ ശുദ്ധത തെളിയിക്കുന്നതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ലോറിയുടമയ്ക്കു നോട്ടീസ് നല്‍കി. പതിനഞ്ചോളം തട്ടുകടകളാണ് ഐഎംസിഎച്ചിനു മുന്നില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്.
കോളജിനു സമീപത്തെ ഹോട്ടലുകളിലും ചായക്കടകളിലും പരിശോധന നടന്നു. കോവൂര്‍ ഭാഗത്തെ ഹോട്ടലില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. മെഡിക്കല്‍ കോളജ് പരിസരത്തെ കടകള്‍ക്കു നേരത്തെ ഹെല്‍ത്ത്കാര്‍ഡ് നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തി. പ്ലേറ്റ് കഴുകുന്നതിനും മറ്റും ചൂടുവെള്ളം ഉപയോഗിക്കണമെന്നതടക്കമുള്ള മുന്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പ്രമോദ്, ജെഎച്ച്‌ഐമാരായ റഹീം, റജി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക