|    Jul 17 Tue, 2018 12:06 am
FLASH NEWS

ആരോഗ്യവകുപ്പ് ഡയറക്ടര്‍ എരുമേലി ഐസി യൂനിറ്റ് സന്ദര്‍ശിച്ചു

Published : 6th August 2017 | Posted By: fsq

 

എരുമേലി: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത എരുമേലിയിലെത്തി സാമൂഹികാരോഗ്യ കേന്ദ്രവും ഐ സി യൂനിറ്റും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉപലോകായുക്ത കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് സന്ദര്‍ശിച്ചത്. ഡയറക്ടര്‍ എത്തുമ്പോഴും യൂനിറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. യൂനിറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഉപലോകായുക്ത കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയതായിരുന്നു ഡയറക്ടര്‍. കോളറ രോഗം മൂലം സംസ്ഥാനത്ത് മൂന്ന് മരണം ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ഡയറക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലുള്‍പ്പടെ ഹോട്ടലുകളിലും ശുചിത്വ പരിശോധനകള്‍ കര്‍ക്കശമാക്കണമെന്ന് നിര്‍ദേശം നല്‍കി. എരുമേലിയിലെ  ഐസി യൂനിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ഡയറക്ടര്‍ പറഞ്ഞു. പനി വ്യാപകമായ സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം എല്ലായിടത്തും ഉറപ്പാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐ സി യൂനിറ്റിലേക്ക് ജീവനക്കാരെ നിയോഗിക്കാന്‍ പ്രയാസ്സമുണ്ടെങ്കിലും നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. പി കെ ശ്രീമതി ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഉദ്ഘാടനം ചെയ്ത് എരുമേലി, കാഞ്ഞിരപ്പളളി സര്‍ക്കാര്‍ ആശുപത്രികളില്‍ ശബരിമല തീര്‍ത്ഥാടന സേവനം മുന്‍നിര്‍ത്തി ഐസി യൂനിറ്റുകള്‍ 50 ലക്ഷം ചെലവിട്ട് ആരംഭിച്ചത്. അന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഇവ സ്ഥിരം യൂനിറ്റുകളാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പ്രവര്‍ത്തനം തീര്‍ത്ഥാടന കാലത്ത് മാത്രമായി മാറുകയായിരുന്നു. ഇതിനെതിരേ ലോകായുക്തയില്‍ മനുഷ്യാവകാശ ജനകീയ സംഘടനാ ഭാരവാഹി എച്ച് അബ്ദുല്‍ അസീസ് നല്‍കിയ ഹര്‍ജിയില്‍ യൂനിറ്റ് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കണമെന്ന് ഉത്തരവുണ്ടായെങ്കിലും നടപ്പിലായില്ല. തുടര്‍ന്നാണ് ഉത്തരവ് നടപ്പിലാക്കുന്നതിന് ഉപലോകായുക്തയില്‍ അസീസ് ഹര്‍ജി നല്‍കിയത്.24 മണിക്കൂറും യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗവ. പ്ലീഡര്‍ കഴിഞ്ഞ ദിവസം ഹര്‍ജിയുടെ സിറ്റിങില്‍ ഉപലോകായുക്തയെ അറിയിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ ഇത് കള്ളമാണെന്നറിയിച്ച് സത്യവാങ്മൂലം എഴുതി നല്‍കുകയായിരുന്നു. യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നുളളത് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞുളള അറിവ് മാത്രമാണെന്ന് ഇതോടെ ഗവ.പ്ലീഡര്‍ വിശദീകരിച്ചു.തുടര്‍ന്നാണ് ഡയറക്ടര്‍ നേരിട്ട് ആശുപത്രിയിലെത്തി ഐസി യൂനിറ്റ് സന്ദര്‍ശിച്ച് ഹര്‍ജിയുടെ അടുത്ത സിറ്റിങായ ഈ മാസം ഒമ്പതിന് കോടതിയില്‍ റിപോര്‍ട്ട് സമര്‍പിക്കണമെന്ന്  ഉപലോകായുക്ത ജസ്റ്റീസ് കെ പി ബാലചന്ദ്രന്‍ ഉത്തരവിട്ടത്. മുഴുവന്‍ സമയ സേവനം യൂനിറ്റിലുണ്ടാകണമെങ്കില്‍ കാര്‍ഡിയോളജി ഉള്‍പ്പടെ എട്ട് ഡോക്ടര്‍മാരും 20ഓളം ജീവനക്കാരെയും അധികമായി നിയമിക്കണം. ഇതൊന്നും നടത്താതെയാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വകുപ്പ് ശ്രമിച്ചതെന്ന് എച്ച് അബ്ദുല്‍ അസീസ് പറയുന്നു. കഴിഞ്ഞ മാസം അഞ്ച് മുതല്‍ 25 വരെ ആശുപത്രിയില്‍ നേരിട്ടെത്തിയ അസീസിന് യൂനിറ്റ് പൂട്ടിയിട്ടിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. അതേ സമയം സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഐസി യൂനിറ്റ് നിര്‍ബന്ധമല്ലെന്നാണ് വകുപ്പിന്റെ നിലപാട്.  യൂനിറ്റ് അനുവദിച്ചപ്പോള്‍ നിയമനങ്ങള്‍ സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമാക്കാതിരുന്നതാണ് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ തടസ്സമായത്. കിടത്തി ചികില്‍സയും 24 മണിക്കൂര്‍ അത്യാഹിത വിഭാഗവുമില്ലാത്ത എരുമേലിയില്‍ ഐസി യൂനിറ്റ് മുഴുവന്‍ സമയമാക്കുന്നതിന് അടിസ്ഥാന സേവനങ്ങള്‍ കൂടി സജ്ജമാക്കേണ്ടതുണ്ടെന്ന് വകുപ്പ് പറയുന്നു. കിടത്തി ചികില്‍സയും മുഴുവന്‍ സമയ അത്യാഹിത സേവന വിഭാഗവും ഉണ്ടായാലാണ് ഐസി യൂനിറ്റ് പ്രയോജനപ്പെടുത്താനാവുക. നിലവില്‍ ആശുപത്രിയില്‍ പകല്‍ ഒപി പരിശോധന മാത്രമാണുള്ളത്. രാത്രിയില്‍ സേവനമില്ല. കിടത്തി ചികില്‍സക്ക് ഉദ്ഘാടനം നടത്തിയതുള്‍പ്പടെ പുതിയ രണ്ട് ബഹുനില കെട്ടിടങ്ങളുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. അതേ സമയം കൂടുതല്‍ ഡോക്ടര്‍മാരും ജീവനക്കാരുമുളള ശബരിമല സീസണില്‍ ഐ സി യൂനിറ്റ് പ്രവര്‍ത്തനം അധിക ബാധ്യതയാവുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.ഹൃദയാഘാത മരണങ്ങള്‍ തീര്‍ത്ഥാടന കാലത്ത് കുറഞ്ഞത് യൂനിറ്റിന്റെയും കാനനപാതയിലെ ഓക്‌സിജന്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തനം മൂലമായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരില്‍ നിന്ന് ചോദിച്ചറിഞ്ഞ് വിലയിരുത്തിയ ശേഷമാണ് ഡയറക്ടര്‍ മടങ്ങിയത്. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.രാജന്‍,  കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സീന ഇസ്മായില്‍, ഡോ.പി വിനോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഐ ജോസഫ്, ഹെഡ് നഴ്‌സ് ദീപ, ക്ലാര്‍ക്ക് ബിന്ദുലാല്‍ എന്നിവര്‍ ഡയറക്ടറോട് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss