|    Jan 19 Thu, 2017 8:39 pm
FLASH NEWS

ആരോഗ്യവകുപ്പിന് അനക്കമില്ല; നാഥനില്ലാതെ വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രം

Published : 10th July 2016 | Posted By: SMR

മാനന്തവാടി: മഴക്കാലരോഗങ്ങള്‍ക്കിടയില്‍ നാഥനില്ലാതെ വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രം. ഐപിയും ഒപിയും പ്രവര്‍ത്തിപ്പിക്കാനായി നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍ക്കാവട്ടെ, എടവക, കുറുക്കന്‍മൂല എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കൂടി ചുമതല വഹിക്കേണ്ടതിനാല്‍ മുഴവന്‍ സമയവും ഇവിടെയെത്താനോ രോഗികളെ പരിശോധിക്കാനോ കഴിയില്ല.
25 കിടക്കകളുള്ള ഐപിയുടെയും നിത്യേന 500ഓളം രോഗികളെത്തുന്ന ഒപിയുടെയും പ്രവര്‍ത്തനം ഇതോടെ താളംതെറ്റയിരിക്കുകയാണ്. നേരത്തെ ആശുപത്രിയിലുണ്ടായിരുന്ന എന്‍ആര്‍എച്ച്എം ഡോക്ടര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഡ്യൂട്ടിയിലില്ല.
ഇതേത്തുടര്‍ന്നാണ് രോഗികള്‍ വലഞ്ഞത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വാട്‌സ്ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ ഡ്യൂട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ പോലിസ് കേസെടുത്തിരുന്നു. നാട്ടുകാര്‍ സംയുക്തമായി ഡിഎംഒക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്നു മാറിനില്‍ക്കാന്‍ ഡിഎംഒ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, പകരം സംവിധാനമേര്‍പ്പെടുത്താത്തതും സ്ഥിരം മെഡിക്കല്‍ ഓഫിസറുടേതുള്‍പ്പെടെ തസ്തികകള്‍ നികത്താത്തതുമാണ് രോഗികളെ വലയ്ക്കുന്നത്.
പടിഞ്ഞാറത്തറ, വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ നിന്നുള്ള ആദിവാസികളുള്‍പ്പെടെയുള്ള രോഗികളാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്താറുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക