|    Dec 18 Mon, 2017 4:25 pm
Home   >  Editpage  >  Second edit  >  

ആരോഗ്യരഹസ്യം

Published : 30th July 2016 | Posted By: SMR

നാല്‍പ്പത്തഞ്ച് വയസ്സു കടന്ന കൂട്ടരില്‍ മിക്കവരും ഓഫിസില്‍ എട്ടും പത്തും മണിക്കൂര്‍ ചടഞ്ഞിരുന്ന് പണിയെടുക്കുന്നവരാണ്. വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ മനോരാജ്യം വിചാരിക്കും. പക്ഷേ, ചായ കുടിക്കാന്‍ പോവുമ്പോഴും കാറില്‍ തന്നെ പോവാനാണു താല്‍പര്യം കാണിക്കുക.
അത് ആപത്താണെന്ന് ആരോഗ്യവിദഗ്ധന്മാര്‍ പണ്ടേ പറയുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓഫിസില്‍ ഇരുന്ന് പണിയെടുക്കുന്നവര്‍ ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ്. അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള മാരകരോഗങ്ങള്‍ക്കു വാതില്‍ തുറന്നിടുകയായിരിക്കും ശരീരം.
എന്നാല്‍, ലോകാരോഗ്യസംഘടനയുടെ വിധിപ്രകാരമുള്ള വ്യായാമം മതിയാവില്ല ആരോഗ്യസംരക്ഷണത്തിന് എന്നാണ് യൂറോപ്പിലെ വിവിധ സര്‍വകലാശാലകളിലെ പണ്ഡിതന്മാര്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. ലാന്‍സറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഒരുമണിക്കൂറെങ്കിലും ദൈനംദിനം വ്യായാമം അനിവാര്യമാണെന്നാണ്. ദീര്‍ഘസമയം ഓഫിസില്‍ ഇരുന്ന് പണിയെടുക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ശരീരത്തെ സന്നദ്ധമാക്കാന്‍ അത്രയെങ്കിലും വ്യായാമം വേണം.
എന്നാല്‍, ഓട്ടമോ ചാട്ടമോ ജിമ്മില്‍ പോയി ഭാരോദ്വഹനമോ ഒന്നും ആവശ്യമില്ല. നന്നായി നടന്നാല്‍ മതി. അല്ലെങ്കില്‍ സൈക്കിള്‍ ചവിട്ടാം. മണിക്കൂറില്‍ 5-6 കിലോമീറ്റര്‍ വേഗത്തില്‍ നടന്നാല്‍ ധാരാളം. സൈക്കിളാണെങ്കില്‍ 16 കിലോമീറ്റര്‍. ഇത് ഒറ്റയടിക്ക് ചെയ്യണമെന്നുമില്ല. രാവിലെയും ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനിടയിലും വൈകീട്ട് ഓഫിസ് വിട്ടുപോവുന്ന നേരത്തും നടന്നാല്‍ മതി. പക്ഷേ, അത് അല്‍പം ധൃതിയിലായാല്‍ ധാരാളം എന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss