|    Jun 21 Thu, 2018 12:33 am
FLASH NEWS
Home   >  Life  >  Family  >  

ആരോഗ്യരക്ഷയ്ക്ക് അവക്കാഡോ, വിലക്കുറവ് പ്രയോജനപ്പെടുത്തുക

Published : 28th June 2016 | Posted By: G.A.G

avocado-on-a-wooden-table

റമദാനില്‍ പഴങ്ങള്‍ക്ക് തീവിലയാണെന്ന പരാതികള്‍ക്കിടയില്‍ കാണാതെ പോവുന്ന ഒരു പഴമുണ്ട്. അവക്കാഡോ. സമൃദ്ധമായി വിളവ് ലഭിച്ചിട്ടും തക്കതായ വില കിട്ടുന്ന പരാതിയിലാണ് വയനാട്ടിലും മറ്റുമുള്ള അവക്കാഡോ കര്‍ഷകര്‍ എന്ന് വാര്‍ത്തവന്നിരിക്കുകയാണ്. അവക്കാഡോയെക്കുറിച്ച് ശരിയ്ക്ക് അറിയാത്തതുകൊണ്ടാവാം ഒരു പക്ഷേ ഈ പഴത്തിന് നമ്മുടെ നാട്ടില്‍ അത്ര ഡിമാന്‍ഡില്ലാതായത്.
അവക്കാഡോ എന്ന പേര് കേട്ട് അമ്പരക്കുന്നവരുമുണ്ടാകാം. സംഗതി നമ്മുടെ നാട്ടില്‍ ചിലയിടത്ത് അറിയപ്പെടുന്നത് ബട്ടര്‍ഫ്രൂട്ട്, വെണ്ണപ്പഴം എന്നൊക്കെയുള്ള പേരുകളിലാണ്. മധുരം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കു പോലും കഴിക്കാവുന്ന പഴമാണിത്. ബി വിറ്റാമിനുകളും വിറ്റാമിന്‍ കെ, സി, ഇ, പൊടാസ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു ഈ പഴത്തില്‍. പലതരത്തിലുള്ള കൊഴുപ്പുകള്‍ ഇതിലടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് ഗുണകരമായ മോണോ അണ്‍സാചുറേറ്റഡ് വിഭാഗത്തില്‍പ്പെട്ട കൊഴുപ്പുകളാണ് ഇതിലേറെയും. ശരീരത്തിലെ ഹാനികരമായ കൊളസ്‌ട്രോള്‍ നില കുറയ്ക്കുവാന്‍ ഇതിന്റെ ഉപയോഗം സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വാഴപ്പഴത്തിലടങ്ങിയതിനേക്കാള്‍ പൊട്ടാസ്യം ഇതിലുണ്ട്്. ആരോഗ്യദായകമായ ഭക്ഷണത്തില്‍ അവശ്യം avocadocoverഅടങ്ങിയിരിക്കേണ്ട നാരുകളും ഇതില്‍ ധാരാളമുണ്ട്. അവക്കാഡോയിലെ കൊഴുപ്പുകള്‍ മറ്റ്് സസ്യഭക്ഷണങ്ങളിലെ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തിന് ഉപകരിക്കുന്ന ശക്തമായ ആന്റി

ഓക്‌സിഡന്റുകളും ഇതിലുണ്ട്. കാന്‍സര്‍ തടയുന്നതിനും കാന്‍സര്‍ ചികില്‍സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും ഈ പഴത്തിന്റെ ഉപയോഗം മൂലം സാധിക്കുമെന്ന്്് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പൊണ്ണത്തടി കുറയ്ക്കുവാനും ആര്‍ത്രൈറ്റിസ് രോഗം മൂലമുള്ള വിഷമങ്ങള്‍ കുറയ്ക്കുവാനും വെണ്ണപ്പഴത്തിന് സാധിക്കുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്തിനേറെപ്പറയുന്നു, ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ പത്തു പഴങ്ങളെടുത്താല്‍ അതില്‍ വെണ്ണപ്പഴം ഉണ്ടാകും. ഇതിന്റെ ഗുണഗണങ്ങള്‍ അറിയാവുന്ന വിദേശികള്‍ സലാഡായും ബര്‍ഗറായും അല്ലാതെയുമൊക്കെ കഴിയുന്നത്ര അവക്കാഡോ അകത്താക്കാന്‍ ശ്രമിക്കുന്നു.
കേരളത്തിലെ ജ്യൂസ് കടകളില്‍ ഇത് മില്‍ക് ഷേക്കായി ലഭിക്കുന്നു. അവക്കാഡോയുടെ ഗുണങ്ങള്‍ വായിച്ച് ബട്ടര്‍ ഷേക്ക് സ്ഥിരമായി കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലം. വിദേശികള്‍ കഴിക്കുന്നതു പോലെ പൂളിത്തിന്നും സലാഡിലുള്‍പ്പെടുത്തിയുമൊക്കെ ഇത് അകത്താക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
കേരളത്തില്‍ മഴക്കാലത്താണ് ഈ പഴം ധാരാളമായി വിപണിയിലെത്തുക. അതിനാല്‍ത്തന്നെ ഡിമാന്റും കുറവാണ്. എന്നാല്‍ മഴയും വെയിലുമൊന്നും നോക്കാതെ വിലകുറഞ്ഞ സമയത്ത് ധാരാളമായി വാങ്ങിക്കഴിക്കാന്‍ പറ്റിയ സമയമാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss