|    Oct 21 Sun, 2018 9:42 pm
FLASH NEWS

ആരോഗ്യരംഗത്ത് ജനകീയ ബദല്‍ ഉണ്ടാക്കും: മുഖ്യമന്ത്രി

Published : 11th September 2017 | Posted By: fsq

 

ധര്‍മടം: ആരോഗ്യ രംഗത്ത് ജനകീയ ബദല്‍ ഉണ്ടാക്കി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി എ കെ ജി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ധര്‍മടം മണ്ഡലം മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് എല്ലാം സ്വകാര്യവല്‍ക്കരിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. എന്നാല്‍ എല്ലാം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. കേരളത്തില്‍ പൊതുജനാരോഗ്യ രംഗത്ത് മികച്ച ചികിത്സാ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ആദ്യ ഘട്ടമായി 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. കുടുംബങ്ങളിലേക്ക് ചികില്‍സാ സൗകര്യമെത്തിക്കുകയെന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇതിന് കൂടുതല്‍ ഡോക്ടര്‍മാര്‍ ആവശ്യമായി വരും. ഇതോടൊപ്പം താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വരെയുള്ളവയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. കേരളത്തില്‍ രോഗം പടരുന്നതിന് സഹായകമായ സാഹചര്യം നമ്മള്‍ ഉണ്ടാക്കുകയാണ്. പലയിടങ്ങളിലും മാലിന്യം പടര്‍ന്നുകിടക്കുന്ന സ്ഥിതിയാണ്. ഇത് രോഗങ്ങള്‍ പടരുന്നതിന് ഇടയാക്കുന്നു. പരിസരം ശുചിയാക്കിവയ്ക്കുകയാണ് പകര്‍ച്ചവ്യാധികള്‍ വരാവതിരിക്കുന്നതിന് ആവശ്യം. ഏറെ വിദ്യാ സമ്പന്നരായവരും രോഗം വരാതിരിക്കുന്നതിനാവശ്യമായ കരുതല്‍ എടുക്കുന്നതില്‍ പിന്നിലാണെന്നതാണ് യാഥാര്‍ഥ്യം. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. പ്ലാറ്റ്‌ഫോം ടാറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് വൈസ് പ്രസിഡന്റ് ഗിരീഷ് കൃഷ്ണമൂര്‍ത്തി ആശംസ നേര്‍ന്നു. പി കെ ശ്രീമതി, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം സി മോഹനന്‍, കെ കെ രാജീവന്‍, ഡിഎംഒ ഡോ. നാരായണ നായ്ക്ക്, പി ബാലന്‍, ടിസിഎസ് കേരള ഹെല്‍ത്ത് ഹെഡ് പത്മനാഭന്‍ പ്രേം കിഷോര്‍,പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്-മുംബൈ, ടാറ്റട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്ക ല്‍ ക്യാംപ് സംഘടിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss