|    Jul 17 Tue, 2018 11:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആരോഗ്യരംഗത്തെ ജിഎസ്ടി സാധാരണക്കാരന് തിരിച്ചടി

Published : 23rd September 2017 | Posted By: fsq

 

നിഖില്‍  ബാലകൃഷ്ണന്‍

കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ജിഎസ്ടിയിലൂടെയെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് നിലവില്‍ കാര്യങ്ങളുടെ പോക്ക്. മരുന്നുകള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, ടെക്‌സ്റ്റൈല്‍സ് തുടങ്ങി അവശ്യസാധനങ്ങളുടെ വിലയെല്ലാം ജിഎസ്ടിക്കു ശേഷം ഉയര്‍ന്ന നിലയിലാണ്. ജിഎസ്ടിയുടെ കടന്നുവരവ് ആരോഗ്യമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല. മെഡിക്കല്‍ ഷോപ്പുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജിഎസ്ടി വിലക്കയറ്റം മാത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാതരം ആശുപത്രികളിലും ജിഎസ്ടി ഈടാക്കിത്തുടങ്ങിയിരിക്കുന്നു. എറണാകുളം ജില്ലയില്‍ ചില സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ബില്ലിങ് സംവിധാനം പൂര്‍ണമായും ജിഎസ്ടിയിലേക്കു പറിച്ചുനട്ടു. ചികില്‍സാ ചെലവിനു പുറമേ അതിന്റെ 12 ശതമാനം ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. നിര്‍ധന രോഗികള്‍ക്കാണ് ഇത് വലിയ തിരിച്ചടിയായിരിക്കുന്നത്. സാധാരണ ലഭിക്കുന്ന ബില്ലുകള്‍ പോലും അടയ്ക്കാനാവാതെ നിസ്സഹായരാവുന്ന രോഗികള്‍ അധികമായി 12 ശതമാനം പണം കൂടി കെട്ടേണ്ടതായി വരുന്നു. കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് നേരിയതോതില്‍ ആശ്വാസമായിട്ടുണ്ട്. എങ്കിലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും എച്ച്‌ഐവി പോ ലുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെയും വില ക്രമാതീതമായി ഉയരുന്നത് ഈ വേളയില്‍ കാണാതിരിക്കാനാവില്ല. കാരണം, ഈ മരുന്നുകള്‍ ഉപയോഗിക്കുന്ന ആശുപത്രികള്‍ അതിന്റെ ഭാരം രോഗികളിലാണ് കെട്ടിവയ്ക്കുന്നത്. അതിനൊപ്പം ജിഎസ്ടി കൂടി ചേരുന്നതോടെ ദുരിതം ഇരട്ടിയാവുന്നു. സമൂഹത്തിലെ ഏറിയപങ്കും നിത്യേന ഉപയോഗിക്കുന്ന പല മരുന്നുകളുടെയും വില ജിഎസ്ടിയുടെ മറവില്‍ കൂടിയെന്ന് ഫാര്‍മസിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഉപയോഗിക്കുന്ന 90 ശതമാനം മരുന്നുകളുടെയും വില കൂടിയിട്ടുണ്ട്. മൂന്നു ശതമാനം മുതല്‍ 12 ശതമാനം വരെ നികുതിയാണ് മരുന്നുകള്‍ക്കു ചുമത്തിയിരിക്കുന്നത്. വിലയ്‌ക്കൊപ്പം ജിഎസ്ടി കൂടി ചേര്‍ത്ത് മരുന്നു നല്‍കുമ്പോള്‍ വിലയില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന പ്രോട്ടീന്‍ പൗഡര്‍ മരുന്നിന്റെ ഗണത്തില്‍ നിന്ന് മാറ്റിനിര്‍ത്തി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി 20 രൂപയിലധികമാണ് കൂട്ടിയിരിക്കുന്നത്. ഇതുപോലെ നിരവധി ചൂഷണങ്ങളാണ് ആരോഗ്യമേഖലയില്‍ ജിഎസ്ടി മറയാക്കി നടക്കുന്നത്. നാളെ: ഹോട്ടലുകളില്‍ ജിഎസ്ടി സ്‌പെഷ്യല്‍ കൊള്ളവില

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss