|    Jun 25 Mon, 2018 12:29 am
FLASH NEWS

ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റം കൊണ്ടുവരും: മന്ത്രി കെ കെ ശൈലജ

Published : 20th January 2017 | Posted By: fsq

 

കാസര്‍കോട്: ആരോഗ്യമേഖലയെ സമൂലമായി പരിഷ്‌കരിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ടചികില്‍സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയ്യാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐപി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ക്കിടയില്‍ ചികില്‍സയ്ക്കായി  വന്‍തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥ നിലവിലുണ്ട്. മെച്ചപ്പെട്ട ചികില്‍സ ലഭിക്കാന്‍ ആരോഗ്യമേഖലയിലെ  ആശാവര്‍ക്കര്‍മാര്‍ മുതല്‍ മുകളിലോട്ടുളള എല്ലാ മേഖലയിലും സമഗ്രമായ മാറ്റം കൊണ്ടു വരും. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സജീവമാക്കും.   രണ്ട് ഡോക്ടര്‍മാരും ഒബ്‌സര്‍വ്വേഷന്‍ ഹോമും അടക്കമുളള എല്ലാവിധ സംവിധാനങ്ങളുമുളള ഫാമിലി ഹെല്‍ത്ത് സെന്ററായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാറ്റും. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇത് ആദ്യപടിയായി നടപ്പിലാക്കും. .  ഇവിടെ നി യമിക്കേണ്ട ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. എല്ലാ ജനറല്‍ ആശുപത്രികളും ജില്ലാ ആശുപത്രികളും  ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. കൂടാതെ നാട്ടുകാരെ ഉള്‍പ്പെടുത്തി സുതാര്യമായ ഒരു സമിതി രൂപീകരിക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെയും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. കാഞ്ഞങ്ങാട് മാതൃ-ശിശു ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനുളള പരിശ്രമം  സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss